ആ സീരിയലിനായി നാല് വർഷത്തോളം ദുബായിൽ നിന്ന് സ്വന്തം ചെലവിൽ വിമാന ടിക്കറ്റെടുത്ത് യാത്ര ചെയ്തിരുന്നതായി ആശ ശരത്ത് പറയുന്നു. Asha Sharath talks about Kumkumapoovu serial 

സിനിമയിൽ സജീവമാകും മുൻപ് കുങ്കുമപ്പൂവ് എന്ന സീരിയലിലെ പ്രൊഫസർ ജയന്തി എന്ന കഥാപാത്രമായി മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ആശ ശരത്ത്. ഇപ്പോഴിതാ കുങ്കുമപ്പൂവ് എന്ന സീരിയലിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ആശ ശരത്ത്. തനിക്ക് കിട്ടിയ പ്രതിഫലത്തെ കുറിച്ചും ആശ ശരത് സംസാരിക്കുന്നുണ്ട്.

അക്കാലത്ത് ദുബായിൽ ആയിരുന്നത് കൊണ്ട് തന്നെ പോയി വരാനുള്ള ടിക്കറ്റ് ചാർജ് എല്ലാം താൻ തന്നെയാണ് എടുത്തിരുന്നതെന്നും അത്രത്തോളം ആ സീരിയലിനോട് തനിക്ക് കമ്മിറ്റ്മെന്റ് ഉണ്ടായിരുന്നുവെന്നും ആശ ശരത്ത് പറയുന്നു. "കുങ്കുമപ്പൂവിൽ അഭിനയിച്ചിരുന്ന ആ കാലത്ത് എനിക്കു പ്രതിഫലമായി കിട്ടിയിരുന്നത് ഒരു ദിവസത്തിന് 4500 ആയിരുന്നു, അവസാനമായപ്പോഴേക്കും 5500 ദിവസത്തിന് ഒക്കെയായി മാറിയിരുന്നു. അന്ന് എനിക്ക് ദുബായിൽ നിന്നും വന്നുപോവാനുള്ള ഫ്ളൈറ്റ് ടിക്കറ്റ് അവർക്ക് താങ്ങാൻ കഴിയുമായിരുന്നില്ല." ആശ ശരത്ത് പറയുന്നു.

"ദുബായിൽ നിന്നുവന്ന് ചെയ്യുമ്പോൾ ഒരു ലക്ഷത്തോളം ടിക്കറ്റ് വില വരുമായിരുന്നു. ഞാൻ തന്നെയായിരുന്നു നാലു വർഷത്തോളം എന്റെ ടിക്കറ്റ് എടുത്തിരുന്നത്. ആ സീരിയൽ ഞാൻ പണത്തിനു വേണ്ടി ചെയ്തതല്ല. കോസ്റ്റ്യൂം, ജ്വല്ലറി എന്നിവയൊക്കെ നമ്മൾ തന്നെയെടുക്കണമായിരുന്നു. അത്രത്തോളം അതിനോട് കമിറ്റഡായിരുന്നു ഞാൻ. ആ കഥാപാത്രം ഒരിക്കലും പ്രതീക്ഷിക്കാത്ത ഉയരങ്ങളിൽ എന്നെ എത്തിക്കുകയും ചെയ്തു." ആശ ശരത്ത് കൂട്ടിച്ചേർത്തു. ഒർജിനൽസിന് നൽകിയ അഭിമുഖത്തിലായിരുന്നു ആശ ശരത്തിന്റെ പ്രതികരണം.

ആശകൾ ആയിരം

അതേസമയം ആശകൾ ആയിരം ആണ് ആശ ശരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ജയറാമും കാളിദാസ് ജയറാമും ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിന് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ജൂഡ് ആന്റണി ജോസഫ് ഈ ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ കൂടിയാണ്.

കൊച്ചു കൊച്ചു സന്തോഷങ്ങൾ’ക്ക് ശേഷം ജയറാമും കാളിദാസും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണിത്. ആശ ശരത്, ഷറഫുദ്ദീന്‍, ഇഷാനി കൃഷ്ണ, രമേശ് പിഷാരടി, കുഞ്ചൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

YouTube video player