ഇരുവശത്തും കെട്ടിടങ്ങളുള്ള ഒരു ഇടറോഡിലേക്ക് അണക്കെട്ട് തുറന്നുവിട്ടതുപോലെ ജലം മാനത്ത് നിന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ പെയ്‌തിറങ്ങുന്നതാണ് വീഡിയോയില്‍ കാണുന്നത്

ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും മഴക്കെടുതി തുടരുകയാണ്. ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലു ജമ്മു കശ്‌മീരിലും അടുത്തിടെ മേഘ വിസ്‌ഫോടനങ്ങളുണ്ടായിരുന്നു. ഹിമാലയന്‍ പ്രദേശങ്ങളില്‍ തുടര്‍ച്ചയായ മേഘസ്‌ഫോടനങ്ങള്‍ ആള്‍നാശം വിതയ്ക്കുന്നതിനിടെ ഒരു വീഡിയോ കേരളത്തിലടക്കം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാണ്. മേഘ വിസ്‌ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന പേരിലാണ് വീഡ‍ിയോ പ്രചരിക്കുന്നത്.

പ്രചാരണം

'മേഘ വിസ്‌ഫോടനം കണ്ടില്ലെങ്കില്‍ കാണുക'- എന്ന തലക്കെട്ടോടെയാണ് വീഡിയോ ഫേസ്ബുക്കില്‍ പല യൂസര്‍മാരും പങ്കുവെച്ചിരിക്കുന്നത്. വിവിധ യൂസര്‍മാര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നതിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ കാണാം. നിരവധി ഷെയറുകളും ഈ വീഡിയോയ്‌ക്ക് ലഭിച്ചിട്ടുണ്ട്. ഇരുവശത്തും കെട്ടിടങ്ങളുള്ള ഒരു ഇട റോഡിലേക്ക് ഒരു അണക്കെട്ട് തുറന്നുവിട്ടതുപോലെ ജലം മാനത്ത് നിന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ പെയ്‌തിറങ്ങുന്നതാണ് വീഡിയോയില്‍ കാണുന്നത്. വലിയൊരു മേഘം പൊട്ടിവീഴുന്നതുപോലെ തോന്നിക്കും ഇത്. അസാധാരണമാണ് ഈ ദൃശ്യത്തിന്‍റെ ഉള്ളടക്കം എന്ന് വ്യക്തം.

വസ്‌തുതാ പരിശോധന

ആദ്യ കാഴ്‌ചയില്‍ തന്നെ അസ്വാഭാവികതകള്‍ ഏറെ തോന്നിക്കുന്ന വീഡിയോയാണിത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു ചെറിയ പ്രദേശത്ത് അതിതീവ്രമായ മഴ പെയ്യുന്നതിനെയാണ് മേഘ വിസ്‌ഫോടനം എന്ന് പറയുന്നത്. മണിക്കൂറിൽ 100 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമ്പോഴാണ് അതിനെ മേഘസ്‌ഫോടനമായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് കണക്കാക്കുന്നത്. വീഡിയോയില്‍ കാണുന്ന പോലെ ഒരു ജലസംഭരണി തുറന്നുവിട്ടതുപോലെയോ, പൊട്ടിയതുപോലെയോ ഒന്നുമല്ല മേഘ വിസ്‌ഫോടനങ്ങളില്‍ മഴ പെയ്യാറ്. റോഡിലെ മീറ്ററുകളോളം മാത്രം വ്യാസമുള്ളയിടത്ത് വീഡിയോയില്‍ കാണുന്നതുപോലെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ അവിശ്വസനീയമായ അളവില്‍ മഴ പെയ്‌തിറങ്ങാന്‍ ഒരു സാധ്യതയുമില്ല. മാത്രമല്ല, വെള്ളം പെയ്‌ത് തീരും മുമ്പുതന്നെ റോഡിന്‍റെ എതിര്‍വശത്ത് വെള്ളപ്പൊക്കവും ദൃശ്യമാണ്. ഈ സംശയങ്ങളെല്ലാം വീഡിയോ എഐ നിര്‍മ്മിതമാവാം എന്ന സൂചന നല്‍കി.

അതിനാല്‍ വീഡിയോയുടെ വസ്‌‌തുത അറിയാന്‍ കീഫ്രെയിമുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഈ പരിശോധനയില്‍ kandha_odysseys_vines എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഓഗസ്റ്റ് 5ന് പോസ്റ്റ് ചെയ്‌തിരിക്കുന്ന ഒരു വീഡിയോ ലഭിച്ചു. മുപ്പതിനായിരത്തോളം ലൈക്കും 13 ലക്ഷത്തിലധികം വ്യൂവ്‌സും ലഭിച്ചി പോസ്റ്റാണിത്. ഈ ഇന്‍സ്റ്റ പോസ്റ്റിന്‍റെ വിവരണം പരിശോധിച്ചപ്പോള്‍, ഈ ദൃശ്യം എഐ ടൂളുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് കാണാനായി. വീഡിയോയുടെ യാഥാര്‍ഥ്യം ഈ തെളിവില്‍ നിന്ന് വ്യക്തമാണ്.

നിഗമനം

'മേഘ വിസ്‌ഫോടനം കണ്ടില്ലെങ്കില്‍ കാണുക' എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്ന വീഡിയോ എഐ ടൂളുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. വീഡിയോ റിയലാണ് എന്ന് കരുതി ആരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കരുത്.

Asianet News Live | Malayalam News Live | Onam 2025 | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News