'കാന്താര ചാപ്റ്റർ 1' കാണാൻ മദ്യം, പുകവലി, മാംസാഹാരം എന്നിവ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രചരിച്ച പോസ്റ്ററിനെ കുറിച്ച് ഋഷഭ് ഷെട്ടി. പോസ്റ്ററിന് ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായി യാതൊരു ബന്ധവുമില്ലെന്ന് ഋഷഭ് ഷെട്ടി.
തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് കാന്താര ചാപ്റ്റർ 1. കഴിഞ്ഞ ദിവസം പുറത്തു വന്ന ചിത്രത്തിന്‍റെ ട്രെയിലറിന് ലഭിച്ച വൻ സ്വീകാര്യത തന്നെ അതിന് തെളിവാണ്. വൻ ദൃശ്യവിരുന്ന് സമ്മാനിച്ച ട്രെയിലർ റിലീസ് ചെയ്തതിന് പിന്നാലെ ഒരു പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കാന്താര പ്രീക്വൽ കാണാൻ വരുന്ന പ്രേക്ഷകർ നിർബന്ധമായും പാലിക്കേണ്ട മൂന്ന് കാര്യങ്ങൾ എന്ന് കുറിച്ചുള്ള പോസ്റ്ററായിരുന്നു ഇത്. മദ്യപിക്കരുത്, പുകവലിക്കരുത്, മാംസാഹാരം കഴിക്കരുത് എന്നെല്ലാമായിരുന്നു പോസ്റ്ററിലെ വാചകങ്ങൾ. ഇത് വലിയ വിമർശനങ്ങൾക്കും വഴിവച്ചു.
വൈറൽ പോസ്റ്റർ വാചകം ഇങ്ങനെ
കന്താര ചാപ്റ്റർ 1 എന്ന സിനിമ കാണാൻ വരുന്ന പ്രേക്ഷകർ ഈ മൂന്ന് നിയമങ്ങൾ പാലിക്കണം: 1. മദ്യപിക്കരുത്, 2. പുകവലിക്കരുത്, 3. മാംസാഹാരം കഴിക്കരുത്. പോസ്റ്റർ വൈറലായതോടെ സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. കാന്താര ടീം പുറത്തുവിട്ടതെന്ന തരത്തിലായിരുന്നു പോസ്റ്റര്‍ പ്രചരിച്ചത്.
വ്യക്തത വരുത്തി ഋഷഭ് ഷെട്ടി
"ഭക്ഷണം എന്നത് വ്യക്തിപരമായ ഇഷ്ടങ്ങളാണ്. നിയമങ്ങൾ നിർദ്ദേശിക്കാൻ ആർക്കും അധികാരമില്ല, ആ പോസ്റ്ററിന് ഞങ്ങളുമായി യാതൊരുവിധ ബന്ധവുമില്ല. പോസ്റ്റർ കണ്ടപ്പോൾ തന്നെ ഞങ്ങൾ ഞെട്ടിപ്പോയി. സിനിമയുടെ ജനപ്രീതിക്കുള്ളിൽ സ്വയം പ്രമോട്ട് ചെയ്യാനുള്ള ചിലരുടെ സൃഷ്ടിയാണ് അത്. പോസ്റ്ററിന് സിനിമയുമായോ ടീമുമായോ ഒരു ബന്ധവുമില്ല,", എന്നായിരുന്നു ഋഷഭ് ഷെട്ടി പറഞ്ഞത്. പ്രമോഷൻ പ്രസ് മീറ്റിനിടെ ആയിരുന്നു നടന്റെ പ്രതികരണം.
ഒക്ടോബർ 2ന് കാന്താര ചാപ്റ്റർ 1 തിയറ്ററുകളിൽ
ഋഷഭ് ഷെട്ടി സംവിധാനവും രചനയും നിർവഹിച്ച് അഭിനയിച്ച സിനിമ ഒക്ടോബർ 2ന് തിയറ്ററുകളിൽ എത്തും. ഹോംബാലെ ഫിലിംസ് നിർമിച്ച ചിത്രം കേരളത്തിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലാണ് ചിത്രത്തിന്റെ റിലീസ്. മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്താൻ ഒരുങ്ങുന്നത്. പി ആർ ഓ മഞ്ജു ഗോപിനാഥ് മാർക്കറ്റിംഗ് ആൻഡ് അഡ്വെർടൈസിങ് -ബ്രിങ്ഫോർത്ത്.



