അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു, ചങ്ങനാശ്ശേരിയിലെ ഒരു ബ്യൂട്ടി പാർലർ ഉദ്ഘാടനം ചെയ്തു. മുൻപ് ഒരു വ്ലോഗർക്കെതിരെ പരാതി നൽകാനെത്തിയപ്പോൾ തന്നോട് മോശമായി പെരുമാറിയ പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു ഇത്.

കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ആളാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. വിവാദങ്ങളും വിമർശനങ്ങളും വിട്ടൊഴിയാതെ രേണു സുധിയുടെ പുറകെയാണ്. കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ അഭിനയ രംഗത്തേക്കും മറ്റും എത്തിയതോടെ ആയിരുന്നു രേണു സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. പിന്നാലെ ട്രോളുകളും വിമർശനങ്ങളും ധാരാളമായി വന്നു. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകുന്നതിനിടെ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലും രേണു സുധി എത്തി. പരിഹസിച്ചവർക്ക് മുന്നിൽ ഇന്ന് അഭിമാനത്തോടെ നിൽക്കുകയാണ് രേണു.

കഴിഞ്ഞ ദിവസം രേണു സുധി ഒരു ബ്യൂട്ടി പാര്‍ലര്‍ ഉദ്ഘാടനം ചെയ്യാന്‍ ചങ്ങനാശേരിയില്‍ എത്തിയപ്പോള്‍ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയ വ്‌ളോഗര്‍ക്കെതിരെ പരാതി നല്‍കാന്‍ രേണു ചങ്ങനാശേരി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. അന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നോട് ദേഷ്യപ്പെട്ടു സംസാരിച്ചെന്ന് പറഞ്ഞ് രേണു കരഞ്ഞുകൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയിരുന്നു. പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്നു പറഞ്ഞ് കരയുന്ന രേണുവിന്റെ വീഡിയോ അന്ന് വൈറലാകുകയും ചെയ്തു. ഇതേ പൊലീസ് സ്റ്റേഷനു സമീപം ഉദ്ഘാടന ചടങ്ങിനെത്തിയിരിക്കുകയാണ് രേണു. അന്ന് കരഞ്ഞുകൊണ്ട് നിന്ന അതേ സ്ഥലത്ത് ഇന്ന് ഉദ്ഘാടകയായി എത്തിയത് ഒരു മധുര പ്രതികാരമാണെന്ന് രേണു പറയുന്നു.

''ഇന്നത്തെ ഈ ഉദ്ഘാടനം ഒരു മധുര പ്രതികാരം കൂടിയാണ്. ഈ സ്ഥാപനത്തിന്റെ എതിര്‍വശത്തുള്ള പൊലീസ് സ്റ്റേഷനു മുന്നിൽ ഒരു പ്രശ്‌നത്തിന്റെ പേരില്‍ ഞാന്‍ പൊട്ടിക്കരഞ്ഞുകൊണ്ടു നിന്നു. അന്ന് പൊട്ടിക്കരഞ്ഞ സ്ഥലത്തിന്റെ ഓപ്പോസിറ്റ് തന്നെ ഇങ്ങനെയൊരു ചടങ്ങിന് വിളിക്കുക എന്നത് ഒരു മധുര പ്രതികാരം തന്നെയാണ്. ആ ഉദ്യോഗസ്ഥന്മാര്‍ ഇപ്പോള്‍ അവിടെ ഇല്ല. പുതിയ ഉദ്യോഗസ്ഥരുണ്ട്. ഞാന്‍ അവരെയല്ല പറയുന്നത്. നല്ല ഉദ്യോഗസ്ഥരും ഉണ്ട്. എന്നാല്‍ അന്ന് അങ്ങനെ അല്ലായിരുന്നു'', എന്ന് രേണു പറഞ്ഞു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്