ഹിന്ദി ദൃശ്യം 3 ലേക്ക് ഒരു പുതിയ താരം കൂടി. മലയാളത്തിലും ഈ കഥാപാത്രം ഉണ്ടാവുമോ എന്ന കൗതുകത്തിലാണ് മലയാളി പ്രേക്ഷകര്‍
ഇന്ത്യ മുഴുവനുമുള്ള സിനിമാപ്രേമികളെ ആകര്‍ഷിച്ച മറ്റൊരു സിനിമാ ഫ്രാഞ്ചൈസി മലയാളത്തില്‍ നിന്ന് ഉണ്ടായിട്ടില്ല, ദൃശ്യം അല്ലാതെ. ദൃശ്യം വിദേശ ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ദൃശ്യം 2 ഹിന്ദിയിലും തെലുങ്കിലും കന്നഡത്തിലുമൊക്കെ തരംഗമായി. ഫ്രാഞ്ചൈസിയിലെ അവസാന ഭാഗമായ ദൃശ്യം 3 നായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ സിനിമാപ്രേമികള്‍. ഉറപ്പായും മലയാളം ഒറിജിനല്‍ പതിപ്പ് തന്നെയാണ് ആദ്യം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഏപ്രില്‍ 2 നാണ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ്. ഹിന്ദി റീമേക്ക് കൃത്യം ആറ് മാസങ്ങള്‍ക്കപ്പുറം ഒക്ടോബര്‍ 2 നും തിയറ്ററുകളില്‍ എത്തും. ഇതില്‍ മലയാളം പതിപ്പ് പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണെങ്കില്‍ ഹിന്ദി പതിപ്പിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ഹിന്ദി ദൃശ്യം 3 ന്റെ താരനിരയിലേക്ക് ഒരു പ്രധാന താരം കൂടി എത്തിയിരിക്കുകയാണ്.
ഔദ്യോഗിക സ്ഥിരീകരണം
തെന്നിന്ത്യന്‍ താരം പ്രകാശ് രാജ് ആണ് ഹിന്ദി ദൃശ്യം 3 ല്‍ അഭിനയിക്കുന്നത്. അദ്ദേഹം തന്നെയാണ് സിനിമയുടെ ചിത്രീകരണത്തില്‍ താന്‍ പങ്കെടുത്ത് തുടങ്ങിയതായി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. “പിടിച്ചിരുത്തുന്ന ആ ഫ്രാഞ്ചൈസി, ഹിന്ദി ദൃശ്യം 3 ല്‍ അഭിനയിച്ചുതുടങ്ങി. മനോഹരമായ ഒരു ടീമിനൊപ്പം, അവതരിപ്പിക്കാനുള്ളത് ഉജ്ജ്വലമായ ഒരു റോള്‍ ആണ്. നിങ്ങള്‍ ഇത് ഇഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്”, പ്രകാശ് രാജ് എക്സില്‍ കുറിച്ചു. മറ്റാര്‍ക്കെങ്കിലും പകരക്കാരനായല്ല താന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞിട്ടുണ്ട്. പ്രഭാസ് ചിത്രം സ്പിരിറ്റില്‍ നിന്ന് പ്രകാശ് രാജിനെ മാറ്റിയെന്നും പകരം ഒരു ബോളിവുഡ് നടനെ അണിയറക്കാര്‍ തേടുകയാണെന്നും പ്രചരണം നടന്നിരുന്നു. അതിനെ സൂചിപ്പിച്ചുള്ളതാണ് ‘പകരക്കാരന്’ പരാമര്‍ശം.
ദൃശ്യം 2 ഹിന്ദിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അക്ഷയ് ഖന്ന മൂന്നാം ഭാഗത്തില്‍ നിന്നും പിന്മാറിയിരുന്നു. അക്ഷയ് ഖന്നയ്ക്ക് പകരക്കാരനായി താനെത്തി എന്ന പ്രചരണം വരാനുള്ള സാധ്യത കൂടി മുന്‍കൂട്ടി കണ്ടുകൊണ്ടാണ് പ്രകാശ് രാജിന്റെ കുറിപ്പ്. അതേസമയം ദൃശ്യം ഹിന്ദി ഒന്നിലും രണ്ടിലും പ്രകാശ് രാജ് അഭിനയിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ ഒരു പുതിയ കഥാപാത്രത്തെയാവും അദ്ദേഹം അവതരിപ്പിക്കുക. മലയാളം ദൃശ്യം 3 ലും പുതിയ കഥാപാത്രങ്ങള്‍ ഉണ്ടാവുമെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നു. ഹിന്ദി പതിപ്പില്‍ ചില മാറ്റങ്ങളും ഉണ്ടാവും. പ്രകാശ് രാജ് ഹിന്ദിയില്‍ അവതരിപ്പിക്കുന്ന കഥാപാത്രം മലയാളത്തിലും ഉള്ളതാണോ എന്ന കൗതുകത്തിലാണ് മലയാളി പ്രേക്ഷകര്‍.



