ആപ്പിള്‍ പുറത്തിറക്കിയ അള്‍ട്രാ-സ്ലിം മോഡലായ ഐഫോണ്‍ എയറിന്‍റെ വില്‍പന മാത്രമല്ല, റീസെയില്‍ മൂല്യവും കുറഞ്ഞതായി റിപ്പോര്‍ട്ട്. ആപ്പിളിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട് ഐഫോണ്‍ എയര്‍.
കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ഏറ്റവും പുതിയ ഐഫോൺ 17 സീരീസ് വൻ വിജയമായിരുന്നു. എന്നാൽ ഈ സീരീസിലെ ആപ്പിളിന്‍റെ പരീക്ഷണമായ ഐഫോൺ എയർ മോഡൽ മോശം പ്രകടനമാണ് കാഴ്‌ചവച്ചത്. വിൽപ്പന മോശമായതിനാൽ തുടക്കത്തിൽ ആപ്പിളിന്‍റെ സപ്ലൈയര്‍മാര്‍ ഐഫോണ്‍ എയര്‍ മോഡലിന്‍റെ ഉത്പാദനം കുറച്ചിരുന്നു. ഐഫോൺ എയറിന്‍റെ റീസെയിൽ വാല്യുവും കുത്തനെ ഇടിഞ്ഞതായിട്ടാണ് പുതിയ റിപ്പോർട്ടുകൾ. ഐഫോൺ 17 സീരീസിലെ മറ്റേതൊരു മോഡലിനെക്കാളും സെക്കൻഡ് ഹാൻഡ് വിപണിയിൽ ഐഫോണ്‍ എയറിന്‍റെ വില കുത്തനെ കുറഞ്ഞു എന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.
റീസെയിൽ മൂല്യം എത്രത്തോളം കുറഞ്ഞു?
ഐഫോണ്‍ എയർ മോഡലും ആപ്പിളിന്‍റെ പ്രധാന ഐഫോൺ 17 ശ്രേണിയും തമ്മിലുള്ള വില്‍പനയില്‍ അസാധാരണമാം വിധം വലിയ വിടവ് സെൽസെൽ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. സെൽസെൽ ഏകദേശം 40 ട്രേഡ്-ഇൻ കമ്പനികളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്‌തു. ഈ വിശകലനത്തിൽ ഐഫോൺ എയറിന്‍റെ റീസെയിൽ മൂല്യം ലോഞ്ച് ചെയ്‌ത് 10 ആഴ്‌ചകൾക്കുള്ളിൽ ഏകദേശം 50 ശതമാനം കുറഞ്ഞതായി കണ്ടെത്തി. അതായത്, ഫോൺ അതിന്‍റെ യഥാർഥ വിലയുടെ പകുതി വിലയ്ക്ക് വാങ്ങുന്നുതിന് തുല്യം. താരതമ്യപ്പെടുത്തുമ്പോൾ, ഐഫോൺ 17 നിരയിലെ മറ്റ് മോഡലുകൾ മികച്ച റീസെയിൽ മൂല്യം വാഗ്‌ദാനം ചെയ്യുന്നു. സ്റ്റാൻഡേർഡ് ഐഫോൺ 17ന് ഏകദേശം 35 ശതമാനം വിലക്കുറവ് അനുഭവപ്പെടുന്നു. അതേസമയം ഐഫോൺ എയറിന്‍റെ 1ടിബി മോഡലിന് ഏകദേശം 48 ശതമാനം കുറഞ്ഞ ട്രേഡ്-ഇൻ വിലയാണ് ലഭിക്കുന്നത്.
പ്രോ മോഡലുകൾക്ക് ശക്തമായ ഡിമാൻഡ്
ഐഫോൺ എയറിൽ നിന്ന് വ്യത്യസ്‍തമായി, 17 പ്രോ മോഡലുകൾക്ക് ഉയർന്ന ഡിമാൻഡ് തുടരുന്നു. അവയുടെ റീസെയിൽ വാല്യു കാര്യമായി കുറഞ്ഞിട്ടില്ല. ഐഫോൺ 17 പ്രോ മാക്‌സിന്‍റെ 256 ജിബി മോഡലിന്‍റെ റീസെയില്‍ മൂല്യം 26 ശതമാനം മാത്രമേ കുറഞ്ഞിട്ടുള്ളൂ എന്ന് വിശകലനം കാണിക്കുന്നു. മറ്റെല്ലാ കോൺഫിഗറേഷനുകളുടെയും പുനർവിൽപ്പന മൂല്യം പരമാവധി 40 ശതമാനം കുറഞ്ഞു. എങ്കിലും സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ മോഡലുകൾക്ക് ശക്തമായ ഡിമാൻഡ് ഉണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. സ്റ്റാൻഡേർഡ്, പ്രോ മോഡലുകൾ സെക്കൻഡ് ഹാൻഡ് വിപണിയിൽ കൂടുതൽ ജനപ്രിയമാണെന്നും ഐഫോൺ എയറിന് ഉപഭോക്താക്കളുടെ എണ്ണം കുറവാണെന്നും സെൽസെൽ ഡാറ്റ കാണിക്കുന്നു.



