ജയിലര്‍ 2വിന് 150 കോടിയാണ് താരം വാങ്ങിക്കുന്ന പ്രതിഫലം.
തമിഴകത്ത് മാത്രമല്ല രാജ്യത്തിന് പുറത്തും ആരാധകരുള്ള താരങ്ങളാണ് രജനികാന്തും കമല്‍ഹാസനും. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത വലിയ പ്രചാരം നേടിയിരുന്നു. തലൈവര്‍ 174X കെഎച്ച് 238 എന്ന താല്‍ക്കാലിക പേരുമിട്ട വരാനിരിക്കുന്ന ആ പ്രൊജക്റ്റ് ആരാധകര്‍ ആഘോഷിക്കാനും തുടങ്ങി. ഇപ്പോഴിതാ ആ പ്രൊജക്റ്റിലെ രജനികാന്തിന്റെ പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
രജനികാന്തിന് 225 കോടി
രജനികാന്ത് 225 കോടി രൂപയാണ് ചിത്രത്തിനായി വാങ്ങിക്കുക എന്നതാണ് റിപ്പോര്‍ട്ട്. നെല്‍സണായിരിക്കും ചിത്രം സംവിധാനം ചെയ്യുക. അടുത്തിടെ ഒരു പ്രൊമോ ഷൂട്ട് ഈ പ്രൊജക്റ്റിന്റേതായി പൂര്‍ത്തിയാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ടുപേരും 80കളിലെ വിന്റേജ് സ്റ്റൈലിലാണ് പ്രൊമൊയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. സൗഹൃദത്തിന്റെ പശ്ചാത്തലത്തില്‍ ഉള്ള കോമഡിക്കും പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും ഇതെന്നുമാണ് റിപ്പോര്‍ട്ട്.
ജയിലര്‍ 2 ചിത്രീകരണം പുരോഗമിക്കുന്നു
രജനികാന്തിന്റേതായി നിലവില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന പുതിയ ചിത്രം ജയിലര്‍ 2വാണ്. പാലക്കാട് അട്ടപ്പാടിയിലായിരുന്നു ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം. കോഴിക്കോടും ജയിലര്‍ 2 ചിത്രീകരിച്ചു. അതിരപ്പിള്ളിയിലടക്കമായിരിക്കും ജയിലര്‍ 2വിന്റെ ഫൈനല്‍ ഷെഡ്യൂള്‍ ചിത്രീകരിക്കുക എന്നാണ് അറിയാൻ കഴിയുന്നത്.
നെൽസൺ ഒരുക്കിയ ബ്ലോക് ബസ്റ്റർ ചിത്രം ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലർ 2. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. 2023ൽ ആയിരുന്നു ജയിലർ റിലീസ് ചെയ്‍തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രം വിജയിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിനായി. ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം രണ്ടാം ഭാഗത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു.
തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിംഗ് വരാന്‍ സാധ്യതയുള്ള അപ്കമിംഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. എന്നാല്‍ രണ്ടാം ഭാഗം വരുമ്പോൾ മലയാളികള്‍ക്ക് അറിയാന്‍ ഏറ്റവും ആഗ്രഹമുള്ളത് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മാത്യു എന്ന ഡോണ്‍ കഥാപാത്രം ഉണ്ടാവുമോ എന്നാണ്. ജയിലര്‍ 2വില്‍ മോഹൻലാല്‍ ഉണ്ടാകുമെന്ന് തന്നെയാണ് അറിയാൻ കഴിയുന്നതും.
ഒടുവില്‍ എത്തിയത് കൂലി
കൂലിയാണ് രജനികാന്തിന്‍റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത് ഈ ചിത്രം സൺ പിക്ചർസിന്‍റെ ബാനറില്‍ കലാനിധി മാരനാണ് നിർമ്മിക്കുന്നത്. രജനികാന്തിനൊപ്പം നാഗാർജുന പ്രധാന കഥാപാത്രമായപ്പോള്‍ ചിത്രത്തില്‍ ആമിര്‍ ഖാൻ അതിഥി വേഷത്തിലുമെത്തി.
