ഉണ്ണി മുകുന്ദനില്‍ നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി പി ശ്രീകുമാര്‍

നടന്‍ ഉണ്ണി മുകുന്ദന്‍റെ പെരുമാറ്റത്തില്‍ തനിക്കുണ്ടായ പ്രയാസത്തെക്കുറിച്ച് വെളിപ്പെടുത്തി നടനും സംവിധായകനുമായ പി ശ്രീകുമാര്‍. താന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയ കര്‍ണന്‍ എന്ന തിരക്കഥ കേള്‍ക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച ഉണ്ണി മുകുന്ദന്‍ താന്‍ അഭിനയിച്ച ഒരു ചിത്രം വിജയിച്ചതിന് ശേഷം അതിന് തയ്യാറായില്ലെന്ന് അദ്ദേഹം പറയുന്നു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പി ശ്രീകുമാര്‍ ഇക്കാര്യം പറയുന്നത്. തിരക്കഥ കൊടുത്തയയ്ക്കണമെന്ന് ഉണ്ണി മുകുന്ദന്‍ ആവശ്യപ്പെട്ടത് ശരിക്കും ദുഖമുണ്ടാക്കിയോ എന്ന ചോദ്യത്തിന് ദുഖമൊന്നും തനിക്ക് ഉണ്ടായിട്ടില്ലെന്നാണ് ശ്രീകുമാറിന്‍റെ മറുപടി. അനാദരവായി തോന്നിയോ എന്ന ചോദ്യത്തിന് അത് സ്വാഭാവികമായും തോന്നില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.

“അത് പിന്നെ തോന്നില്ലേ? എന്നേക്കാള്‍ എത്ര വര്‍ഷത്തിന് ശേഷം സിനിമയില്‍ വന്ന ഒരാളാണ്. ഞാന്‍ 1966 ല്‍ വന്നു. അയാള്‍ എപ്പോള്‍ വന്നു. വളരെ വ്യത്യാസമുണ്ട് ഞങ്ങള്‍ തമ്മില്‍. എന്നാല്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചവരുമാണ്. ചേട്ടാ എന്ന് വിളിച്ച് വളരെ കാര്യമായിട്ട് നടന്ന ആള്‍. വിജയരാഘവന്‍ വിളിച്ച് പറഞ്ഞത് അനുസരിച്ചാണ് അയാള്‍ എന്നെ കോണ്ടാക്റ്റ് ചെയ്തത്. അയാളോടുള്ള സ്നേഹം കൊണ്ട് ഞാന്‍ പറഞ്ഞു, എപ്പോള്‍ വന്നാലും വായിച്ച് കേള്‍പ്പിക്കാം എന്ന്. തിരുവനന്തപുരത്ത് വരുമ്പോള്‍ വിളിക്കാന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വന്നപ്പോള്‍ വിളിച്ചപ്പോഴേക്ക് പറഞ്ഞു, ഞാന്‍ വളരെ ബിസിയാണ് എന്ന്. അന്ന് മാളികപ്പുറം എന്ന സിനിമ വിജയിച്ച സമയമായിരുന്നു. എനിക്ക് വരാന്‍ ടൈം ഇല്ല, ഞാന്‍ ഒരാളിനെ അയയ്ക്കാം. സ്ക്രിപ്റ്റ് കൊടുക്കാന്‍ എന്ന്. ഇത്രയും വര്‍ഷം കുത്തിയിരുന്ന് എഴുതിയത് ആരെങ്കിലും വരുമ്പോള്‍ എടുത്ത് കൊടുക്കാനുള്ളതാണോ. ആ മര്യാദ അയാള്‍ക്ക് തോന്നിയില്ല. അങ്ങനെ ഒരു അനുഭവം ഉണ്ടായി എന്നല്ലാതെ എനിക്കതില്‍ ദുഖവുമില്ല, അയാളോട് വിഷമവുമില്ല. അയാളോട് ഒരു വിരോധവുമില്ല എനിക്ക്. പക്ഷേ അങ്ങനെയൊന്നും ആവരുത്. അതാണ് ഇന്നത്തെ തലമുറയില്‍ കാണുന്ന ഒരു സംഭവം. പണ്ടൊക്കെ സീനിയേഴ്സിനോട് ഒരു ബഹുമാനം ഉണ്ടായിരുന്നു. ഇപ്പോള്‍ അത് കുറഞ്ഞ് കുറ‍ഞ്ഞ് വരുന്നു. മൂല്യച്യുതിയുടെ ഒരു ഭാ​ഗമായിരിക്കാം”, പി ശ്രീകുമാര്‍ പറയുന്നു.

കര്‍ണന്‍ അല്ലാതെ മറ്റേതെങ്കിലും സിനിമയുടെ ആലോചനകള്‍ ഉണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെ- “ഒരു മ്യൂസിക്കല്‍ കോമഡി ആയിട്ടുള്ള സാധനം ഞാനും വേണു നാഗവള്ളിയും കൂടി വര്‍ക്കൗട്ട് ചെയ്തിരുന്നു. കഥ എന്‍റെയാണ്. അത് ഇന്‍റര്‍വെല്‍ വരെ ആക്കിയിട്ടുണ്ട്. അത് ഏതെങ്കിലും ഒരു നല്ല സംവിധായകന്‍ ആവശ്യപ്പെട്ട് വന്നാല്‍ കൊടുക്കും. ഒന്ന് രണ്ട് പേര്‍ അതൊന്ന് കേള്‍ക്കണമെന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഇങ്ങോട്ട് വന്ന് സമയം കണ്ടെത്തി നമ്മുടെ സമയത്തിന് അനുസരിച്ച് വരികയാണെങ്കില്‍ കേള്‍പ്പിച്ചു കൊടുക്കും. വേണമെന്ന് പറഞ്ഞാല്‍ അവര്‍ക്ക് കൊടുക്കും”, പി ശ്രീകുമാര്‍ പറഞ്ഞവസാനിപ്പിക്കുന്നു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News