പ്രശസ്ത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ ഒന്നാം ചരമവാർഷികത്തിൽ മമ്മൂട്ടി അദ്ദേഹത്തെ അനുസ്മരിച്ചു.
മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം. ഓർമ്മദിനത്തിൽ എംടിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. 'പ്രിയ ഗുരുനാഥൻ വിടപറഞ്ഞിട്ട് 1 വർഷം. എന്നും ഓർമ്മകളിൽ...' എന്നാണ് മമ്മൂട്ടി ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്.
നോവൽ, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും വിരൽമുദ്ര പതിപ്പിച്ച എംടി, പത്രാധിപർ എന്ന നിലയിലും അതുല്യനാണ്. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി എണ്ണപ്പെടുന്ന നിർമാല്യം ഉൾപ്പെടെ 6 സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
ജ്ഞാനപീഠം ജേതാവായ എംടിയെ 2005 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ജെ.സി. ദാനിയേൽ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വള്ളത്തോൾ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ നേടിയിരുന്നു. മികച്ച തിരക്കഥയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നാല് തവണ നേടിയ അദ്ദേഹം മികച്ച സംവിധായകന് മൂന്ന് വട്ടം സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 11 തവണ മികച്ച തിരക്കഥയ്ക്കും സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്.


