സവിന്‍ സ സംവിധാനം ചെയ്ത വാഴ 2 എന്ന ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 200 കോടി പിന്നിട്ടു
മലയാള സിനിമയുടെ മാര്‍ക്കറ്റ് വര്‍ഷങ്ങള്‍ മുന്നോട്ട് പോകുന്തോറും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. തങ്ങളെ ആകര്‍ഷിക്കുന്ന, പുതുമയുള്ള ഉള്ളടക്കമാണെങ്കില്‍ വിജയിപ്പിക്കാന്‍ താരങ്ങളുടെ സാന്നിധ്യം ആവശ്യമില്ലെന്ന മലയാളി പ്രേക്ഷകരുടെ നിലപാട് ഇന്ന് മറുഭാഷാ ഇന്‍ഡസ്ട്രികളിലും ചര്‍ച്ചാവിഷയമാണ്. താരപരിവേഷമൊന്നുമില്ലാതെ വന്ന ഒരു ചിത്രമാണ് മോളിവുഡില്‍ നിലവിലെ ഏറ്റവും വലിയ ചര്‍ച്ച. വിപിന്‍ ദാസിന്‍റെ രചനയില്‍ സവിന്‍ സ സംവിധാനം ചെയ്ത് ഈ മാസം 2 ന് തിയറ്ററുകളില്‍ എത്തിയ വാഴ 2 ആണ് ആ ചിത്രം. 17 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം പല റെക്കോര്‍ഡ് ബുക്കുകളിലും ഇടംപിടിച്ചിരുന്നു. ചിത്രം ഇന്‍ഡസ്ട്രി ഹിറ്റ് ആവുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.
പുതുതലമുറ പ്രധാന ടാര്‍ഗറ്റ് ഓഡിയന്‍സ് ആയ ചിത്രം കുടുംബ പ്രേക്ഷകരുടെയും ചോയ്സ് ആണ് ഇപ്പോള്‍. വേനലവധിക്കാലം ഇനിയും ഒന്നര മാസത്തോളം ഉള്ളതിനാല്‍ ചിത്രത്തിന്‍റെ ഫൈനല്‍ ഗ്രോസ് ഇപ്പോള്‍ പ്രവചിക്കാനാവില്ല. ഇന്‍ഡസ്ട്രി ഹിറ്റ് ആയാലും അത്ഭുതപ്പെടാനില്ല. അത്തരത്തില്‍ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റ് അടിച്ചാല്‍ വര്‍ഷങ്ങളായി തകര്‍ക്കപ്പെടാതിരുന്ന രണ്ട് റെക്കോര്‍ഡുകള്‍ തകരും. ഒരു പുതുമുഖം നായകനാവുന്ന ചിത്രം ഇതിന് മുന്‍പ് ഇന്‍ഡസ്ട്രി ഹിറ്റ് അടിച്ചത് കുഞ്ചാക്കോ ബോബന്‍റെ നായക അരങ്ങേറ്റമായിരുന്ന അനിയത്തിപ്രാവ് ആയിരുന്നു. ഫാസില്‍ സംവിധാനം ചെയ്ത ചിത്രം 1997 ലാണ് പുറത്തെത്തിയത്. വാഴ ആദ്യ ഭാഗത്തില്‍ അഭിനയിച്ചതിനാല്‍ ഹാഷിറിനെ പൂര്‍ണ്ണമായും പുതുമുഖമെന്ന് വിളിക്കാനാവില്ലെങ്കിലും ഒരു പുതിയ ആളിന്‍റെ ആദ്യ നായകവേഷമാണ് ചിത്രം. വാഴ 2 മലയാളത്തിലെ ഏറ്റവും വലിയ കളക്ഷനിലേക്ക് കുതിച്ചാല്‍ അസാധാരണ നേട്ടമാണ് അത്.
മലയാളത്തിലെ തകര്‍ക്കപ്പെടാത്ത മറ്റൊരു റെക്കോര്‍ഡ് നവാഗത സംവിധായകന്‍റെ ഇന്‍ഡസ്ട്രി ഹിറ്റ് എന്ന റെക്കോര്‍ഡ് ആണ്. തന്‍റെ അരങ്ങേറ്റ ചിത്രമായ രാജമാണിക്യത്തിലൂടെ അന്‍വര്‍ റഷീദ് നേടിയെടുത്തതാണ് ഇത്. വാഴ 2 മലയാളത്തിലെ ഏറ്റവും വലിയ കളക്ഷനിലേക്ക് കുതിച്ചാല്‍ സവിന്‍ സ അന്‍വര്‍ റഷീദിന് ശേഷം ഈ റെക്കോര്‍ഡിന്‍റെ ഉടമയാവും. വിഷു റിലീസുകളായി മറ്റ് ചിത്രങ്ങള്‍ എത്തിയപ്പോള്‍ കളക്ഷനില്‍ ചെറിയ ഇടിവ് സംഭവിച്ചുവെങ്കിലും പ്രേക്ഷകരുടെ തിയറ്ററുകളിലെ നമ്പര്‍ 1 ചോയ്സ് ഇപ്പോഴും വാഴ 2 തന്നെയാണ്.

