എക്കോ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നടൻ സൗരഭ് സച്ച്ദേവ ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കുന്നു

ബോളിവുഡ് നടനും ആക്റ്റിംഗ് കോച്ചുമായ സൗരഭ് സച്ച്ദേവയെ ഭൂരിഭാഗം മലയാളി സിനിമാപ്രേമികള്‍ക്കും എക്കോ എന്ന ചിത്രത്തിലൂടെയാണ് പരിചയം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്നായ കുര്യച്ചനായി എത്തിയത് സൗരഭ് ആയിരുന്നു. പിന്നീട് നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസ് ആയെത്തി വലിയ റീച്ച് ചിത്രം നേടിയപ്പോള്‍ ശ്രദ്ധിക്കപ്പെട്ടത് ഈ കഥാപാത്രവും പ്രകടനവും കൂടി ആയിരുന്നു. സൗരഭ് സച്ച്ദേവയുടെ മോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു എക്കോ. അദ്ദേഹം എക്കോയ്ക്ക് ശേഷം അഭിനയിക്കുന്ന അടുത്ത ചിത്രത്തിലും ഒരു മലയാളി താരമാണ് നായകന്‍. എന്നാല്‍ അതൊരു മലയാളം ചിത്രത്തിലല്ല എന്ന് മാത്രം.

'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍'

ഫഹദ് ഫാസിലിനെ നായകനാക്കി ശശാങ്ക് യെലെറ്റി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ഡോണ്ട് ട്രബിള്‍ ദി ട്രബിളിലാണ് സൗരഭ് സച്ച്ദേവയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം അദ്ദേഹം ജോയിന്‍ ചെയ്യുകയും ചെയ്തു. ഫാന്‍റസി എന്‍റര്‍ടെയ്നര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം അദ്ദേഹത്തിന്‍റെ മകന്‍ കാര്‍ത്തികേയയും ബാഹുബലി നിര്‍മ്മാതാക്കളായ ഷോബു യര്‍ലഗഡ്ഡയും പ്രസാദ് ഡെവിനേനിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. അതേസമയം ഫഹദ് ഫാസിലും സൗരഭ് സച്ച്ദേവയും ഒന്നിക്കുന്ന ആദ്യ ചിത്രമല്ല ഇത്. പാന്‍ ഇന്ത്യന്‍ തെലുങ്ക് ഹിറ്റ് ആയ പുഷ്പ 2 ല്‍ ഹമീദ് എന്ന കഥാപാത്രമായി സൗരഭ് എത്തിയിരുന്നു. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പ്രതിനായകനായിരുന്നു ചിത്രത്തില്‍ ഫഹദ്. ഈ കഥാപാത്രം ഫഹദിന് തെലുങ്ക് സംസ്ഥാനങ്ങളില്‍ വന്‍ ആരാധകവൃന്ദത്തെ നേടിക്കൊടുത്തിട്ടുണ്ട്.

ചിത്രം 2026 അവസാനമായിരിക്കും തിയറ്ററുകളില്‍ എത്തുക. വന്‍ ഹിറ്റായ ഒരു തെലുങ്ക് ചിത്രത്തില്‍ തെലുങ്ക് താരം ബാലകൃഷ്ണയുടെ ഡയലോഗാണ് ഡോണ്ട് ട്രബിൾ ദ ട്രബിൾ. ഇത് പിന്നീട് പലപ്പോഴും ട്രോളായും മറ്റും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അതേസമയം രാജമൗലി അവതരിപ്പിക്കുന്ന മറ്റൊരു ചിത്രത്തിലും ഫഹദ് നായകനാവുന്നുണ്ട്. ഓക്സിജന്‍ എന്നാണ് രണ്ടാമത്തെ ചിത്രത്തിന്‍റെ പേര്. സിദ്ധാർത്ഥ് നാദെല്ലയാണ് ഓക്സിജന്‍റെ സംവിധായകന്‍. ഓക്സിജന്‍ ഒരു ത്രില്ലര്‍ ചിത്രമാണ് എന്ന സൂചനയാണ് നേരത്തെ എത്തിയ പോസ്റ്റര്‍ നല്‍കിയത്. മാസ്ക് ധരിച്ച ഫഹദ് ആണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ഫഹദിന്‍റെ മുഖത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ കാണിക്കുന്ന മാപ്പും ചിത്രീകരിച്ചിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming