ഇന്ത്യൻ സിനിമയിൽ 9 വർഷം മുൻപ് ഒരു ബോളിവുഡ് ചിത്രത്തിലൂടെ ആരംഭിച്ച ക്ലബ്ബ്

ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ ഒരുക്കുമ്പോള്‍ നിര്‍മ്മാതാക്കളുടെ ഇന്നത്തെ ആഗ്രഹം നൂറോ ഇരുനൂറോ കോടി ക്ലബ്ബ് അല്ല, മറിച്ച് 1000 കോടി മറികടക്കുക എന്നതാണ്. ഇന്ത്യന്‍ സിനിമയില്‍ 9 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച ക്ലബ്ബ് ആണ് അത്. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ കഴിഞ്ഞ 9 വര്‍ഷങ്ങളില്‍ എല്ലാ ഇന്ത്യന്‍ ഭാഷകളില്‍ നിന്നുമായി 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത് 9 ചിത്രങ്ങളും. ആമിര്‍ ഖാനെ നായകനാക്കി നിതേഷ് തിവാരി സംവിധാനം ചെയ്ത് 2016 ല്‍ പുറത്തെത്തിയ ദം​ഗലിലൂടെ ആയിരുന്നു ഇന്ത്യന്‍ സിനിമയിലെ 1000 കോടി ക്ലബ്ബിന്‍റെ ആരംഭം. എന്നാല്‍ ആദ്യ റിലീസിന് ശേഷം ചൈന, തായ്വാന്‍ എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിയതിലൂടെയാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. എന്നാല്‍ ആ ബോക്സ് ഓഫീസ് കുതിപ്പ് 1000 കോടിയിലും നിന്നില്ല. മറിച്ച് 2000 കോടിയും കടന്ന് പോയി. ഇന്ത്യന്‍ സിനിമയില്‍ 2000 കോടി കടന്ന ഒരേയൊരു ചിത്രവും ദം​ഗല്‍ തന്നെ.

അതിന് ശേഷം ഇന്ത്യന്‍ സിനിമയില്‍ അടുത്ത 1000 കോടി പിറക്കുന്നത് ബോളിവുഡില്‍ നിന്നല്ല. മറിച്ച് തെലുങ്ക് സിനിമയില്‍ നിന്നായിരുന്നു. ഇന്ത്യ മുഴുവന്‍ ട്രെന്‍ഡ് ആയി മാറിയ ബാഹുബലിയുടെ സീക്വല്‍. 2017 ല്‍ പുറത്തെത്തിയ ബാഹുബലി 2 ബോക്സ് ഓഫീസില്‍ നിന്ന് 1800 കോടിക്ക് മുകളില്‍ നേടി. 2017 ന് ശേഷം 2022 ലാണ് ഇന്ത്യന്‍ സിനിമയുടെ അടുത്ത 1000 കോടി ക്ലബ്ബ് എന്‍ട്രി. രണ്ടും തെന്നിന്ത്യന്‍ ചിത്രങ്ങള്‍ എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ബാഹുബലി സംവിധായകന്‍ രാജമൗലിയുടെ ആര്‍ആര്‍ആറും പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം കെജിഎഫ് ചാപ്റ്റര്‍ രണ്ടും ആയിരുന്നു അത്.

ഷാരൂഖ് ഖാന്‍റെ തിരിച്ചുവരവ് ചിത്രം പഠാനും അതേ വര്‍ഷം തന്നെ ഇറങ്ങിയ ജവാനും 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. 2024 ല്‍ രണ്ട് ചിത്രങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയത്. കല്‍ക്കി 2898 എഡിയും പുഷ്പ 2 ദി റൂളും. ഈ വര്‍ഷം ബോളിവുഡില്‍ നിന്നാണ് 1000 കോടി ക്ലബ്ബിലേക്കുള്ള ഇന്ത്യന്‍ സിനിമയുടെ ഒരേയൊരു എന്‍ട്രി. രണ്‍വീര്‍ സിം​ഗിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ദര്‍ ആണ് അത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming