ദുല്‍ഖര്‍ കമന്റ് ചെയ്യുവോ എന്ന തലക്കെട്ടോടെയാണ് വീഡിയോ കേരള പൊലീസ് ഷെയര്‍ ചെയ്‍തിരിക്കുന്നത്.

കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജില്‍ രസകരമായ ട്രോളുകളും ക്യാപ്ഷനുകളും പങ്കുവയ്‍ക്കാറുണ്ട്. പൊതുജന ബോധവത്‍കരണം ഉദ്ദേശിച്ചുള്ള ട്രോളുകളും വീഡിയോകളുമാണ് കേരള പൊലീസ് പങ്കുവയ്‍ക്കാറുള്ളത്. ഇത്തവണ പങ്കുവെച്ചിരിക്കുന്നത് നടൻ ദുല്‍ഖറിന്റെ വീഡിയോ ആണ്. ദുല്‍ഖര്‍ അതിന് കമന്റുമായി എത്തുകയും ചെയ്‍തു.

ദുല്‍ഖറിന്റെ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ ഒരു രംഗമാണ് കേരള പൊലീസ് ഇത്തവണ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കല്യാണി പ്രിയദര്‍ശനം ആ രംഗത്ത് ഉണ്ട്. ഹെല്‍മറ്റ് ബൈക്കില്‍ തൂക്കിയിട്ട നിലയിലാണ്. ദുല്‍ഖര്‍ കമന്റ് ചെയ്യുവോ എന്ന തലക്കെട്ടോടെയാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ങ്ങളൊക്കെ ന്ത് ചങ്കുകളാ.. പോയി വിളിച്ചോണ്ട് വന്ന് കമന്റ് ചെയ്യിപ്പിക്കെന്ന് എന്ന് ആദ്യ കമന്റായും ഇട്ടു. പിന്നാലെ ദുല്‍ഖറിന്റെ കമന്റും വന്നു. ഹെല്‍മറ്റ് മസ്റ്റ് ആണ് എന്നാണ് ദുല്‍ഖര്‍ കമന്റ് എഴുതിയിരിക്കുന്നത്. എന്തായാലും കേരള പൊലീസ് പങ്കുവെച്ച വീഡിയോയും ദുല്‍ഖറിന്റെ കമന്റും തരംഗമായിക്കഴിഞ്ഞു. ഇത് കേരള പൊലീസിന്റെ വിജയം, പൊലീസ് ഏമാനെ പേടിയുണ്ട് അല്ലേ എന്നൊക്കെയാണ് ദുല്‍ഖറിന്റെ കമന്റിന് മറുപടിയായി ആരാധകര്‍ എഴുതിയിരിക്കുന്നത്. ഇനി വരാനിരിക്കുന്നത് 'ആകാശം ലോ ഒക താര'

ദുൽഖറിനെ നായകനാക്കി പവൻ സദിനേനി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമാണ് 'ആകാശം ലോ ഒക താര'. ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ലക്കി ഭാസ്‍കറിന് ശേഷം തെലുങ്കിൽ ദുൽഖർ നായകനായി എത്തുന്ന ചിത്രം കൂടിയാണിത്.

വ്യത്യസ്തമായ കഥപറച്ചിലിനും സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട സംവിധായകനാണ് പവൻ സാദിനേനി. മഹാനടി, സീതാ രാമം, കൽക്കി തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയിൽ ശ്രദ്ധേയനായ ദുൽഖർ, തെലുങ്കിൽ വലിയ ആരാധക വൃന്ദവും ജനപ്രീതിയും ഇതിനോടകം നേടിയെടുത്തിട്ടുണ്ട്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഒടിടി അപ്‌ഡേറ്റ്സ് അടുത്തിടെ പുറത്തുവന്നിരുന്നു.

തിയേറ്റർ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിലൂടെയാണ് ആകാശം ലോ ഒക താര സ്ട്രീമിങ് ആരംഭിക്കുന്നത്. നെറ്റ്ഫ്ലിക്സ് 34 കോടിക്കാണ് ചിത്രം സ്വന്തമാക്കിയത് എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ദുല്‍ഖിറിന്റെ അന്യഭാഷ സിനിമകളിലെ ഏറ്റവും വലിയ ഡീലാണ് ഇത്. മ്യൂസിക് റൈറ്റ്സ് ഏഴ് കോടിക്കാണ് വിറ്റുപോയതെന്നും സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ടട് ചെയ്യുന്നത്. വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കികാണുന്നത്. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ഈ വമ്പൻ ചിത്രം തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവർ ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്.

മലയാളത്തിൽ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 'ഐ ആം ഗെയിം' ആണ് ദുൽഖർ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം. കിങ്ങ് ഓഫ് കൊത്തയ്ക്ക് ശേഷമെത്തുന്ന ദുൽഖറിന്റെ മലയാള ചിത്രം കൂടിയാണിത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. ഈ വര്ഷം ഓണം റിലീസായി പുറത്തിറങ്ങുന്ന ചിത്രത്തിന് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക