ഹർത്താലിനിടെ കാൻസർ രോഗിയെ തടഞ്ഞ സംഭവത്തെ തുടർന്ന് സംവിധായകൻ പ്രവീൺ നാരായണൻ പ്രതിഷേധ രീതികളെ വിമർശിച്ചു. നീതിക്കുവേണ്ടിയുള്ള പോരാട്ടം സാധാരണക്കാരുടെ, പ്രത്യേകിച്ച് രോഗികളുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കരുതെന്ന് പ്രവീണ്‍ പറഞ്ഞു.
നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗണ്‍സിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ പ്രതികരണവുമായി സംവിധായകൻ പ്രവീൺ നാരായണൻ. തിരുവല്ലയിൽ കാൻസർ രോഗിയെ ഹർത്താൽ അനുകൂലികൾ തടഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു പ്രവീണിന്റെ പ്രതികരണം. സിസ്റ്റത്തിനോട് കോപം കാണിക്കാനായി, സ്വന്തം ജീവന് വേണ്ടി പോരാടുന്ന സാധാരണ മനുഷ്യരെ തടയുന്നതാണോ പ്രതിഷേധം എന്ന് പ്രവീൺ ചോദിക്കുന്നു.
നമ്മൾ വിളിച്ചുകൂവുന്നത് നീതിക്കു വേണ്ടി ആണെങ്കിൽ ആ ശബ്ദം കൊണ്ട് മറ്റൊരാളുടെയും നീതി നിഷേധിക്കപ്പെടരുതെന്നും ജീവിതത്തെ തടഞ്ഞു നിർത്തുന്ന ഏതൊരു സമരവും സമരമല്ലെന്നും പ്രവീൺ ഓർമിപ്പിക്കുന്നു. പ്രതിഷേധിക്കണം മനുഷ്യനായിയെന്നും സംവിധായകൻ ഓർമിപ്പിക്കുന്നു.
പ്രവീൺ നാരായണന്റെ വാക്കുകൾ ഇങ്ങനെ
ഇന്നലെ..എന്റെ ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു ശസ്ത്രക്രിയക്ക് വിധേയനായി. ഒരു മനുഷ്യൻ ഏറ്റവും ബലഹീനനായി മാറുന്ന നിമിഷം, എന്റെ ശരീരം മറ്റൊരാളുടെ കൈകളിൽ ഏൽപ്പിച്ചുകൊണ്ട് ഞാൻ ഓപ്പറേഷൻ തീയേറ്ററിനകത്തെ കിടക്കയിൽ “തുടരും ”സിനിമയിലെ ചെമ്പഴുക്കാ സോങ്ങ് കേട്ട് അനസ്തീഷ്യക്കായി സീലിങ്ങിലെ ലൈറ്റു നോക്കി കിടക്കുന്ന സമയം
അതേ സമയം… പുറത്ത്, കേരളം മുഴുവൻ ഹർത്താൽ നടക്കുകയായിരുന്നു. റോഡുകൾ അടച്ചും, വഴികൾ തടഞ്ഞും, ജീവിതം നിശ്ചലമാക്കികൊണ്ടുള്ള ഹർത്താൽ.
അപ്പോഴും ഒരു ചോദ്യം മാത്രം മനസിൽ തട്ടി നിന്നു. ഒരു സമൂഹത്തിന്റെ പ്രതിഷേധം, മറ്റൊരാളുടെ ജീവനെ വരെ തടഞ്ഞു നിർത്താൻ അവകാശമുള്ളതാണോ ? സിനിമയിൽ ആണെങ്കിൽ ഇത്തരമൊരു സീൻ എഴുതിയാൽ, ആ സിറ്റുവേഷനെ അവസാനിപ്പിക്കാൻ എനിക്കൊരു ഹീറോയെ കൊണ്ടുവരാം. പക്ഷേ യഥാർത്ഥ ജീവിതത്തിലോ, അവിടെ വേദന മാത്രമേ ഉണ്ടാകൂ.
ഇന്നലെത്തെ കഥയിൽ ഞാൻ തന്നെയായിരുന്നു ഒരു കഥാപാത്രം. അവശതയുള്ള, ആശുപത്രിയിലേക്ക് സമയത്ത് എത്തേണ്ട ഒരാൾ. നമ്മൾ “പ്രതിഷേധം” എന്ന് വിളിക്കുന്നതിന്റെ യഥാർത്ഥ അർത്ഥം എന്താണ് ? സിസ്റ്റത്തിനോട് കോപം കാണിക്കാനായി, സ്വന്തം ജീവനു വേണ്ടി പോരാടുന്ന സാധാരണ മനുഷ്യരെ തടയുന്നതാണോ?
ഇന്നലെ എന്റെ ശസ്ത്രക്രിയയെ ഭംഗിയായി നടന്നു. പക്ഷേ, എത്ര പേർക്ക് ആ ഭാഗ്യം കിട്ടിയിട്ടുണ്ടാവും ? സമൂഹം മുന്നോട്ടു പോകേണ്ട വഴിയിൽ നമ്മൾ തന്നെ മതിലുകൾ കെട്ടിക്കൊണ്ടിരിക്കുകയാണ്. പ്രതിഷേധം വേണം. അത് ഒരു ജനാധിപത്യാവകാശമാണ്.
പക്ഷേ, മനുഷ്യന്റെ എന്നല്ല ഒരു ഉറുമ്പിന്റെ ആണെങ്കിൽ പോലും ജീവൻ പണയം വയ്ക്കുന്ന പ്രതിഷേധം അത് അവകാശമല്ല, അതിക്രമമാണ്.നമ്മൾ വിളിച്ചുകൂവുന്നത് നീതിക്കു വേണ്ടി ആണെങ്കിൽ , ആ ശബ്ദം കൊണ്ട് മറ്റൊരാളുടെയും നീതി നിഷേധിക്കപ്പെടരുത് , ആരെയും ശ്വാസം മുട്ടിച്ചു കൊല്ലരുത് !!
ജീവിതത്തെ തടഞ്ഞു നിർത്തുന്ന ഏതൊരു സമരവും സമരമല്ല , അതിലൂടെ നേടുന്നത് ഒരു ജയവുമല്ല . പ്രതിഷേധിക്കൂ. പക്ഷേ മനുഷ്യനായി.



