ബാലതാരമായി സിനിമയിലെത്തിയ കലാരഞ്ജിനി ഇന്ന് കോമഡി റോളുകളിലൂടെ ശ്രദ്ധേയയാണ്. വർഷങ്ങൾക്ക് മുൻപ് ഒരു സിനിമാ സെറ്റിലുണ്ടായ അപകടമാണ് അവരുടെ ശബ്ദം മാറ്റിയത്.
കോമഡി കലര്‍ന്ന ക്യാരക്റ്റര്‍ റോളുകളിലൂടെയാണ് ഇന്നത്തെ തലമുറയ്ക്ക് കലാരഞ്ജിനി എന്ന നടിയെ പരിചയം. എന്നാല്‍ ഒരു ബാലതാരമായി നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സിനിമയില്‍ എത്തിയ ആളാണ് കലാരഞ്ജിനി. ഉര്‍വശിയുടെയും കല്‍പനയുടെയും നേര്‍ സഹോദരി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ സിനിമകളിലും ഒപ്പം ടെലിവിഷന്‍ സീരിയലുകളിലും കലാരഞ്ജിനി അഭിനയിച്ചിട്ടുണ്ട്. ശബ്ദത്തിലെ വ്യത്യസ്തതയാണ് അഭിനയ മികവിനൊപ്പം അവരെ ശ്രദ്ധേയയാക്കുന്ന ഒരു ഘടകം. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന ശബ്ദം ആയിരുന്നില്ല കലാരഞ്ജിനിയുടേത്. അത് ഒരു സിനിമാ സെറ്റിലെ അപകടത്തിലൂടെ സംഭവിച്ചതാണ്. ഏറ്റവും പുതിയ ചിത്രം മോഹിനിയാട്ടത്തിലും കലാരഞ്ജിനിയുടെ പ്രകടനവും ശബ്ദവും ശ്രദ്ധ നേടുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച നിര്‍ഭാഗ്യകരമായ സംഭവം എന്താണെന്ന് നോക്കാം.
കലാരഞ്ജിനി തന്നെ പലപ്പോഴായി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. “വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു കാര്യമാണ്. വായില്‍ നിന്ന് രക്തം ഛര്‍ദ്ദിക്കുന്നത് പോലെ ഒരു സീന്‍ ആണ് എടുക്കേണ്ടിയിരുന്നത്. പ്രേം നസീര്‍ സാറിന്‍റെ കൂടെയാണ് ആ സിനിമയില്‍ ജോഡിയായി അഭിനയിച്ചത്. അന്ന് റെഡ് കളര്‍ പൗഡറില്‍ വെളിച്ചെണ്ണ മിക്സ് ചെയ്തിട്ടാണ് ദേഹത്ത് മുറിവ് പറ്റിയതോ രക്തം ഛര്‍ദ്ദിക്കുന്നതോ ഒക്കെ കാണിക്കുന്നത്. പക്ഷേ ഈ മേക്കപ്പ്മാന്‍.. അദ്ദേഹം അറിഞ്ഞുകൊണ്ട് ഒരിക്കലും ചെയ്യില്ല. പക്ഷേ അറിയാതെ എന്തോ ആസിഡ് കൂടി അതിലേക്ക് മിക്സ് ചെയ്തു. നസീര്‍ സാര്‍ ഇങ്ങനെ വായിലേക്ക് ഒഴിച്ചുതന്നു. വെള്ള സാരിയാണ് ഞാന്‍ ഉടുത്തിരുന്നത്. അതുകൊണ്ട് ഞാന്‍ ഒഴിച്ചുതരാം, ഷോട്ട് ആവുമ്പോള്‍ പറഞ്ഞാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു., ഒഴിച്ചത് മാത്രമേ എനിക്ക് ഓര്‍മ്മയുള്ളൂ. വായൊക്കെ വല്ലാതെയായി. എല്ലാവരും അത് തുപ്പാന്‍ പറഞ്ഞു. ഞാന്‍ തുപ്പുന്നുണ്ട്. പക്ഷേ ആ സെന്‍സ് പോയി. പിന്നീട് എന്ത് അസുഖം വന്നാലും ആദ്യം ബാധിക്കുന്നത് ശബ്ദത്തെയാണ്. എന്തൊക്കെയോ ഇട്ട് നോക്കി, പക്ഷേ നമുക്ക് അത് സ്ട്രെയിന്‍ ആണ്. പിന്നെ ഇങ്ങനെതന്നെ പോട്ടെ എന്ന് വച്ചു”, കലാരഞ്ജിനി പറഞ്ഞിട്ടുണ്ട്.
എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം സവിശേഷമായ ശബ്ദം അവരുടെ കഥാപാത്രങ്ങള്‍ക്ക് വേറിട്ട ഒരു ഭാവം നല്‍കുന്നു എന്നതാണ് യാഥാര്‍ഥ്യം. അതേസമയം സൈജു കുറുപ്പ് നായകനായ മോഹിനിയാട്ടം മികച്ച പ്രതികരണങ്ങളുമായി തിയറ്ററുകളില്‍ മുന്നേറുകയാണ്.

