2026-ന്‍റെ തുടക്കത്തില്‍ വിപണിയിലെത്തുന്ന പ്രധാന സ്‌മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെ? ആപ്പിള്‍, സാംസങ്, മോട്ടോറോള, ഓപ്പോ, വിവോ എന്നീ ബ്രാന്‍ഡുകളില്‍ നിന്ന് ഉടന്‍ വരാനിരിക്കുന്ന മൊബൈലുകള്‍ ഇവയാണ്.
തിരുവനന്തപുരം: സ്‌മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ സംബന്ധിച്ച് ഏറെ ആകാംക്ഷ നിറഞ്ഞ വര്‍ഷമാണ് 2026. ഇതില്‍ ചില മൊബൈലുകള്‍ പുതുവര്‍ഷത്തിന്‍റെ തുടക്കത്തില്‍ തന്നെ വിപണിയിലെത്തും. ആപ്പിളിന്‍റെ ഐഫോണ്‍ 17ഇ ഇതിലൊരു ഫോണ്‍ മോഡലാണ്. 2026-ന്‍റെ തുടക്കത്തില്‍ വിപണിയിലെത്തുന്ന പ്രധാന സ്‌മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെയെന്ന് ഇതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കാം.
2026-ന്‍റെ തുടക്കത്തില്‍ വിപണിയിലെത്തുന്ന ഫോണുകള്‍
1. ഐഫോണ്‍ 17ഇ (iPhone 17E)
ആപ്പിളിന്‍റെ ബജറ്റ്-ഫ്രണ്ട്‌ലി എന്ന വിശേഷണമുള്ള ഐഫോണ്‍ 17ഇ സ്‌മാര്‍ട്ട്‌ഫോണ്‍ 2026 ഫെബ്രുവരി/മാര്‍ച്ച് മാസങ്ങളില്‍ വിപണിയിലെത്തും എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ആപ്പിള്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ ലോഞ്ച് സമയം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഐഫോണ്‍ 16ഇയിലെ സമാന ഒഎല്‍ഇഡി പാനലാണ് ഐഫോണ്‍ 17ഇയിലും വരികയെന്നാണ് ഇലെകിന്‍റെ റിപ്പോര്‍ട്ട്. ഐഫോണ്‍ 17 ലൈനപ്പിലെ എ19 പ്രോസസറും ഡൈനാമിക് ഐലന്‍ഡും ഈ ഫോണിന് ലഭിച്ചേക്കും എന്നും സൂചനയുണ്ട്. അതേസമയം, ഐഫോണ്‍ എയര്‍ 2, ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്‌സ്, ഐഫോണ്‍ ഫോള്‍ഡ് എന്നിവ 2026 സെപ്റ്റംബറിലും ഐഫോണ്‍ 18, ഐഫോണ്‍ 18ഇ എന്നിവ 2027 മാര്‍ച്ചിലുമാണ് വിപണിയിലെത്താന്‍ സാധ്യത.
- സാംസങ് ഗാലക്‌സി എസ്26 സീരീസ് (Samsung Galaxy S26 series)
മറ്റൊരു പ്രധാന ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങും 2026-ന്‍റെ തുടക്കത്തില്‍ പുത്തന്‍ സീരീസ് പുറത്തിറക്കും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജനുവരിയിലായിരുന്നു സാംസങ്ങിന്‍റെ പ്രധാന ലോഞ്ച് എങ്കില്‍ ഇപ്പോള്‍ പുറത്തുവരുന്ന ലീക്കുകള്‍ പറയുന്നത്, 2026 ഫെബ്രുവരി മാസത്തിലായിരിക്കും ഗാലക്‌സി എസ്26 സീരീസ് അവതരിപ്പിക്കുക എന്നാണ്. ഫെബ്രുവരി മധ്യത്തോടെയാവും ഗാലക്‌സി അണ്‍പാക്‌ഡ് ഇവന്‍റ് നടക്കുക എന്നാണ് വിവരം. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ഈ ഫോണുകള്‍ ഉപഭോക്താക്കളുടെ കൈകളിലെത്തും. ക്യാമറ കേന്ദ്രീകൃതമായ ഗാലക്‌സി എസ്26 അള്‍ട്ര ആയിരിക്കും ഈ സീരീസിലെ പ്രധാന ആകര്‍ഷണം. 2026 ജൂലൈ മാസത്തിലെ ലോഞ്ച് വിന്‍ഡോയിലാവും ഗാലക്‌സി സ്സെഡ് ഫോള്‍ഡ് 8 ഉം, ഫ്ലിപ് 8 ഉം ദക്ഷിണ കൊറിയന്‍ ഭീമന്‍ അവതരിപ്പിക്കുക.
3. ഗൂഗിള്‍ പിക്‌സല്‍ 10എ (Google Pixel 10a)
ഗൂഗിളിന്‍റെ മിഡ്-റേഞ്ച് ഗണത്തില്‍പ്പെടുത്താവുന്ന പിക്‌സല്‍ 10എ 2026 മാര്‍ച്ച് മാസമാകും ആഗോളതലത്തില്‍ അവതരിപ്പിക്കപ്പെടുക. മാര്‍ച്ച് 10നും 20നും ഇടയിലായിരിക്കും ഗൂഗിള്‍ പിക്‌സല്‍ 10എയുടെ ലോഞ്ച് തീയതി എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ പിക്‌സല്‍ 10എ എത്തുമെന്ന് പ്രതീക്ഷിക്കാം. പിക്‌സല്‍ 9എ-യുടെ പിന്‍ഗാമി ടെന്‍സര്‍ ജി4 ചിപ്പില്‍ വരുമെന്നാണ് പ്രതീക്ഷ.
4. മോട്ടോറോള റേസര്‍ 2026 (Motorola Razr 2026)
മോട്ടോറോള റോസര്‍ 2026, റേസര്‍ പ്ലസ് 2026, റേസര്‍ അള്‍ട്ര 2026 എന്നീ മൂന്ന് സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ വിപണിയിലെത്താനിരിക്കുന്നു. ഇതിലൊരു റേസര്‍ മൊബൈല്‍ മോഡലെങ്കിലും 2026 ഏപ്രില്‍/മെയ് മാസങ്ങളില്‍ വിപണിയിലെത്തുമെന്ന് കരുതാം. അതേസമയം, മോട്ടോറോള റേസര്‍ അള്‍ട്ര 2026 ഓഗസ്റ്റ്/സെപ്റ്റംബര്‍ മാസങ്ങളിലൊന്നിലായിരിക്കും വിപണിയിലെത്തുക. മൂന്ന് റേസര്‍ ഫോണുകളും തമ്മിലുള്ള വ്യത്യാസം ചിപ്പിന്‍റെ കരുത്തിലും, കവര്‍ സ്‌ക്രീനിന്‍റെ വലിപ്പത്തിലും വിലയും ഒപ്റ്റിക്‌സിലുമായിരിക്കും.
5. വിവോ എക്സ്300 അള്‍ട്ര (Vivo X300 Ultra)
ഇരട്ട 200-മെഗാപിക്‌സല്‍ ക്യാമറയോടെ വിവോ അവതരിപ്പിക്കുമെന്ന് കരുതുന്ന ടോപ്-വേരിയന്‍റ് ഫോണ്‍ മോഡലാണ് വിവോ എക്സ്300 അള്‍ട്ര. 2026 മാര്‍ച്ചില്‍ ഈ ഫോണ്‍ പുറത്തിറങ്ങിയേക്കും. 200എംപി പ്രധാന ക്യാമറ, 200എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ് എന്നിവയ്‌ക്ക് പുറമെ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്പ്, ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയുമുള്ള വിവോ എക്സ്300 അള്‍ട്ര ലോകവ്യാപകമായ ലോഞ്ചിനാണ് ഒരുങ്ങുന്നത് എന്നാണ് ലീക്കുകള്‍ സൂചിപ്പിക്കുന്നത്. വിവോ എക്‌സ്200 അള്‍ട്രയുടെ പിന്‍ഗാമിയായാവും ഈ ഫോണ്‍ വിപണിയിലെത്തുക.
6. ഓപ്പോ ഫൈന്‍ഡ് എക്‌സ്9 അള്‍ട്ര (Oppo Find X9 Ultra)
2026 ഏപ്രില്‍ മാസമാണ് ഓപ്പോ ഫൈന്‍ഡ് എക്‌സ്9 അള്‍ട്ര ഫ്ലാഗ്‌ഷിപ്പ് അവതരിപ്പിക്കാന്‍ സാധ്യത. 7000 എംഎഎച്ചിന്‍റെ കരുത്തുറ്റ ബാറ്ററി, സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്പ്, 200എംപി പ്രധാന ക്യാമറ സഹിതമുള്ള ഒപ്റ്റിക്കല്‍ അപ്‌ഗ്രേഡ് എന്നിവ ഓപ്പോ ഫൈന്‍ഡ് എക്‌സ്9 അള്‍ട്രയില്‍ പ്രതീക്ഷിക്കുന്നു. ഫൈന്‍ഡ് എക്സ്9, ഫൈന്‍ഡ് എക്സ്9 പ്രോ എന്നിവ 2025 അവസാനത്തോടെ (ഓപ്പോ ഫൈന്‍ഡ് എക്‌സ്9 അള്‍ട്ര) ലോഞ്ച് ചെയ്‌തെങ്കിലും അള്‍ട്ര മോഡലിന്‍റെ പ്രകാശനം 2026-ലേക്ക് നീട്ടിവെക്കുകയായിരുന്നു.



