ജനങ്ങൾ പിന്തുണയ്ക്കുമ്പോഴും, ഇൻഡസ്ട്രിക്ക് അകത്തുള്ളവർ തന്നെയാണ് തനിക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം തുറന്നുപറഞ്ഞു. Sivakarthikeyan Thaai Kizhavi trailer launch speach
പുതിയ സിനിമയായ തായ് കിഴവിയുടെ ട്രെയ്ലർ ലോഞ്ചിൽ ശിവകാർത്തികേയൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. രാധിക ശരത്ത്കുമാർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം നിർമ്മിക്കുന്നത് ശിവകാർത്തികേയൻ ആണ്. ശിവകുമാർ മുരുകേശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തനിക്കൊരു ഇടം തന്ന ഇൻഡസ്ട്രിക്ക് എന്തെങ്കിലുമൊക്കെ തിരിച്ച് നൽകണമെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം സിനിമകൾ നിർമ്മിക്കുന്നതെന്നും, താൻ ആരോടെങ്കിലും മത്സരിക്കാനോ, ആരെയെങ്കിലും മറികടക്കാനോ മറ്റോ വന്നതല്ലെന്നും, ജനങ്ങൾ എപ്പോഴും തന്റെ കൂടെ നിന്നിട്ടുണ്ടെന്നും പറഞ്ഞ ശിവകാർത്തികേയൻ ഇൻഡസ്ട്രിക്ക് അകത്തുള്ളവരാണ് തനിക്ക് തടസം നിന്നിട്ടുള്ളതെന്നും കൂട്ടിച്ചേർത്തു. അതേസമയം ശിവകാർത്തികേയൻ ഉന്നംവച്ചത് വിജയ്യെ ആണോയെന്നാണ് സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട നടക്കുന്ന പ്രധാന ചർച്ച.
"എനിക്കൊരു ഇടം തന്ന ഇന്‍ഡസ്ട്രിയ്ക്ക് തിരികെ എന്തെങ്കിലും നല്‍കണം എന്നുള്ളതിനാലാണ് ഇതുപോലെയുള്ള സിനിമകള്‍ ചെയ്യുന്നത്. ഞാന്‍ ആരോടെങ്കിലും മത്സരിക്കാനോ ആരെയെങ്കിലും മറി കടക്കാനോ ആരെയെങ്കിലും ആക്രമിക്കാനോ തീര്ക്കാനുമൊന്നും വന്നതല്ല. എനിക്ക് ലഭിച്ച അവസരങ്ങള്‍ നന്നായി ഉപയോഗിക്കണം എന്ന് മാത്രമേയുള്ളൂ. അത് ചെയ്യാന്‍ എന്നെ അനുവദിക്കൂ എന്ന് മാത്രമേ ഞാന്‍ ചോദിക്കുന്നുള്ളൂ." ശിവകാർത്തികേയൻ പറയുന്നു.
"ഞാന്‍ ഇതുവരെ റീമേക്കുകള്‍ ചെയ്തിട്ടില്ല. കഥ കേട്ട് തന്നെയാണ് സിനിമകള്‍ തെരഞ്ഞെടുത്തിട്ടുള്ളത്. എന്റെ സിനികമളുടെ ജയത്തിലും പരാജയത്തിലും ഉത്തരവാദിത്തം എന്റേതാണെന്ന് വിശ്വസിക്കുന്നു. ഓരോ സിനിമയിലും ഞാനും ഓരോ കാര്യങ്ങള്‍ പഠിക്കുന്നുണ്ട്
തുടക്കം മുതലേ ജനങ്ങള്‍ എനിക്ക് പിന്തുണ നല്കി കൂടെയുണ്ട്. എവിടെയോ ഉള്ള എന്നെ ഇവിടെ വരെ എത്തിച്ചു. ഇന്‍ഡസ്ട്രിയ്ക്ക് അകത്തുള്ളവരാണ് എന്തെങ്കിലും തടസമുണ്ടാക്കുന്നത്. അതിനെ മറി കടന്ന് മുന്നോട്ട് വരാന്‍ ഞാന്‍ തയ്യാറാണ്. പക്ഷെ ആ തടസങ്ങള്‍ മാറിയാല്‍ നാല് ശിവകുമാര്‍ മുരുകേശന്മാരെ കൂടി ഞാന്‍ തേടി കണ്ടുപിടിച്ച് കൊണ്ടു വരും." ശിവകാർത്തികേയൻ കൂട്ടിച്ചേർത്തു.



