നവാഗതരുടെ ചിത്രമായ വാഴ 2 ബോക്സ് ഓഫീസിൽ വൻ വിജയം നേടി മുന്നേറുകയാണ്. 

നവാ​ഗതര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച, ഒരു നവാ​ഗത സംവിധായകന്‍ ഒരുക്കിയ ഒരു ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ പണംവാരി പടങ്ങളുടെ നിരയിലേക്ക് എത്തുക. വാഴ 2 ന്‍റെ കാര്യമാണ് പറയുന്നത്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച, ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി ക്ലബ്ബില്‍ കയറിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. കോമഡിയും ഇമോഷനും ഒക്കെ കലര്‍ന്ന ചിത്രത്തിന്‍റെ കഥ പോലെ തന്നെ ചിത്രത്തിലെ പാട്ടുകളും ഹിറ്റ് ആണ്. ഇന്ന് മലയാളികളുടെ റീലുകളിലും മറ്റും ഏറ്റവുമധികം ആവര്‍ത്തിക്കുന്ന പാട്ടുകളില്‍ ചിലതും വാഴ 2 ലേത് തന്നെ. ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പ്രശസ്തമായ ​ഗാനത്തിലെ വരിയെക്കുറിച്ച് ചിലര്‍ക്കുള്ള തെറ്റിദ്ധാരണ മാറ്റുകയാണ് ​ഗാനരചയിതാവും നടനുമായ ശബരീഷ് വര്‍മ്മ.

തൂക്കി ചുവന്ന കരങ്ങളോടെ എന്ന, വാഴ 2 ലെ ഏറ്റവും ശ്രദ്ധേയമായ ​ഗാനത്തിന്‍റെ വരികള്‍ രചിച്ചത് ശബരീഷ് ആയിരുന്നു. എന്നാല്‍ പലരും ആ വരികളെ തെറ്റായാണ് മനസിലാക്കുന്നതെന്നും പാടുന്നതെന്നും ശബരീഷ് പറയുന്നു. ​ഗാനത്തിന്‍റെ വരികള്‍ എന്താണ് അര്‍ഥമാക്കുന്നതെന്ന് മനസിലാകാത്തവര്‍ക്കായി അദ്ദേഹം വിശദീകരിക്കുകയും ചെയ്യുന്നുണ്ട് സോഷ്യല്‍ മീഡിയയിലൂടെയാണ് ശബരീഷ് ഇക്കാര്യം പറയുന്നത്- “വാഴ ഒരു ഭീകര വിജയമായി. വാഴ ടീമിന് അഭിനന്ദനങ്ങള്‍. പാട്ട് എല്ലാവരും ഏറ്റെടുത്തു. ഒരുപാട് സന്തോഷം. മെസേജ് അയച്ചവര്‍ക്കും വിളിച്ചവര്‍ക്കും പാടി കേള്‍പ്പിച്ചവര്‍ക്കും ടാ​ഗ് ചെയ്തവര്‍ക്കും എല്ലാവര്‍ക്കും എന്‍റെ ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി അറിയിച്ചുകൊള്ളുന്നു. മ്യൂസിക് ഡയറക്ടര്‍ ആര്‍ക്കേഡോയ്ക്കും ഒരു വലിയ നന്ദി, ഉ​ഗ്രന്‍ ഒരു കോമ്പോസിഷന്‍ എനിക്ക് തന്നതിന്. പാടിയ മാളവികയ്ക്കും, വരികളുടെ ആത്മാവ് അറിഞ്ഞ് പാടിയതിന്. അങ്കിതിനും നന്ദി, എല്ലാം കോഡിനേറ്റ് ചെയ്ത് പുതിയൊരു പരീക്ഷണം നടത്തിയതിന്. പത്ത് മ്യൂസിക് ഡയറക്ടര്‍മാരെ വച്ച് ചെയ്യുക എന്നത് നിസ്സാര കാര്യമല്ല. കപ്പിത്താന്‍ വിപിന്‍ ദാസിനും സംവിധായകനും അടക്കം മുഴുവന്‍ വാഴ ടീമിനും അഭിനന്ദനങ്ങള്‍”.

“പിന്നെ, എനിക്ക് പറയാനുള്ളത് മലയാളം അറിഞ്ഞുകൂടാത്ത മണ്ടന്മാര്‍ക്കും മണ്ടികള്‍ക്കും വേണ്ടിയാണ്. തൂക്കി ചുവന്ന കരങ്ങളോടെ. Caught red handed. പതിനഞ്ചാം നൂറ്റാണ്ടിലോ പതിനാറാം നൂറ്റാണ്ടിലോ ഉള്ള ഒരു സ്കോട്ടിഷ് പഴഞ്ചൊല്ലാണ് ഇത്. അതായത് ഒരു കൊലപാതകം ചെയ്ത് കയ്യില്‍ ചോരയോടുകൂടി പിടിക്കപ്പെട്ടു എന്നുള്ള അര്‍ഥത്തിലാണ് ഇത് ഉപയോഗിച്ച് തുടങ്ങുന്നത്. ഇന്ന് അത് ഉപയോഗിക്കുന്നത്, എന്തോ ഒരു തെറ്റ് ചെയ്തതിന് പിടിക്കപ്പെട്ടു എന്ന അര്‍ഥത്തിലാണ്. പടം കണ്ടവര്‍ക്ക് ഞാന്‍ പറയുന്നത് എന്താണെന്ന് മനസിലാവും. അപ്പോള്‍ വരികള്‍ ശ്രദ്ധിക്കുക. തൂക്കി എന്നാണ്. തൂകി എന്നല്ല. കുറേപ്പേര്‍ മെസേജ് അയച്ച് ചോദിക്കുന്നുണ്ട് തൂകി എന്നാണോ തൂക്കി എന്നാണോ എന്ന്. കമന്‍റ്സും കാണുന്നുണ്ട്. ഇനി ആരെങ്കിലും സംശയം പ്രകടിപ്പിക്കുകയാണെങ്കില്‍ അവര്‍ക്ക് ഈ റീല്‍ അയച്ചു കൊടുക്കുക. തൂകി, പൂക്കി, ഊക്കി എന്നൊന്നുമല്ല പാട്ടിലെ വാക്ക്. താങ്ക് യൂ. അപ്പോള്‍ അടുത്ത സിനിമയില്‍ കാണാം, അടുത്ത പാട്ടില്‍ കാണാം”, ശബരീഷ് വര്‍മ്മ പറയുന്നു.

Thooki