Hansika Motwani officially divorced from husband Sohael Khaturiya. നടി ഹൻസിക മോട്‌വാനിയും ഭർത്താവ് സോഹേൽ ഖതൂരിയയും ഔദ്യോഗികമായി വേർപിരിഞ്ഞു. മുംബൈ ബാന്ദ്ര കുടുംബകോടതിയാണ് ഇരുവർക്കും വിവാഹമോചനം അനുവദിച്ചത്. 

നടി ഹൻസിക മോട്‌വാനിയും ഭർത്താവ് സോഹേൽ ഖതൂരിയയും വിവാഹമോചിതരായി. മുംബൈയിലെ ബാന്ദ്ര കുടുംബകോടതിയാണ് ഇരുവർക്കും വിവാഹമോചന അനുവദിച്ചത്. കഴിഞ്ഞ വർഷം മുതൽ താരം വിവാഹമോചിതയാവാൻ പോവുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട എവിടെയും ഹൻസിക പ്രതികരിച്ചിരുന്നില്ല. പരസ്പര സമ്മതപ്രകാരമുള്ള ഹർജിയിലൂടെയാണ് താരം വേർപിരിയലിന് അപേക്ഷ നൽകിയത്, ഒത്തുതീർപ്പിന്റെ ഭാഗമായി സ്ത്രീധനമോ ജീവനാംശമോ തേടേണ്ടതില്ലെന്ന് തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്.

വിവാഹശേഷം കുറച്ച് കാലം മാത്രമേ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നുവുള്ളുവെന്നും, അടിസ്ഥാനപരമായ പല വ്യത്യാസങ്ങളും ബന്ധത്തെ ബാധിച്ചിരുന്നതായും ചെറിയ കാര്യങ്ങൾ പോലും വാദ പ്രതിവാദങ്ങൾക്ക് വഴിയൊരുക്കുന്നുവെന്നും ദമ്പതികൾക്ക് ഒരേ വീട്ടിൽ താമസിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2022 ലായിരുന്നു ഇരുവരുടെയും വിവാഹം. സിനിമയിൽ ബാലതാരമായാണ് ഹൻസിക അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളുടെ ഭാഗമായി. ബി ഉണ്ണികൃഷ്ണൻ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ വില്ലൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലും ഹൻസിക അരങ്ങേറ്റം കുറിച്ചിരുന്നു. 2024 ൽ റിലീസായ ഗാർഡിയൻ എന്ന തമിഴ് ചിത്രമാണ് ഹൻസികയുടെ ഒടുവിലായി എത്തിയ ചിത്രം.