ലോകോത്തര ടെക് ഭീമനായ ആപ്പിൾ, എഐ സാങ്കേതികവിദ്യയോട് കൂടിയ സ്മാർട്ട് കണ്ണടകൾ വികസിപ്പിക്കുകയാണ്. വിവിധ ഫ്രെയിം ഡിസൈനുകളിൽ പരീക്ഷിക്കുന്ന ഈ കണ്ണടകൾക്ക് മെച്ചപ്പെടുത്തിയ ക്യാമറ, കോൾ, മ്യൂസിക് സൗകര്യങ്ങൾ എന്നിവയുണ്ടാകും. 

കാലിഫോര്‍ണിയ: ലോകത്തിലെ മുൻനിര ടെക് കമ്പനിയായ ആപ്പിൾ എഐ സാങ്കേതികവിദ്യ സംയോജിപ്പിച്ച സ്‌മാർട്ട് കണ്ണടകൾ വികസിപ്പിക്കുന്നു. ഈ സ്‌മാർട്ട് കണ്ണടകൾ വിവിധ ഫ്രെയിം ഡിസൈനുകളിലും നിറങ്ങളിലുമായി ഈ വർഷാവസാനത്തോടെ തന്നെ അവതരിപ്പിക്കാനാണ് സാധ്യത എന്നാണ് പുതിയ റിപ്പോർട്ടുകൾ. മികച്ച ക്യാമറ ഫീച്ചറുകളും ഈ സ്‌മാര്‍ട്ട് കണ്ണടയ്‌ക്കുണ്ടാകും. 

നാല് വ്യത്യസ്‌ത ഫ്രെയിം ഡിസൈനുകള്‍ പരീക്ഷണത്തില്‍

ബ്ലൂംബെർഗിലെ മാർക്ക് ഗുർമാൻ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, ആപ്പിളിന്‍റെ ഡിസൈൻ ടീം കുറഞ്ഞത് നാല് വ്യത്യസ്‌ത ഫ്രെയിം ശൈലികൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വലിയ റെക്‌ടാംഗുലർ ഫ്രെയിം, സ്ലിം റെക്‌ടാംഗുലർ മോഡൽ, വലിയ ഓവൽ അല്ലെങ്കിൽ വൃത്താകൃതിയിലുള്ള ഡിസൈൻ, ചെറിയ ഓവൽ ഫ്രെയിം എന്നിവയാണ് പരിഗണനയിൽ ഉള്ളത്. ക്ലാസിക് റേ-ബാൻ വേഫെയറുകളുടെ സമാന മാതൃകയിൽ നിന്നുള്ള പ്രചോദനവും ചില ഡിസൈനുകളിൽ കാണാമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, സാധാരണ പ്ലാസ്റ്റിക്കിന് പകരം കൂടുതൽ ദൃഢവും ആഡംബരപരവുമായ അസിറ്റേറ്റ് പോലുള്ള മെറ്റീരിയൽ ഉപയോഗിച്ച് കണ്ണടകൾ നിർമ്മിക്കാനും ആപ്പിൾ ആലോചിക്കുന്നു. വിപണിയിൽ സ്‌മാർട്ട് കണ്ണടകൾക്ക് ശക്തമായ മത്സരം നിലനിൽക്കുന്ന സാഹചര്യത്തിൽ, തനതായ രൂപകൽപ്പനയിലൂടെ ശ്രദ്ധ നേടുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

ഇതിനിടെ, മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കൗണ്ടർ റിസർച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, 2025-ന്‍റെ രണ്ടാം പാദത്തിൽ സ്‍മാർട്ട് ഗ്ലാസ് വിപണി 139 ശതമാനം വളർച്ച രേഖപ്പെടുത്തി. മെറ്റ പ്ലാറ്റ്ഫോംസ് പുറത്തിറക്കിയ എഐ സ്‌മാർട്ട് കണ്ണടകളുടെ ജനപ്രീതിയാണ് ഈ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചിരിക്കുന്നത്.

എഐ ഉപകരണങ്ങളുടെ വലിയ നിരയുമായി ആപ്പിള്‍

അതേസമയം, ആപ്പിൾ അടുത്ത വർഷങ്ങളിൽ എഐ അധിഷ്‌ഠിത ഉപകരണങ്ങളുടെ വലിയ നിര പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഫോള്‍ഡബിൾ ഐഫോൺ, ക്യാമറയോടുകൂടിയ എയർപോഡ്‍സ്, സ്‌മാർട്ട് ഹോം ഡിസ്പ്ലേ, ക്യാമറ പെൻഡന്‍റ് തുടങ്ങിയവയും കമ്പനിയുടെ പദ്ധതികളിൽ ഉൾപ്പെടുന്നു. പുതിയ സ്‌മാർട്ട് കണ്ണടകളിലെ മറ്റൊരു പ്രധാന സവിശേഷത പുതുക്കിയ ക്യാമറ സംവിധാനമാണ്. ലംബമായി സജ്ജീകരിച്ച ഓവൽ ലെൻസുകളും ചുറ്റും ലൈറ്റുകളും ഉള്ള ഡിസൈൻ കമ്പനി പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഫോട്ടോയും വീഡിയോയും പകർത്തുന്നതിന് പുറമെ, കോളുകൾ കൈകാര്യം ചെയ്യുക, നോട്ടിഫിക്കേഷനുകൾ ലഭ്യമാക്കുക, മ്യൂസിക് പ്ലേ ചെയ്യുക തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാകും.

ഈ കണ്ണടകൾ മൾട്ടിമോഡൽ എഐ സംവിധാനത്തോടൊപ്പം പ്രവർത്തിക്കുകയും, മെച്ചപ്പെടുത്തിയ സിരി സേവനവും ദൃശ്യബോധ ശേഷികളും നൽകുകയും ചെയ്യും. എന്നാൽ, ഓഗ്മെന്‍റഡ് റിയാലിറ്റി (AR) സൗകര്യം ഇതിൽ ഉണ്ടാകില്ല എന്നാണ് റിപ്പോർട്ട്. ആപ്പിളിന്‍റെ എഐ സ്‌മാർട്ട് കണ്ണടകൾ 2026 അവസാനത്തോടെ അവതരിപ്പിക്കപ്പെടുകയും 2027-ഓടെ വിപണിയിൽ എത്തുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming