എം.ടി. വാസുദേവൻ നായരുടെ സ്വപ്ന സിനിമയായ 'രണ്ടാമൂഴം' ആഗോള സിനിമയായി എത്തുമെന്ന് മകൾ അശ്വതി. കഴിഞ്ഞ രണ്ടുവർഷമായി ഇതിന്റെ പ്രവർത്തനങ്ങളിലാണെന്നും വലിയൊരു പ്രൊഡക്ഷൻ ഹൗസും കഴിവുറ്റ സാങ്കേതിക പ്രവർത്തകരും അണിയറയിലുണ്ടെന്നും അവർ വ്യക്തമാക്കി.

എം.ടി വാസുദേവൻ നായരുടെ സ്വപ്ന സിനിമയായ രണ്ടാമൂഴം ഒരു ഗ്ലോബൽ സിനിമയായി വരുമെന്നും അടുത്ത വർഷം പ്രതീക്ഷിക്കാമെന്നും എംടിയുടെ മകൾ അശ്വതി. കഴിഞ്ഞ രണ്ട് വർഷമായി താൻ അതിന്റെ പിന്നാലെയാണെന്നും, വലിയ പ്രൊഡക്ഷൻ ഹൗസും, വളരെ കേപ്പബിൾ ആയി ആ സിനിമ ചെയ്യാൻ കഴിയുന്ന ഒരു ടീം ആണ് ചത്രത്തിന്റെ പിന്നിലെന്നും അശ്വതി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

"കഴിഞ്ഞ രണ്ട് വർഷമായി ഞാൻ അതിന്റെ പിന്നാലെ തന്നെയാണ്. ഒരു വലിയ ടീം ആണ്. ടീം ബിൽഡിങ് ഒക്കെ ഏകദേശം ആയികഴിഞ്ഞു. വലിയ പ്രൊഡക്ഷൻ ഹൗസും,വളരെ കേപ്പബിൾ ആയിട്ട് ആ സിനിമ ചെയ്യാൻ കഴിയുന്ന ഒരു ടീം തന്നെയാണ്. അതുകൊണ്ട് തന്നെ അതിനെ ഒരു ഗ്ലോബൽ ഫിലിം ആയി തന്നെ ലോഞ്ച് ചെയ്യണം എന്നാണ് ആഗ്രഹം. അതുകൊണ്ടാണ് കുറച്ച് വൈകുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒക്കെ ആയിട്ട് അത് ഔദ്യോഗികമായി ലോഞ്ച് ചെയ്യണം എന്നുള്ളതാണ് നമ്മുടെ ആഗ്രഹം. 2026 ൽ എന്തായാലും പ്രതീക്ഷിക്കാം." അശ്വതി പറഞ്ഞു.

മലയാളത്തിന്റെ മഹാസാഹിത്യകാരൻ എംടി വാസുദേവൻ നായർ വിടപറഞ്ഞിട്ട് ഒരു വർഷം തികയുന്നു. നോവൽ, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും വിരൽമുദ്ര പതിപ്പിച്ച എംടി, പത്രാധിപർ എന്ന നിലയിലും അതുല്യനാണ്. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി എണ്ണപ്പെടുന്ന നിർമാല്യം ഉൾപ്പെടെ 6 സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.

ജ്ഞാനപീഠം ജേതാവായ എംടിയെ 2005 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ജെ.സി. ദാനിയേൽ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വള്ളത്തോൾ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ നേടിയിരുന്നു. മികച്ച തിരക്കഥയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നാല് തവണ നേടിയ അദ്ദേഹം മികച്ച സംവിധായകന് മൂന്ന് വട്ടം സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 11 തവണ മികച്ച തിരക്കഥയ്ക്കും സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്.

YouTube video player