വൺപ്ലസ് 15 സ‌്‌മാര്‍ട്ട്‌ഫോണ്‍ ഇന്ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. വണ്‍പ്ലസിന്‍റെ പുതിയ ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണിന്‍റെ ക്യാമറ അടക്കമുള്ള സ്‌പെസിഫിക്കേഷനുകള്‍, ഫീച്ചറുകള്‍ പ്രതീക്ഷിക്കുന്ന വില തുടങ്ങി അറിയേണ്ട വിവരങ്ങളെല്ലാം വിശദമായി.
ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വൺപ്ലസ് അവരുടെ അടുത്ത ഫ്ലാഗ്ഷിപ്പ് സ്‍മാർട്ട്‌ഫോണായ വൺപ്ലസ് 15 ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. വൺപ്ലസ് 15 ഇന്ന് വൈകുന്നേരം ഏഴ് മണിക്കാണ് ഇന്ത്യയില്‍ അനാച്ഛാദനം ചെയ്യുന്നത്. കമ്പനിയുടെ ഔദ്യോഗിക ചാനലുകളിൽ ലൈവ് സ്ട്രീം ലഭ്യമാണ്. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി വണ്‍പ്ലസ് 15 സ്‌മാര്‍ട്ട്‌ഫോണിന്‍റെ വിലയെയും പ്രധാന സവിശേഷതകളെയും കുറിച്ചുള്ള നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതാ പുതിയ വൺപ്ലസ് 15-നെ സംബന്ധിച്ച് ഇതുവരെ അറിയാവുന്നതെല്ലാം.
വണ്‍പ്ലസ് 15 സ്പെസിഫിക്കേഷനുകള്‍
ക്വാൽകോമിന്‍റെ കരുത്തുറ്റ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ സ്‍മാർട്ട്‌ഫോൺ ആയിരിക്കും വൺപ്ലസ് 15. കമ്പനി ഇതിനകം തന്നെ വണ്‍പ്ലസ് 15-ന്‍റെ നിരവധി സാങ്കേതിക സവിശേഷതകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ഏറ്റവും പുതിയ ഓൺലൈൻ റിപ്പോർട്ടുകൾ വൺപ്ലസ് 15-ൽ ബ്രാന്‍ഡിന്‍റെതായി ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ 7,300 എംഎഎച്ച് ബാറ്ററി ഉൾപ്പെടെ ലഭിക്കും. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വൺപ്ലസ് 15-ന്‍റെ അടിസ്ഥാന വേരിയന്‍റിന് 72,999 രൂപ വില വരുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അതേസമയം, 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഉയർന്ന മോഡലിന് 76,999 രൂപയോളം വിലവരും. ഉപഭോക്താക്കൾക്ക് ഒരു പ്രൊമോഷണൽ ബണ്ടിലിന്‍റെ ഭാഗമായി ഏകദേശം 2,699 വിലയുള്ള ഒരു ജോഡി വൺപ്ലസ് നോർഡ് ഇയർബഡുകൾ വണ്‍പ്ലസ് 15-നൊപ്പം സൗജന്യമായി ലഭിച്ചേക്കാം.
വണ്‍പ്ലസ് 15ന് ഇന്ത്യയില്‍ എത്ര രൂപയാകും?
വില സംബന്ധിച്ച് വൺപ്ലസ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും വണ്‍പ്ലസ് 15 ലോഞ്ച് വില 75,000 രൂപയിൽ താഴെയായി തുടരുമെന്ന് നിരവധി റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. കമ്പനിയുടെ മുൻ ഫ്ലാഗ്ഷിപ്പ് മോഡലായ വൺപ്ലസ് 13 ഫോണ്‍ 69,999 രൂപയ്ക്കാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് പിന്നീട് ഇതിന്‍റെ വില 63,999 രൂപ ആയി കുറഞ്ഞു. വണ്‍പ്ലസ് 15 ലോഞ്ചിന് മുന്നോടിയായി വൺപ്ലസ് ഒരു മണിക്കൂർ പ്രത്യേക ഏർലി ആക്‌സസ് വിൽപ്പന ആസൂത്രണം ചെയ്യുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ഇത് ഔദ്യോഗികമായി വിൽപ്പനയ്‌ക്ക് എത്തുന്നതിനുമുമ്പ് ഫോൺ വാങ്ങാൻ ആകാംക്ഷയുള്ള ഉപഭോക്താക്കൾക്ക് അവസരം നൽകുന്നു. ആമസോൺ ഇന്ത്യ, വൺപ്ലസ് ഓൺലൈൻ സ്റ്റോർ, രാജ്യത്തുടനീളമുള്ള അംഗീകൃത റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയിലൂടെ ഈ സ്‍മാർട്ട്‌ഫോൺ ലഭ്യമാകും.



