നടൻ മനു വർമയും നടി സിന്ധു വർമയും അടുത്തിടെ വിവാഹ മോചിതരായിരുന്നു.
മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ താരങ്ങളാണ് നടൻ മനു വർമയും നടി സിന്ധു വർമയും. 25 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം ഇവർ വേർപിരിഞ്ഞു എന്ന വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. മനു വർമ തന്നെയാണ് ഒരഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു മകനും മകളുമാണ് ഇവർക്കുള്ളത്. ശാരീരിക ബുദ്ധിമുട്ടുകളുള്ള മകൾ ഇപ്പോൾ സിന്ധുവിനൊപ്പമാണ്. ഇപ്പോളിതാ മക്കളെക്കുറിച്ചും മനു വർമയുമായി വേർപിരിഞ്ഞ് താമസിക്കുന്നതിനെക്കുറിച്ചുമെല്ലാം പ്രതികരിച്ചിരിക്കുകയാണ് സിന്ധുവും.
''രണ്ട് വർഷമായി ഒറ്റയ്ക്കാണ് താമസം. എല്ലാവർക്കും അത് അറിയാം. അദ്ദേഹം (മനു വർമ) തന്നെ അത് പറയുകയും ചെയ്‍തു. മകളുടെ ചികിൽസയിലാണ് ഇപ്പോൾ എന്റെ ശ്രദ്ധ. എപ്പോൾ വേണമെങ്കിലും ശരിയാകും എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. വീട്ടിലുള്ളപ്പോൾ കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും ഞാൻ തന്നെയാണ് നോക്കുന്നത്. അല്ലാത്ത സമയങ്ങളിൽ അമ്മയുണ്ടാകും, അല്ലെങ്കിൽ ജോലിക്കാരിയുണ്ടാകും. ഞാൻ പരിചരിക്കാത്തപ്പോൾ മോൾക്ക് അൽപം പിണക്കമൊക്കെ ഉണ്ടാകും. ഷൂട്ടിന് വേണ്ടി മാറി നിൽക്കുന്നത് മോൾക്ക് സങ്കടമാണ്. ഞാൻ ഫംഗ്ഷന് പോകാനായി ഡ്രസ് ചെയ്ത് റെഡിയായി കണ്ടപ്പോൾ മോള് ഭയങ്കര കരച്ചിലായിരുന്നു. അത് കണ്ട് എനിക്ക് സന്തോഷം തോന്നി. കാരണം കാര്യങ്ങൾ മനസിലാക്കി അവൾ റിയാക്ട് ചെയ്യുന്നുണ്ടല്ലോയെന്ന് ആലോചിച്ച്. മെന്റൽ റെസ്പോൺസ് മകളിൽ കൂടിയിട്ടുണ്ട്. ഷൂട്ടിങ് ഇല്ലാത്ത ഇടവേളകളിലാണ് മോളെയും കൊണ്ട് ചികിൽസക്കായി പോകുന്നത്. മകൻ ഇപ്പോൾ ബ്ലാംഗ്ലൂർ എയർപോട്ടിൽ ജോലി ചെയ്യുകയാണ്. അവന്റെ ജീവിതം ഇനി സെറ്റിലായിക്കോളും'', ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സിന്ധു വർമ പറഞ്ഞു.
സോഷ്യൽമീഡിയയിൽ വരുന്ന കമന്റുകളെക്കുറിച്ചും സിന്ധു വർമ പ്രതികരിച്ചു. ''ഞാൻ കമന്റുകൾക്ക് പിറകെ പോകാത്തയാളാണ്. ജനങ്ങൾ പലവിധമാണ്. കമന്റിടുന്നവരല്ല നമ്മളാണ് ജീവിക്കുന്നത്. നമ്മളിലുള്ള ശരിക്ക് അനുസരിച്ച് ആരെയും ജഡ്ജ് ചെയ്യാതെ ജീവിക്കുക. മെന്റലിയും ഫിസിക്കലിയും എല്ലാവരും എപ്പോളും ഹാപ്പിയായി ഇരിക്കണമെന്നില്ല'', സിന്ധു കൂട്ടിച്ചേർത്തു.
