ദില്ലിയിലെ ഇന്ത്യ-ഇസ്രയേൽ സംയുക്ത പ്രതിരോധ കേന്ദ്രത്തിൽ തീപ്പിടുത്തമുണ്ടായെന്ന സോഷ്യൽ മീഡിയ പ്രചാരണം വ്യാജം. ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നഗരത്തിലെ മറ്റൊരു തീപ്പിടുത്തമാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്നാണ് സൂചന.
ദില്ലി: രാജ്യ തലസ്ഥാനത്തെ ഇന്ത്യ-ഇസ്രയേൽ സംയുക്ത പ്രതിരോധ കേന്ദ്രത്തിൽ വൻ തീപ്പിടുത്തമുണ്ടായെന്ന സോഷ്യൽ മീഡിയയിലെ പ്രചാരണം വ്യാജമാണെന്ന് അധികൃതർ. ഇങ്ങനെയൊരു സംഭവം ദില്ലിയില്‍ നടന്നിട്ടേയില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഇറാനുമായി അമേരിക്കന്‍- ഇസ്രയേല്‍ സേനകള്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ദില്ലിയില്‍ ഇന്ത്യ-ഇസ്രയേൽ സംയുക്ത പ്രതിരോധ കേന്ദ്രത്തിൽ തീപ്പിടുത്തമുണ്ടായെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം തകൃതിയായി നടന്നത്.
വ്യാജ പ്രചാരണം സമൂഹ മാധ്യമങ്ങളില്‍
ഫേസ്ബുക്ക്, എക്‌സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് ഈ വ്യാജ വാർത്ത വ്യാപകമായി പ്രചരിച്ചത്. ദില്ലിയില്‍ ഇന്ത്യയും ഇസ്രയേലും ഡ്രോണുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു പ്രതിരോധ കേന്ദ്രത്തിനാണ് തീപ്പിടിച്ചതെന്നായിരുന്നു സമൂഹ മാധ്യമ പോസ്റ്റുകളിലെ പ്രധാന അവകാശവാദം. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഇറാൻ അനുകൂലികളാണ് ഇതിന് പിന്നിലെന്നും ചിലർ ആരോപിച്ചു. എന്നാൽ, തീപ്പിടുത്തം സംബന്ധിച്ചുള്ള സോഷ്യല്‍ മീഡിയയിലെ ഈ വാദങ്ങൾക്കൊന്നും യാതൊരു സ്ഥിരീകരണവുമില്ല.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഫാക്‌ട് ചെക്ക് വിഭാഗം ഈ പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദില്ലിയിലെ ഇന്ത്യ-ഇസ്രയേൽ പ്രതിരോധ കേന്ദ്രത്തിൽ തീപ്പിടുത്തമുണ്ടായതായി ഒരു റിപ്പോർട്ടുമില്ലെന്നും, ഇത്തരം തെറ്റിദ്ധാരണാജനകമായ വാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ഫാക്‌ട് ചെക്ക് എക്‌സ് ഹാന്‍ഡിലിലൂടെ വ്യക്തമാക്കി. വിവരങ്ങള്‍ പങ്കുവെക്കും മുമ്പ് അതിൻ്റെ സത്യാവസ്ഥ ഉറപ്പുവരുത്തണമെന്ന് അധികൃതർ സോഷ്യൽ മീഡിയ ഉപയോക്താക്കളോട് അഭ്യർഥിച്ചു. കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക സർക്കാർ അറിയിപ്പുകളെയോ വിശ്വസനീയമായ വാർത്താ മാധ്യമങ്ങളെയോ ആശ്രയിക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു.
ഇന്ത്യൻ പ്രതിരോധ മന്ത്രാലയമോ, വിശ്വസനീയമായ ദേശീയ, അന്തർദേശീയ മാധ്യമങ്ങളോ ഇങ്ങനെയൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് വിവരങ്ങളൊന്നും വരാത്തത് തന്നെ, ഈ പ്രചാരണം വ്യാജമാണെന്നതിൻ്റെ സൂചനയാണ്.
പ്രചാരണങ്ങള്‍ക്ക് കാരണമായത് ദില്ലിയിലെ മറ്റൊരു തീപ്പിടുത്തം?
ദില്ലി നജഫ്‌ഗഡ് ഏരിയയിൽ നടന്ന മറ്റൊരു തീപ്പിടുത്തമാണ് ഈ വ്യാജപ്രചാരണത്തിന് കാരണമായതെന്നാണ് കരുതുന്നത്. നജഫ്‌ഗഡില്‍ എയർ കൂളറുകൾ സൂക്ഷിച്ചിരുന്ന ഒരു വെയർഹൗസിന് തീപ്പിടിക്കുകയായിരുന്നു. ഈ സംഭവം പ്രാദേശികമായി ആശങ്കയുണ്ടാക്കിയെങ്കിലും, അതിന് ഏതെങ്കിലും പ്രതിരോധ കേന്ദ്രവുമായി യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ യുദ്ധം മൂര്‍ച്ഛിച്ച പശ്ചാത്തലത്തിലാണ് ദില്ലിയിലെ തീപ്പിടുത്തം സംബന്ധിച്ച് വ്യാജ പ്രചാരണങ്ങളുണ്ടായത്.



