ടിവികെ അധ്യക്ഷൻ വിജയ്ക്കും നടി തൃഷയ്ക്കും എതിരെ തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ അധിക്ഷേപ പരാമർശം നടത്തി. തമിഴ്നാട്ടിലെ മത്സരം ഡിഎംകെയും ടിവികെയും തമ്മിലാണെന്ന വിജയുടെ പ്രസംഗമാണ് ബിജെപി നേതാവിനെ പ്രകോപിപ്പിച്ചത്.
ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്ക്കും നടി തൃഷയ്ക്കും എതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം. രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ വിജയ് വീട്ടിൽ നിന്ന് പുറത്തിറങ്ങണം. കുടുംബത്തെ നോക്കുകയും മുതിർന്നവർ പറയുന്നത് കേൾക്കുകയും വേണമെന്ന് നൈനാർ പറഞ്ഞു. തമിഴ്നാട്ടിൽ മത്സരം ഡിഎംകെയ്ക്കും ടിവികെയ്ക്കും ഇടയിൽ ആണെന്ന് സേലത്തെ റാലിയിൽ വിജയ് പ്രസംഗിച്ചതിന് പിന്നാലെയാണ് ബിജെപി നേതാവിന്‍റെ പരാമർശം.
"നിർഭാഗ്യവശാൽ, വിജയ്ക്ക് ഒന്നും അറിയില്ല. അദ്ദേഹത്തിന് അനുഭവ സമ്പത്തില്ല. ആദ്യം അദ്ദേഹത്തോട് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറയൂ. തൃഷയെ വിട്ട് പുറത്തിറങ്ങിയാൽ മാത്രമേ എല്ലാം നടക്കൂ. കുടുംബവുമായി നല്ല ബന്ധം നിലനിർത്തണം. നല്ല നേതാക്കൾ നയിക്കുന്ന പ്രസ്ഥാനങ്ങളെക്കുറിച്ച് നല്ല രീതിയിൽ സംസാരിക്കണം"- എന്നാണ് നൈനാർ നാഗേന്ദ്രൻ പറഞ്ഞത്.
മേൽക്കൂരയിൽ കയറി കോഴിയെ പിടിക്കാൻ കഴിയാത്ത ഒരാൾക്ക്, ആകാശത്തേറി വൈകുണ്ഠത്തിൽ പോകാൻ കഴിയുമോ എന്നും നൈനാർ നാഗേന്ദ്രൻ ചോദിച്ചു. നടനായതുകൊണ്ട് മാത്രം വോട്ട് ബാങ്കിന്റെ 32 ശതമാനം ലഭിക്കുമെന്ന് പറയുന്ന ഒരാളെ തനിക്ക് എങ്ങനെ അംഗീകരിക്കാൻ കഴിയുമെന്നും നൈനാർ നാഗേന്ദ്രൻ ചോദിക്കുന്നു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം ഡിഎംകെയും ടിവികെയും തമ്മിലായിരിക്കും എന്ന വിജയുടെ പരാമർശമാണ് തമിഴ്നാട്ടിലെ ബിജെപി അധ്യക്ഷനെ പ്രകോപിപ്പിച്ചത്.
അതിനിടെ എതിർ പാർട്ടിക്കാരുടെ കയ്യിൽ നിന്ന് പണം വാങ്ങിയാലും വോട്ട് ടിവികെയ്ക്ക് രേഖപ്പെടുത്തണമെന്ന് ജനങ്ങളോട് വിജയ് അഭ്യർത്ഥിച്ചു. എതിരാളികൾ പണം നൽകിയാലും നിരസിക്കേണ്ട. പക്ഷേ ടിവികെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ വിസിലിന് തന്നെ വോട്ട് ചെയ്യണമെന്നാണ് സേലത്തെ യോഗത്തിൽ വിജയ് ആവശ്യപ്പെട്ടത്.


