വഴുതക്കാടുള്ള ട്രിവാൻഡ്രം ക്ലബ്ബിന് സമീപത്ത് വെച്ച് മണിയൻപിള്ള രാജുവിന്റെ കാർ ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് പരുക്കേറ്റിരുന്നു. ഫെബ്രുവരി 5ന് രാത്രിയാണ് സംഭവം. മണിയൻപിള്ള വാഹനം നിർത്താതെ പോയത് വലിയ വിവാദമായിരുന്നു.

തിരുവനന്തപുരം: വഴുതക്കാട് വാഹനാപകടക്കേസിൽ നടൻ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്. അപകടസമയത്ത് മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ഒഴിവാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മണിയൻ പിള്ള രാജു പറഞ്ഞു. അപകടം ഉണ്ടായപ്പോൾ വാഹനം നിർത്താതെ പോയത് തെറ്റാണ്, അത് പേടി കൊണ്ടായിരുന്നുവെന്നും നടൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വഴുതക്കാടുള്ള ട്രിവാൻഡ്രം ക്ലബ്ബിന് സമീപത്ത് വെച്ച് മണിയൻപിള്ള രാജുവിന്റെ കാർ ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് പരുക്കേറ്റിരുന്നു. ഫെബ്രുവരി 5ന് രാത്രിയാണ് സംഭവം. മണിയൻപിള്ള വാഹനം നിർത്താതെ പോയത് വലിയ വിവാദമായിരുന്നു. വഴുതക്കാടുള്ള ട്രിവാൻഡ്രം ക്ലബ്ബിൽനിന്ന് മണിയൻപിള്ള രാജുവിന്റെ കാർ റോഡിലേക്കിറങ്ങവേയാണ് ബൈക്കിടിച്ചത്. എന്നാൽ അന്ന് വാഹനം നിർത്താതെ പോയ മണിയൻപിള്ള രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തില്ല. വീട്ടിലെത്തി പൊലീസ് പരിശോധന നടത്തിയെങ്കിലും നടൻ സ്ഥലത്തുണ്ടായാരുന്നില്ല.

സംഭവം വാർത്തയായതോടെ പിറ്റേന്ന് മണിയൻപിള്ള രാജു നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തുകയും പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. താൻ മദ്യപിച്ചിരുന്നില്ലെന്ന് മണിയൻപിള്ള രാജു തുടക്കം മുതൽ അവകാശപ്പെട്ടിരുന്നെങ്കിലും പൊലീസ് രക്തസാംപിൾ പരിശോധനയ്ക്ക് അയച്ചു. രണ്ട് മാസത്തിനുശേഷമാണ് പരിശോധനാഫലം വന്നത്. കാർ അമിതവേഗതയിൽ ആയിരുന്നില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു.

YouTube video player