ബാഹുബലിക്കും ആര്‍ആര്‍ആറിനും ശേഷം രാജമൗലി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘വാരണാസി’
ഭാഷാഭേദമന്യെ ഇന്ത്യന്‍ സിനിമാപ്രേമികള്‍ ശ്രദ്ധിക്കുന്ന ഒരു സംവിധായകന് രാജമൗലിയെപ്പോലെ മറ്റൊരാള്‍ ഉണ്ടാവില്ല. ബാഹുബലി രണ്ട് ഭാഗങ്ങളും സൃഷ്ടിച്ച പാന്‍ ഇന്ത്യന്‍ ഇംപാക്റ്റ് അത്രത്തോളമായിരുന്നു. ബാഹുബലിക്ക് ശേഷം അദ്ദേഹം ഒരുക്കിയ ആര്‍ആര്‍ആര്‍ ഇന്ത്യ കടന്ന് പാശ്ചാത്യ പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ചയായിരുന്നു. അടുത്തതായി രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യന്‍ സിനിമയെ വീണ്ടും വിസ്മയിപ്പിക്കുമെന്ന് ഉറപ്പാണ്. വാരണാസി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ഉണ്ടായിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും വലുതാണ്. മഹേഷ് ബാബു നായകനും പൃഥ്വിരാജ് സുകുമാരന്‍ പ്രതിനായകനും പ്രിയങ്ക ചോപ്ര നായികയുമാവുന്ന ചിത്രത്തിന്റെ ബജറ്റ് ഞെട്ടിക്കുന്നതാണ്. 1300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. സിനിമയുടെ പ്രൊമോഷനുവേണ്ടി മറ്റൊരു 200 കോടിയും നിര്‍മ്മാതാക്കള്‍ നീക്കിവെക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രധാന ഭാഗത്തെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നതാണ് അതും.
250- 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന 25 മിനിറ്റ് സീക്വന്‍സിനെക്കുറിച്ചാണ് അത്. ചിത്രത്തിലെ ത്രേതായുഗ എപ്പിസോഡിനാണ് ഇത്രയും ചെലവാകുന്നത്. ചിത്രത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഭാഗമാണ് ഇത്. ശ്രീരാമന്റെ കാലം സ്ക്രീനിലെത്തിക്കാന്‍ അത്രയും പ്രയത്നം രാജമൗലിയും സംഘവും കൊടുക്കുന്നുണ്ട്. വമ്പന്‍ സെറ്റുകളും പെര്‍ഫെക്ഷനുള്ള വിഎഫ്എക്സും കാലത്തിന് ചേരുന്ന വസ്ത്രാലങ്കാരവും വമ്പന്‍ ആക്ഷന്‍ കൊറഇയോഗ്രഫിയുമൊക്കെ ചേരുന്ന സീക്വന്‍സ് ആണ് ഇത്. കൃത്രിമം എന്ന് തോന്നിക്കാത്ത രീതിയിലുള്ള, ലോകനിലവാരത്തിലുള്ള സിജിഐ ആയിരിക്കും ഈ രംഗങ്ങളില്‍ ഉപയോഗിക്കുക. സങ്കീര്‍ണത അനുസരിച്ച് ഒരു സിംഗിള്‍ ഷോട്ടിന്റെ വിഎഫ്എക്സിന് തന്നെ ലക്ഷങ്ങളോ കോടികളോ ഒക്കെ ചെലവാകും. അത്തരത്തില്‍ ആയിരക്കണക്കിന് ഷോട്ടുകള്‍ ഈ 25 മിനിറ്റില്‍ ഉണ്ട്. ആക്ഷന്‍ രംഗങ്ങളില്‍ മോഷന്‍ ക്യാപ്ചര്‍, ക്രൗഡ് സിമുലേഷന്‍, സ്പെഷന്‍ എഫക്റ്റ്സ് ഇവയെല്ലാം ഉണ്ട്.
ബിഗ് സ്ക്രീനിലെ പെര്‍ഫെക്ഷനിസ്റ്റ് ആണ് എസ് എസ് രാജമൗലി. അദ്ദേഹം ഒരു മിത്തോളജിക്കല്‍ ചിത്രം ചെയ്യുമ്പോള്‍ പൂര്‍ണ്ണതയ്ക്കായി എടുക്കേണ്ടിവരുന്ന പ്രയത്നം ചിന്തിക്കാവുന്നതേയുള്ളൂ. ആഭരണങ്ങള്‍, ആയുധങ്ങള്‍, കെട്ടിടങ്ങളുടെ ഡിസൈന്‍, കഥാപാത്രങ്ങളുടെ ബോഡി ലാംഗ്വേജ് എന്നിവയ്ക്കൊക്കെയായി വലിയ തോതിലുള്ള റിസര്‍ച്ചും ഡിസൈനിംഗുമാണ് നടന്നത്. നിര്‍മ്മാണ ചെലവില്‍ ഇത്രയും വര്‍ധന ഉണ്ടായത് ഇതുകൊണ്ടെല്ലാം ആണ്. ഇന്റര്‍നാഷണല്‍ സ്റ്റണ്ട് ടീമും ലൈവ് ഓര്‍ക്കസ്ട്ര സ്കോറുകളുമൊക്കെ ചിത്രത്തില്‍ ഉണ്ടാവും. ത്രേതായുഗ എപ്പിസോഡില്‍ വന്‍ സ്കെയിലിലുള്ള യുദ്ധ രംഗങ്ങളും പ്രത്യേക ആയുധങ്ങളും ഒക്കെയുണ്ടാവും. 2027 ലാവും ചിത്രം തിയറ്ററുകളില്‍ എത്തുക.



