മലയാളത്തിലെ മൂന്നാമത്തെ 200 കോടി പടം കൂടിയാണ് ലോക.

ലയാളികൾക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരമായ ദുൽഖർ സൽമാനും സംവിധായകനായ ഡൊമനിക് അരുണും. ലോക ചാപ്റ്റർ 1 ചന്ദ്രയിലൂടെ മലയാള സിനിമയെ വീണ്ടും മറ്റ് ഇന്റസ്ട്രികൾക്ക് മുന്നിൽ തലയെടുപ്പോടെ നിർത്തിയിരിക്കുകയാണ് ഇവർ. റിലീസ് ചെയ്ത അന്നുമുതൽ പോസിറ്റീവ് റിവ്യൂവിനൊപ്പം മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടിയ ചിത്രം ഇപ്പോഴിതാ 200 കോടി ക്ലബ്ബിലും ഇടം പിടിച്ചിരിക്കുകയാണ്. മലയാളത്തിലെ മൂന്നാമത്തെ 200 കോടി പടം കൂടിയാണ് ലോക എന്നത് ഏറെ ശ്രദ്ധേയമാണ്.

മുൻവിധികളെ മാറ്റിമറിച്ചുള്ള പ്രകടനവുമായി കല്യാണി പ്രിയദർശൻ ​ഗംഭീരമാക്കിയ സിനിമ കൂടിയാണ് ലോക. ഇപ്പോഴിതാ ലോക 200 കോടി ക്ലബ്ബിലെത്തിയ സന്തോഷത്തിൽ പ്രേക്ഷകരോട് നന്ദി പറയുകയാണ് കല്യാണി പ്രിയദർശൻ. ഈ സന്തോഷം വാക്കുകൾക്ക് അതീതമാണെന്നും ലോകയ്ക്ക് നൽകുന്ന സ്നേഹത്തിന് പ്രേക്ഷകോട് നന്ദി അറിയിക്കുന്നുവെന്നും കല്യാണി പറഞ്ഞു.

"പ്രേക്ഷകരായ നിങ്ങളാൽ മാത്രം സാധ്യമായ ഒരു സംഖ്യയിലേക്ക് കഴിഞ്ഞ ദിവസം ഞങ്ങളുടെ സിനിമ എത്തി. വാക്കുകൾക്കും അതീതയാണ് ഞാൻ, ഈ സിനിമയിൽ നിങ്ങൾ ചൊരിയുന്ന സ്നേഹത്തിന് ഞാൻ നന്ദിയുള്ളവളാണ്. ഞങ്ങളുടെ ഇൻഡസ്‌ട്രിയിൽ ഉള്ളടക്കം എന്നത് എല്ലായ്‌പ്പോഴും രാജാവാണ്. നിങ്ങളാണ് ഏറ്റവും വലിയ താരം. അക്കാര്യം നിങ്ങൾ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. ഞങ്ങളുടെ ഡോം(ഡൊമനിക് അരുൺ) ഇല്ലായിരുന്നുവെങ്കിൽ ഇതൊന്നും സാധ്യമാവുമായിരുന്നില്ല. ഈ വിജയം ലോകയിലെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമൊപ്പം പങ്കിടുകയാണ്. പിന്നെ ലോകയെ നമ്മുടെ സ്വകാര്യ അഭിമാനമായി മാറ്റി, ഇത്രയും വലുതാക്കിയ ഞങ്ങളുടെ പ്രിയപ്പെട്ട മലയാളി പ്രേക്ഷകർക്ക്, ഒരുപാട് ഒരുപാട് നന്ദി", എന്നായിരുന്നു കല്യാണി പ്രിയദർശന്റെ വാക്കുകൾ.

"വിജയം ഒരിക്കലും നിന്റെ തലയിലേക്കും പരാജയം ഒരിക്കലും നിന്റെ ഹൃദയത്തിലേക്കും പോകരുത് ചക്കരേ. എനിക്ക് നിനക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച ഉപദേശമാണിത്. നിന്നെ ഒരുപാട് സ്നേഹിക്കുന്നു", എന്നാണ് പ്രിയദർശൻ കല്യാണിയോട് പറഞ്ഞിരിക്കുന്നത്.

View post on Instagram

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്