മമ്മൂട്ടിയും വിനായകനും ഒന്നിച്ച 'കളങ്കാവല്‍' ആദ്യ ദിനം കേരള ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. 

പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരില്‍ കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രമാണ് കളങ്കാവല്‍. മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്‍റെ ആദ്യ യുഎസ്‍പി. മമ്മൂട്ടി ചിത്രത്തില്‍ പ്രതിനായകനാണെന്ന് ആദ്യമേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നെങ്കിലും ചിത്രത്തിന്‍റെ ലോഞ്ച് വേദിയിലാണ് മമ്മൂട്ടി അക്കാര്യം സ്ഥിരീകരിച്ചത്. ചിത്രത്തിന്‍റെ ഹൈപ്പ് ഉയര്‍ത്തിയ ഘടകമാണ് ഇതും. ചിത്രത്തിലൂടെ മറ്റൊരു നവാഗത സംവിധായകനെക്കൂടെ അവതരിപ്പിച്ചിരിക്കുകയുമാണ് മമ്മൂട്ടി. ജിതിന്‍ കെ ജോസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍ സംബന്ധിച്ച് ഇന്ന് രാവിലെ മുതല്‍ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നുവെങ്കിലും ഇപ്പോഴാണ് പൂര്‍ണ്ണമായ ട്രാക്കിംഗിന് ശേഷമുള്ള കണക്ക് എത്തിയിരിക്കുന്നത്. കേരളത്തില്‍ ചിത്രം നേടിയ ഓപണിംഗും ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപണിംഗ് കളക്ഷനുകളും നോക്കാം.

കേരളത്തിലെ പ്രധാനപ്പെട്ട ട്രാക്കര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കളങ്കാവല്‍ കേരളത്തില്‍ നിന്ന് റിലീസ് ദിനത്തില്‍ നേടിയത് 4.92 കോടിയാണ്. ഈ വര്‍ഷം കേരളത്തില്‍ ഒരു ചിത്രം നേടുന്ന ഏറ്റവും മികച്ച അഞ്ചാമത്തെ കളക്ഷനാണ് ഇത്. എമ്പുരാന്‍, കൂലി, കാന്താര ചാപ്റ്റര്‍ 1, തുടരും എന്നിവയാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ള ചിത്രങ്ങള്‍. മലയാള ചിത്രങ്ങളുടേത് മാത്രമെടുത്താല്‍ ഈ വര്‍ഷം കേരളത്തില്‍ നേടുന്ന ഏറ്റവും മികച്ച മൂന്നാമത്തെ ഓപണിംഗുമാണ് കളങ്കാവല്‍ നേടിയിരിക്കുന്നത്. 14.07 കോടി നേടിയ എമ്പുരാന്‍ ആണ് ലിസ്റ്റില്‍ ഒന്നാമത്.

രജനികാന്ത് ചിത്രം കൂലിയാണ് രണ്ടാം സ്ഥാനത്ത്. 9.75 കോടിയാണ് ചിത്രം നേടിയത്. മൂന്നാമത് കന്നഡ ചിത്രം കാന്താര ചാപ്റ്റര്‍ 1 ആണ്. 6.06 കോടിയാണ് ചിത്രത്തിന്‍റെ കേരള ഓപണിംഗ്. നാലാം സ്ഥാനത്ത് മോഹന്‍ലാലിന്‍റെ 200 കോടി ക്ലബ്ബ് ചിത്രം തുടരും ആണ്. 5.10 കോടി ആയിരുന്നു ചിത്രത്തിന്‍റെ കേരള ഓപണിംഗ്. ഡീയസ് ഈറേ ആണ് ആറാം സ്ഥാനത്ത്. 4.68 കോടിയാണ് പ്രണവ് മോഹന്‍ലാല്‍ നായകനായ ചിത്രം നേടിയത്. ഏഴാമത് സത്യന്‍ അന്തിക്കാടിന്‍റെ മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വ്വം ആണ്. 3.26 കോടിയാണ് ഹൃദയപൂര്‍വ്വത്തിന്‍റെ കേരള ഓപണിംഗ്.

മമ്മൂട്ടിയുടെ ബസൂക്കയാണ് എട്ടാമത്. 3.23 കോടിയാണ് ബസൂക്കയുടെ കേരള ഓപണിംഗ്. ലോക ഒന്‍പതാമതും ആലപ്പുഴ ജിംഖാന പത്താമതും ആണ്. മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ വിജയമായ ലോക ആദ്യ ദിനം കേരളത്തില്‍ നിന്ന് നേടിയത് 2.70 കോടി ആയിരുന്നു. ആലപ്പുഴ ജിംഖാന നേടിയതാവട്ടെ 2.62 കോടിയും.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live