3.44 മണിക്കൂർ ദൈർഘ്യമുള്ള ചിത്രം ഒടിടിയിലെ ക്രിസ്‍മസ് റിലീസ് ആണ്
ഇന്ത്യന്‍ മുഖ്യധാരാ സിനിമയെ ബാഹുബലിക്ക് മുന്‍പും ശേഷവും എന്ന് വിലയിരുത്തുന്നതില്‍ അപാകതയൊന്നുമില്ല. അത്രത്തോളമാണ് ഈ ഫ്രാഞ്ചൈസി ഭാഷാഭേദമന്യെ ചലച്ചിത്ര വ്യവസായങ്ങളിലും പ്രേക്ഷകരിലും ഉണ്ടാക്കിയ സ്വാധീനം. ബാഹുബലി ആദ്യ ഭാഗം 2015 ലും രണ്ടാം ഭാഗം 2017 ലുമാണ് തിയറ്ററുകളില്‍ എത്തിയത്. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ കളക്ഷനും ബാഹുബലി 2 ന്‍റെ പേരിലാണ്. ബാഹുബലി 1 ന് പത്ത് വര്‍ഷങ്ങള്‍ പൂര്‍ത്തിയായ വേളയില്‍ രണ്ട് ഭാഗങ്ങളും ചേര്‍ത്ത് ഒറ്റ ചിത്രമായി തിയറ്ററുകളില്‍ എത്തിയിരുന്നു. ബാഹുബലി ദി എപിക് എന്ന പേരിലെത്തിയ ഈ ചിത്രം തിയറ്ററുകളില്‍ കാണാത്തവര്‍ക്ക് ഇപ്പോള്‍ ഒടിടിയില്‍ കാണാം. നെറ്റ്ഫ്ലിക്സിന്‍റെ ക്രിസ്മസ് റിലീസ് ആയാണ് ചിത്രം ഒടിടിയില്‍ എത്തിയത്.
രണ്ട് ഭാഗങ്ങളും ചേര്‍ത്ത് ഒറ്റ ചിത്രമായി വെറുതെ ഇറക്കുകയായിരുന്നില്ല നിര്‍മ്മാതാക്കള്‍. രാജമൗലിയുടെ തന്നെ നേതൃത്വത്തില്‍ റീ എഡിറ്റ് നടത്തി പല ഭാഗങ്ങളും ഒഴിവാക്കിയും ചില രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തുമാണ് ചിത്രം എത്തിയത്. പുതിയ പതിപ്പിന്‍റെ ദൈര്‍ഘ്യം 3.44 മണിക്കൂര്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ബോക്സ് ഓഫീസില്‍ വിജയമായിരുന്നെങ്കിലും ഇന്‍ഡസ്ട്രി പ്രതീക്ഷിച്ച രീതിയിലുള്ള കളക്ഷനിലേക്ക് ചിത്രം എത്തിയില്ല. ഇന്ത്യന്‍ സിനിമകളിലെ റീ റിലീസില്‍ ആദ്യമായി 100 കോടി ക്ലബ്ബില്‍ എത്തുന്ന ചിത്രം ആയേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു ബാഹുബലി ദി എപിക്. എന്നാല്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 52 കോടിയാണ് ചിത്രം നേടിയത്.
റീ റിലീസിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന പുതിയ സിനിമ വാരണാസിയുടെ ചിത്രീകരണത്തില്‍ നിന്ന് ഇടവേള എടുത്തിരുന്നു രാജമൗലി. അഞ്ചര മണിക്കൂറോളമുള്ള ഫൂട്ടേജിനെ, കഥപറച്ചിലിന്‍റെ ശക്തി ചോരാതെ പകുതിയായി ചുരുക്കുക എന്ന കഠിനമായ മിഷന്‍ ആയിരുന്നു അദ്ദേഹത്തിന് മുന്നില്‍ ഉള്ളത്. ഐമാക്സ്, 4ഡിഎക്സ്, ഡി-ബോക്സ്, ഡോള്‍ബി സിനിമ, എപിക് എന്നിങ്ങനെയുള്ള പ്രീമിയം ഫോര്‍മാറ്റുകളിലൊക്കെ ചിത്രം തിയറ്ററുകളില്‍ എത്തിയിരുന്നു.



