പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാലിന്‍റെ ദൃശ്യം 3 ന്‍റെ ആവേശം പകരുന്ന അപ്ഡേറ്റ് എത്തി
മറുഭാഷാ പ്രേക്ഷകര്‍ ഇത്രത്തോളം കാത്തിരുന്ന ഒരു മലയാള ചിത്രം ദൃശ്യം 3 പോലെ മറ്റൊന്ന് ഉണ്ടാവില്ല. ഏപ്രില്‍ 2 ന് എത്തേണ്ടിയിരുന്ന ചിത്രം മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ മെയ് 21 നാണ് തിയറ്ററുകളില്‍ എത്തുക. കൊവിഡ് സമയത്ത് പ്രേക്ഷകരിലേക്ക് എത്തിയ ദൃശ്യം 2 ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് റിലീസ് ചെയ്യപ്പെട്ടിരുന്നത്. അതിനാല്‍ത്തന്നെ ഒരു തിയറ്റര്‍ അനുഭവം പ്രേക്ഷകര്‍ക്ക് നഷ്ടമായിരുന്നു. അന്ന് നഷ്ടപ്പെട്ട അവസരമാണ് മൂന്നാം ഭാഗത്തിലൂടെ പ്രേക്ഷകര്‍ക്ക് ലഭിക്കാനിരിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളുടെ കഥ മലയാളം ഒറിജിനല്‍ ഒടിടിയിലൂടെ കണ്ടും അതത് ഭാഷകളിലെ റീമേക്കുകള്‍ കണ്ടും ദക്ഷിണേന്ത്യയെന്നോ ഉത്തരേന്ത്യയെന്നോ ഭേദമില്ലാതെ സിനിമാപ്രേമികള്‍ക്ക് സുപരിചിതമാണ്. അതിനാല്‍ത്തന്നെ മോഹന്‍ലാല്‍ നായകനാവുന്ന ദൃശ്യം 3 ന് അത്രത്തോളം കാത്തിരുപ്പ് ഇന്ത്യ അങ്ങോളമിങ്ങോളമുള്ള സിനിമാപ്രേമികള്‍ക്കിടയില്‍ ഉണ്ട്. ഇപ്പോഴിതാ റിലീസിന് മുന്‍പുള്ള ഒരു പ്രധാന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ചിത്രത്തിന്‍റെ ടീസര്‍ റിലീസ് സംബന്ധിച്ചാണ് അത്.
ദൃശ്യം 3 ടീസര്‍ 29 ന് റിലീസ് ചെയ്യും. വൈകിട്ട് 5 മണി മുതല്‍ പ്രേക്ഷകര്‍ക്ക് ടീസര്‍ കാണാം. പ്രഖ്യാപനത്തോട് അനുബന്ധിച്ചുള്ള പോസ്റ്ററില്‍ ചിത്രത്തിന്‍റെ ഇതുവരെ പുറത്തുവിടാത്ത ഒരു സ്റ്റില്ലും കാണാം. കൈയില്‍ ഒരു മണ്‍വെട്ടിയും കൊട്ടയുമായി വീടിന്‍റെ പറമ്പില്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ നില്‍ക്കുന്ന, മോഹന്‍ലാലിന്‍റെ ജോര്‍ജുകുട്ടിയാണ് പോസ്റ്ററില്‍. ടീസറിനും ചിത്രത്തിനുമുള്ള ആകാംക്ഷ വര്‍ധിപ്പിക്കുന്നുണ്ട് പോസ്റ്റര്‍. പോസ്റ്ററുകള്‍ അല്ലാതെ എത്തുന്ന ചിത്രത്തിന്‍റെ ആദ്യത്തെ പ്രധാന പബ്ലിസിറ്റി മെറ്റീരിയല്‍ ആവും ടീസര്‍.
ചിത്രത്തിന്‍റെ വന്‍ വിപണിമൂല്യം മുന്നില്‍ കണ്ട് ബോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോകളും ആശിര്‍വാദ് സിനിമാസിനൊപ്പം മലയാളം ദൃശ്യം 3 ന്‍റെ ഭാഗമാവുന്നുണ്ട്. ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ദൃശ്യം 3 മലയാളം ഒറിജിനലിന്‍റെ ആഗോള തിയട്രിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ബോളിവുഡിലെ മറ്റൊരു പ്രമുഖ ബാനര്‍ ആയ പെന്‍ സ്റ്റുഡിയോസ് പനോരമ സ്റ്റുഡിയോസിലൂടെ ആശിര്‍വാദ് സിനിമാസില്‍ 100 കോടി മുതല്‍മുടക്കുന്നുമുണ്ട്. പെന്‍ സ്റ്റുഡിയോസ് ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. അതേസമയം ചിത്രത്തിന്‍റെ ഡിജിറ്റല്‍ റൈറ്റ്സ് സംബന്ധിച്ച് കോടതിയില്‍ ഒരു കേസും എത്തിയിട്ടുണ്ട്. ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്‍റെ ഡിജിറ്റല്‍ റൈറ്റ്സ് തങ്ങള്‍ക്കാണെന്ന് അവകാശവാദമുന്നയിച്ച് ദില്ലി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.



