തന്റെ സംഗീതം സിനിമയുടെ കഥയോട് ചേർന്നുനിൽക്കുന്നുണ്ടോ എന്ന് മാത്രമാണ് ശ്രദ്ധിക്കുന്നതെന്ന് സംഗീതസംവിധായകൻ ജേക്സ് ബിജോയ്.
തെന്നിന്ത്യൻ സിനിമയിൽ തരംഗം സൃഷ്ടിക്കുകയാണ് ജേക്സ് ബിജോയ്. ലോകയിലൂടെ പാൻ ഇന്ത്യൻ ലെവലിലാണ് ജേക്സിന്റെ സംഗീതം ചർച്ച ചെയ്യപ്പെട്ടത്. ഇപ്പോഴിതാ സിനിമകൾക്ക് വേണ്ടി സംഗീതമൊരുക്കുന്നതിനെ കുറിച്ച് സംസാഹാരിക്കുകയാണ ജേക്സ് ബിജോയ്. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജേക്സിന്റെ പ്രതികരണം. താൻ ചെയ്യുന്ന പാട്ടുകൾ റീൽസിൽ ട്രെൻഡിങ് ആവുന്നുണ്ടോ ഇല്ലയോ എന്നത് തനിക്ക് പ്രധാനപ്പെട്ട കാര്യമില്ലെന്നാണ് ജേക്സ് ബിജോയ് പറയുന്നത്.
"സിനിമയുടെ കഥയുമായി എന്റെ മ്യൂസിക് കണക്ട് ആകാറുണ്ടോ എന്ന് മാത്രമാണ് ഞാൻ നോക്കാറുള്ളത്. അതാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്. നരിവേട്ടയിൽ ഞാൻ ചെയ്ത മിന്നൽ വള എന്ന ഗാനം വലിയ ഹിറ്റായി. അത് ഞാൻ വളരെ എളുപ്പത്തിൽ ചെയ്ത ഒരു പാട്ടാണ്. ആ പാട്ട് റീൽസിൽ ട്രെൻഡിങ് ആകുന്നുണ്ടോ ഇല്ലയോ എന്നത് എനിക്ക് സെക്കൻഡറി ആയിട്ടുള്ള കാര്യമാണ്. സംവിധായകന്റെ നറേറ്റീവിന് അനുസരിച്ച് കൂടെ പോകാൻ എന്റെ മ്യൂസിക്കിന് കഴിഞ്ഞിട്ടുണ്ടോ എന്നാണ് ഞാൻ നോക്കാറുള്ളത്. അതിനെയാണ് പ്രേക്ഷകരും കൂടുതൽ അഭിനന്ദിക്കുക എന്നാണ് എനിക്ക് തോന്നുന്നത്. എനിക്കെത്ര ഫോളോവേഴ്സുണ്ട്, ആരൊക്കെ എന്റെ പോസ്റ്റിന് ലൈക്ക് ഇടുന്നുണ്ട് എന്നതൊന്നും എന്നെ ബാധിക്കാറില്ല, പാട്ട് റീലുകളിൽ ട്രെൻഡിങ് ആകുന്നുണ്ടെങ്കിൽ അതിന് പിന്നിൽ താൻ പ്രത്യേകിച്ച് ഒരു എഫേർട്ടും എടുക്കാറില്ല. ജേക്സ് ബിജോയ് പറയുന്നു.
അതേസമയം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഐ ആം ഗെയിം ആണ് ജേക്സിന്റെ മലയാളത്തിലെ ഏറ്റവും പ്രധാന ചിത്രം. ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ആണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ഒരുങ്ങുന്നത്. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്. കബാലി, കെജിഎഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാർ എന്നീ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിർവഹിച്ചിട്ടുള്ള അൻപറിവ് മാസ്റ്റേഴ്സ് ആണ് "ഐ ആം ഗെയിം" നു വേണ്ടി സംഘട്ടനം ഒരുക്കുന്നത്. ആർഡിഎക്സ് എന്ന ആക്ഷൻ ഹിറ്റിന് ശേഷം അൻപറിവ് ടീം വീണ്ടും നഹാസിനൊപ്പം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തമിഴിൽ അൻപറിവ് മാസ്റ്റേഴ്സ് സംവിധാനം ചെയ്യുന്ന കമൽ ഹാസൻ ചിത്രത്തിലും ജേക്സ് ആണ് സംഗീതമൊരുക്കുന്നത്.


