തന്‍റെ കരിയര്‍ നശിപ്പിക്കാനുള്ള ശ്രമമാണിതെന്നും ഉണ്ണി മുകുന്ദന്‍. 

കൊച്ചി: വിപിന്‍ കുമാറിന്‍റെ പരാതിയില്‍ പൊലീസ് കേസ് എടുത്തതിന് പിന്നാലെ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദൻ. വിപിൻ കുമാറിനെ തന്റെ പേഴ്സൺ മാനേജരായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഒരിക്കലും ശാരീരകമായ ആക്രമണം നടന്നിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിൻ കുമാർ ഉയർത്തിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. തന്‍റെ കരിയര്‍ നശിപ്പിക്കാൻ ചിലര്‍ ശ്രമിക്കുന്നുവെന്നും നടന്‍ ആരോപിച്ചു. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു ഉണ്ണി മുകുന്ദന്‍റെ പ്രതികരണം.

'2018ൽ എൻ്റെ സ്വന്തം പ്രൊഡക്ഷനിൽ ആദ്യ സിനിമ നിർമ്മിക്കാനൊരുങ്ങുമ്പോഴാണ് വിപിൻ കുമാർ എന്നെ ബന്ധപ്പെടുന്നത്. സിനിമയിലെ പ്രശസ്തരായ പലരുടെയും പിആർഒ ആയിരുന്നു താനെന്ന് അയാൾ സ്വയം പരിചയപ്പെടുത്തി. എൻ്റെ പേഴ്‌സണൽ മാനേജരായി വിപിനെ ഞാൻ ഒരിക്കലും നിയമിച്ചിട്ടില്ല. പിന്നീട് എൻ്റെ ജോലിയെ സാരമായി ബാധിച്ച നിരവധി പ്രശ്‌നങ്ങൾ ഈ വ്യക്തി കാരണം സംഭവിക്കുന്നതായി എൻ്റെ ശ്രദ്ധയിൽപ്പെട്ടു. വിപിനുമായി ബന്ധപ്പെട്ട് പ്രമുഖരായ നിർമാതാക്കളിൽ നിന്നും പരാതികള്‍ ലഭിക്കാനും തുടങ്ങി. ഒരു സഹപ്രവർത്തകൻ എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും അങ്ങേയറ്റം ക്ഷമിക്കാനാകത്തൊരു കാര്യം വിപിൻ ചെയ്തു. ഒരുതരത്തിലുമുള്ള ശാരീര ആക്രമണങ്ങളും ഈ വ്യക്തിക്കെതിരെ നടന്നിട്ടില്ല. ആരോപണങ്ങളെല്ലാം അസത്യമാണ്' എന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. തനിക്കെതിരെ തികച്ചും തെറ്റായതും വ്യാജവും ഭയപ്പെടുത്തുന്നതുമായ ആരോപണങ്ങളാണ് വിപിന്‍ പ്രചരിപ്പിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു. 

'വിപിൻ ഒരു നടിയുമായി സംസാരിക്കുകയും അവരോട് എന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് ഞാനും വിപിനും തമ്മിലുള്ള വലിയ തർക്കത്തിന് കാരണമായി. പിന്നാലെ അപകീർത്തിപ്പെടുത്തുമെന്നും സമൂഹത്തിലെ എന്‍റെ പ്രതിച്ഛായ നശിപ്പിക്കുമെന്നും പറഞ്ഞ് വിപിൻ കുമാർ ഭീഷണിപ്പെടുത്തി'യെന്നും ഉണ്ണി മുകുന്ദൻ ആരോപിക്കുന്നു. ഈ വ്യക്തി പറയുന്ന ഓരോ വാക്കുകളും ശുദ്ധ നുണയാണ്. എല്ലാ ആരോപണങ്ങളും ഞാൻ നിഷേധിക്കുകയാണ്. ചില അനാവശ്യ നേട്ടങ്ങൾക്കും ആനുകൂല്യങ്ങൾക്കും വേണ്ടി ഇയാളെന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുകയാണ്. എന്റെ വളർച്ചയിൽ സന്തുഷ്ടരല്ലാത്ത ചിലർ കരിയർ നശിപ്പിക്കാനായി ഈ വ്യക്തിയെ സഹായിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയുമാണ് ഞാൻ ഈ കരിയർ കെട്ടിപ്പടുത്തതെന്നും സത്യത്തിൽ വിശ്വസിക്കുന്നുണ്ടെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..