താര കല്യാണിനെ അർജുൻ സ്നേഹത്തോടെ കവിളിൽ കടിക്കുന്നതായിരുന്നു വീഡിയോ
മലയാളികൾക്ക് പ്രിയ താരകുടുംബമാണ് നടിയും നർത്തകിയുമായ താര കല്യാണിന്റേത്. താര കല്യാണിന്റെ അമ്മ സുബലക്ഷ്മിയും നടിയായിരുന്നു. മകൾ സൗഭാഗ്യ സോഷ്യൽ മീഡിയയിലെ താരമാണെങ്കിൽ മരുമകൻ അർജുൻ സോമശേഖർ അഭിനയരംഗത്ത് സജീവമാണ്. കുടുംബത്തിലെ വിശേഷങ്ങളും നല്ല നിമിഷങ്ങളുമെല്ലാം താരയും സൗഭാഗ്യയും അർജുനുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. താര കല്യാണിന്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു അര്‍ജുന്‍. അവിടെവച്ചുള്ള പരിചയമാണ് സൗഭാഗ്യയുമായുള്ള സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിയൊരുക്കിയത്.
അടുത്തിടെ താര കല്യാണിന്റെയും അർജുന്റെയും ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. താര കല്യാണിനെ അർജുൻ സ്നേഹത്തോടെ കവിളിൽ കടിക്കുന്നതായിരുന്നു വീഡിയോയിൽ. എന്നാൽ ഈ വീഡിയോ ചിലർ മോശമായ രീതിയിൽ വ്യാഖ്യാനിച്ചിരുന്നു. ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താര കല്യാൺ. ഇത്തരം പ്രചാരണങ്ങൾ കണ്ട് വിഷമം തോന്നിയെന്ന് താര കല്യാൺ പറയുന്നു.''അമ്മമാരുടെ മനസ് വേദനിപ്പിക്കരുത്. അമ്മമാരോട് ഇങ്ങനെയൊന്നും ചെയ്യരുത്. അവരുടെ മനസ് പിടഞ്ഞു പോകും'', എന്നാണ് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി താര കല്യാൺ പറഞ്ഞത്.
വീഡിയോയ്ക്കു താഴെയുള്ള കമന്റ് ബോക്സിൽ താര കല്യാണിനുള്ള പിന്തുണകൾ നിറയുകയാണ്. ''ഇത് അമ്മായി അമ്മയും മരുമോനും അല്ല അമ്മയും മോനും ആണ്'' എന്നാണ് വീഡിയോയ്ക്കു താഴെ ഒരാളുടെ കമന്റ്. ''ആകാൻ പിറവി കൊടുക്കണം എന്നില്ല ജന്മം കൊണ്ട് അമ്മയാവാനും മകനും ആവാനും കഴിയും. പറയുന്നവർ പറയട്ടെ. പാവം ആണ്.. ഒരു അമ്മയെയും. ഇങ്ങനെ വേദനിപ്പിക്കരുത് '' എന്നാണ് താര കല്യാണിനെ പിന്തുണച്ചുകൊണ്ടുള്ള മറ്റൊരു കമന്റ്.''അമ്മയല്ല അമ്മൂമ്മയെപ്പോലും നമ്മുടെ മല്ലൂസ് വെറുതെ വിടില്ല'', എന്നു പറഞ്ഞ് നുണ പ്രചാരണങ്ങൾ നടത്തുന്നവരെ വിമർശിക്കുന്നവരും ഉണ്ട്.



