Tharun Moorthy praises Bharathanatyam 2 Mohiniyattam movie starring Saiju Kurup directed by Krishnadas Murali. സൈജു കുറുപ്പിന്റെ 150-ാമത്തെ ചിത്രമായ 'ഭരതനാട്യം 2: മോഹിനിയാട്ടം' ഏപ്രിൽ 10-ന് തിയേറ്ററുകളിലെത്തും. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ചിത്രം, ആദ്യഭാഗത്തിന് ലഭിച്ച മികച്ച പ്രതികരണങ്ങൾക്ക് ശേഷം വലിയ പ്രതീക്ഷയോടെയാണ് എത്തുന്നത്.
സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ഭരതനാട്യം 2: മോഹിനിയാട്ടം' നാളെ തിയേറ്ററുകളിൽ എത്തുകയാണ്. തിയേറ്ററിൽ വലിയ സാമ്പത്തിക വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും 2024 ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം ഭരതനാട്യത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ഒടിടിയിലടക്കം ലഭിച്ചിരുന്നത്. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ നോക്കിക്കാണുന്നത്.
ഇപ്പോഴിതാ ചിത്രം നാളെ റിലീസാവാനിരിക്കെ സിനിമയുടെ ആദ്യ റിവ്യു പറഞ്ഞിരിക്കുകയാണ് തരുൺ മൂർത്തി. ഒരു യഥാർത്ഥ ഡാർക്ക് കോമഡി എന്നാണ് തരുൺ മൂർത്തി ചിത്രത്തെ വിശേഷിപ്പിച്ചത്. സാധാരണയായി റിലീസാകുന്നതിന് മുൻപ് സിനിമകളെ കുറിച്ച് എഴുതാറില്ലെന്നും എന്നാൽ ഈ സിനിമ തന്നെ ആകർഷിച്ചെന്നും തരുൺ മൂർത്തി കുറിച്ചു.
"സാധാരണയായി റിലീസ് ചെയ്യുന്നതിന് മുമ്പ് ഞാൻ സിനിമകളെക്കുറിച്ച് എഴുതാറില്ല, പക്ഷേ ഇതെന്നെ ശരിക്കും ആകർഷിച്ചു. പലപ്പോഴും ഞാൻ ചിരി നിർത്താൻ കഴിയാതെ ചിരിച്ചുകൊണ്ടിരുന്നു. ഒരു യഥാർത്ഥ ഡാർക്ക് കോമഡി! ഭരതനും കുടുംബവും നിങ്ങളെ 2 മണിക്കൂർ 20 മിനിറ്റ് നീണ്ടുനിൽക്കുന്ന രസകരമായ യാത്രയിലേക്ക് കൊണ്ടുപോകുന്നു. തീർച്ചയായും കാണേണ്ട ചിത്രമാണിത്. ഈ സിനിമക്ക് നിറഞ്ഞ സദസ്സ് പ്രതീക്ഷിക്കാം, ഇത് തിയേറ്ററിലെ മുഴുവൻ ആളുകളെയും പ്രധാന നിമിഷങ്ങളിൽ പൊട്ടിച്ചിരിപ്പിക്കുന്ന തരം സിനിമയാണ്. ഇതൊരു ഫീൽ-ഗുഡ് ഫാമിലി സിനിമയല്ല. പൂർണമായും യുക്തിയില്ലാത്ത ഡാർക്ക് കോമഡിയാണ്. ശരിയായ മാനസികാവസ്ഥയോടെ തിയേറ്ററിൽ ചെല്ലുക, ശേഷം ഹൃദയം നിറഞ്ഞ ചിരി ചിരിക്കുക." തരുൺ മൂർത്തി കുറിച്ചു.
തോമസ് തിരുവല്ല ഫിലിംസിന്റെയും, സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ഒരുങ്ങുന്ന "ഭരതനാട്യം 2: മോഹിനിയാട്ടം" ഏപ്രിൽ 10 ന് തീയറ്ററുകളിൽ എത്തും. കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമ്മാണം.
സൈജു കുറുപ്പിന്റെ 150 ആം ചിത്രം എന്ന പ്രത്യേകതയുമുണ്ടിതിന്. ചിത്രത്തിന്റെ രചന: കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ്. ഛായാഗ്രഹണം: ബബ്ലു അജു. ചിത്രസംയോജനം : ഷഫീഖ് വി. ബി. സംഗീതം : ഇലക്ട്രോണിക് കിളി. കലാസംവിധാനം : ദിൽജിത് എം. ദാസ്. ശബ്ദസംവിധാനം : ധനുഷ് നായനാർ. ശബ്ദമിശ്രണം : വിപിൻ നായർ. വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ. ചമയം : മനോജ് കിരൺരാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ : സാംസൺ സെബാസ്റ്റ്യൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സൽമാൻ കെ. എം, പ്രൊഡക്ഷൻ കൺട്രോളർ : ജിതേഷ് അഞ്ചുമന, സ്റ്റിൽസ് : വിഷ്ണു എസ്. രാജൻ, മോഷൻ പോസ്റ്റർ : ഡോട്ട് VFX സ്റ്റുഡിയോ, പിആർ ഓ : എ. എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോൺടെന്റ് ഡിസൈൻ : പപ്പറ്റ് മീഡിയ.


