നിർമ്മാതാവ് മുരളിയുടെ ആരോപണത്തില്‍ പ്രതികരണവുമായി സുമതി വളവ് സിനിമയുടെ പി.ആർ.ഒ പ്രതീഷ് ശേഖർ. സത്യം പുറത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിർമാതാവ് മുരളി കുന്നുംപുറത്തിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ചർച്ചകൾ മലയാള സിനിമയിൽ നിറയുകയാണ്. സുമതി വളവ് സിനിമയിൽ തനിക്ക് 7 കോടി രൂപയുടെ നഷ്ടമുണ്ടായെന്നതടക്കമുള്ള ആരോപണങ്ങൾ മുരളി ഉന്നയിച്ചിരുന്നു. വിഷയത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇടപെടുകയും ചെയ്തു. തതവസരത്തിൽ സുമതി വളവിന്റെ പിആർഒ ആയിരുന്ന പ്രതീഷ് ശേഖർ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

പ്രതീഷ് ശേഖർ പറഞ്ഞതിങ്ങനെ

കഴിഞ്ഞ ദിവസം മുരളിച്ചേട്ടന്‍റെ ഒരു വീഡിയോ കണ്ടിരുന്നു. അതിൽ പറയുന്ന സുമതി വളവ് എന്ന ചിത്രത്തില്‍ പിആര്‍ഒ ആയിട്ട് ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. മുരളിച്ചേട്ടന് അത്രയും നഷ്ടങ്ങള്‍ വന്നുവെന്ന് അറിഞ്ഞതില്‍ ദുഃഖം രേഖപ്പെടുത്തുന്നു. ഈ പടത്തിന്‍റെ ബഡ്ജറ്റ് എത്രയാണെന്നുള്ളതും എങ്ങനെയാണ് നഷ്ടം വന്നതെന്നും അദ്ദേഹം പറയുന്ന പേരുകളില്‍ ആരെങ്കിലും ആ പൈസ അടിച്ചോണ്ട് പോയതാണോ എന്നുള്ളതും മുരളിച്ചേട്ടന്‍ വെളിപ്പെടുത്തണം. അല്ലെങ്കില്‍ അസോസിയേഷന്‍കാരോ മറ്റോ ഇടപെട്ടിട്ട് കൃത്യമായിട്ടുള്ള തെളിവുകള്‍ സഹിതം പുറത്തുകൊണ്ടുവരണം.

ഒപ്പം ഒരു അപേക്ഷ കൂടിയുണ്ട്. സുമതി വളവില്‍ ജോലി ചെയ്തിട്ടുള്ള ഡിജിറ്റല്‍ ടീമുകളുണ്ട്. അവര്‍ക്കൊന്നും പൈസ കൊടുത്തിട്ടില്ല. അവര്‍ക്ക് പൈസ കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് ഞാന്‍ ഫെഫ്ക പിആര്‍ഒ യൂണിയന് വരെ പരാതി കൊടുത്തു. എന്നിട്ട് ഒരു തുച്ഛമായ തുക മാത്രമാണ് മറ്റൊരു വ്യക്തി എനിക്ക് തന്നത്. കൂടാതെ ആര്‍ട്ടിസ്റ്റുകള്‍, ടെക്നീഷ്യന്‍സ് ഉള്‍പ്പടെയുള്ള പലര്‍ക്കും ഇനിയും പൈസ കിട്ടാനുണ്ട്. ഒരു രൂപ പോലും കിട്ടാത്തവരുമുണ്ട്. നമ്മുടെ സുഹൃത്തുക്കളും അഭിനേതാക്കളുമാണ്. അവര്‍ക്കും എന്തെങ്കിലുമൊക്കെ കൊടുക്കണം. വ്യക്തിപരമായി ആരെയെങ്കിലും ആക്രമിക്കുന്ന സംഭവം പറയുമ്പോള്‍, അവരെന്ത് തെറ്റാണ് ചെയ്തത്, അവരാണ് പൈസ അടിച്ചോണ്ട് പോയതെങ്കില്‍ അക്കാര്യം വ്യക്തമാക്കുക. അല്ലാത്ത രീതിയല്‍ ഒരാളെയോ, വ്യക്തിപരമായി ആക്രമിക്കുകയോ ചെയ്യരുത്. ആദ്യം അയാള്‍ തെറ്റുകാരനാണോ അല്ലയോ എന്നത് തീരുമാനിക്കുക.

മുരളിച്ചേട്ടനോട് ഞാന്‍ സംസാരിച്ചിരുന്നു. മാനസികവും ശാരീരികവുമായി തളര്‍ന്നിരിക്കുന്ന മനുഷ്യനാണ്. എവിടെയാണ് ആരുടെ ഭാഗത്താണ് തെറ്റ് എന്നുള്ള സത്യം പുറത്തുവരട്ടെ. മുരളിച്ചേട്ടന് പൈസ കിട്ടാനുണ്ടെങ്കില്‍ കിട്ടട്ടെ. പൈസ കിട്ടാത്തവര്‍ക്കും കിട്ടട്ടെ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming