ഒരുമാസം ആയില്ല, വാള്‍ട്ടറും പിള്ളേരും ഇനി ഒടിടിയിൽ, ചത്താ പച്ച സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു.
മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്ല്യുഡബ്ല്യുഇ സ്റ്റൈൽ ആക്ഷൻ കോമഡി എന്ന വിശേഷണവുമായി തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ചത്താ പച്ച. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ മമ്മൂട്ടിയുടെ കാമിയോ റോളും വലിയ പ്രീ റിലീസ് ഹൈപ്പ് നേടിയിരുന്നു. നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്ത ചിത്രം 22 നാണ് തിയറ്ററുകളില്‍ എത്തിയത്.
ചിത്രം ഇപ്പോള്‍ ഒടിടിയിലേക്കും എത്തുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചത്താ പച്ച ഒടിടിയിലെത്തുന്നത്. നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി സ്‍ട്രീമിംഗ് തിയ്യതി പ്രഖ്യാപിച്ചു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഫെബ്രുവരി 19നാണ് സ്‍ട്രീമിംഗ് തുടങ്ങുക.
രണ്ടാഴ്‍ച കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 33.32 കോടി നേടിയതായാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നച്. 2026 ല്‍ മോളിവുഡില്‍ നിന്നുള്ള ആദ്യ ഹിറ്റ് എന്ന വിശേഷണത്തോടെയാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. റീൽ വേൾഡ് എന്റർടെയ്ന്‍മെന്‍റിന്‍റെ ബാനറിൽ റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെ തിയറ്ററുകളിൽ വിതരണം ചെയ്‍തത് ദുൽഖർ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ് ആണ്. റെസ്‍ലിംഗ് റിംഗിലെ ആക്ഷന്‍ രംഗങ്ങള്‍ മോളിവുഡിന് പുതുമയാണ്. ഗംഭീര പ്രകടനമാണ് പ്രധാന കഥാപാത്രങ്ങളില്‍ ഓരോരുത്തരും ചിത്രത്തിൽ കാഴ്‍ചവച്ചിരിക്കുന്നത്. വിശേഷിച്ചും ആക്ഷന്‍ രംഗങ്ങളില്‍. വളരെ സ്റ്റൈലിഷ് ആയാണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്.
സിദ്ദിഖ്, ലക്ഷ്‍മി മേനോൻ, ഖാലിദ് അൽ അമേരി, റാഫി, തെസ്നി ഖാൻ, മുത്തുമണി, കാർമെൻ എസ് മാത്യു, ദർതഗ്നൻ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണൻ നമ്പ്യാർ, മിനോൺ, സരിൻ ശിഹാബ്, വേദിക ശ്രീകുമാർ, ഓർഹാൻ, ആൽവിൻ മുകുന്ദ്, അർച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്ലി ഐസക് എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്സാൻ- ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീതം പകർന്ന ചിത്രം കൂടിയാണിത്.
