ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസ്, നോർഡ് സിഇ 6, നോർഡ് സിഇ 6 ലൈറ്റ് എന്നീ പുതിയ മോഡലുകൾ മെയ് ഏഴിന് ഇന്ത്യയിൽ അവതരിപ്പിക്കും. 8000 എംഎഎച്ച് ബാറ്ററിയും സ്‌നാപ്‌ഡ്രാഗൺ 7എസ് ജെൻ 4 പ്രൊസസറുമാണ് വൺപ്ലസ് നോർഡ് സിഇ 6-ന്റെ പ്രധാന ആകർഷണം. ഫോണുകളുടെ വിലയും മറ്റ് സവിശേഷതകളും ലോഞ്ച് ഇവന്റിൽ വെളിപ്പെടുത്തും.

ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസ് ഇന്ത്യയില്‍ അവരുടെ നോര്‍ഡ് സീരീസ് വിപുലീകരിക്കുന്നു. വണ്‍പ്ലസ് നോര്‍ഡ് സിഇ 6 (OnePlus Nord CE 6), വണ്‍പ്ലസ് നോര്‍ഡ് സിഇ 6 ലൈറ്റ് (OnePlus Nord CE 6 Lite) എന്നിവ ഇന്ത്യയില്‍ മെയ് ഏഴിന് ലോഞ്ച് ചെയ്യും. മൂന്ന് നിറങ്ങളിലാവും വണ്‍പ്ലസ് നോര്‍ഡ് സിഇ 6 ലഭ്യമാവുക. അതേസമയം രണ്ട് നിറങ്ങളാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ 6 ലൈറ്റിന് ലഭിക്കുക. സ്‌നാപ്‌ഡ്രാഗണ്‍ 7എസ് ജെന്‍ 4 പ്രൊസസര്‍, 8,000 എംഎഎച്ച് ബാറ്ററി എന്നിവ വണ്‍പ്ലസ് നോര്‍ഡ് സിഇ 6 ഫോണിലുണ്ടാവും.

വണ്‍പ്ലസ് നോര്‍ഡ് സിഇ 6 സവിശേഷതകള്‍

ക്വാല്‍കോമിന്‍റെ സ്‌നാപ്‌ഡ്രാഗണ്‍ 7എസ് ജെന്‍ 4 ചിപ്‌സെറ്റിലുള്ള സ്‌മാര്‍ട്ട്‌ഫോണാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ 6. 8,000 എംഎഎച്ചിന്‍റെ കരുത്തുറ്റ ബാറ്ററിയില്‍ വരുന്ന വണ്‍പ്ലസ് നോര്‍ഡ് സിഇ 6യുടെ ചാര്‍ജറിന് 80 വാട്‌സ് സൂപ്പര്‍വൂക് ഫാസ്റ്റ് ചാര്‍ജിംഗ് ശേഷിയുണ്ടാകും. ഒറ്റ ചാര്‍ജില്‍ രണ്ടര ദിവസം വരെ ഉപയോഗമാണ് ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. 27 വാട്‌സ് വയേര്‍ഡ‍് റിവേഴ്‌സ് ചാര്‍ജിംഗ് സൗകര്യവും വണ്‍പ്ലസ് നോര്‍ഡ് സിഇ 6-യിലുണ്ടാവും. 1.5K റെസലൂഷനിലും 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിലുമുള്ള 6.78-ഇഞ്ച് സ്‌ക്രീന്‍ പാനല്‍ ഈ ഫോണിന്‍റെ പ്രത്യേകതയാണ്. ഐപി66, ഐപി68, ഐപി69, ഐപി69K എന്നീ റേറ്റിംഗുകള്‍ ലഭിച്ചിട്ടുള്ള വണ്‍പ്ലസ് നോര്‍ഡ് സിഇ 6 മിലിട്ടറി-ഗ്രേഡ് പരിശോധനകള്‍ക്ക് വിധേയമായതാണ്.

വണ്‍പ്ലസ് നോര്‍ഡ് സിഇ 6 ഫോണിനൊപ്പം നോര്‍ഡ് സിഇ 6 ലൈറ്റും മെയ് ഏഴാം തിയതി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കപ്പെടും. ഉച്ചയ്‌ക്ക് 12 മണിക്കാണ് ഇരു ഫോണുകളുടെയും ലോഞ്ച്. വണ്‍പ്ലസ് നോര്‍ഡ് സിഇ 6, വണ്‍പ്ലസ് നോര്‍ഡ് സിഇ 6 ലൈറ്റ് ഹാന്‍ഡ്‌സെറ്റുകളുടെ വിലയും ലഭ്യതയും മറ്റ് ഫീച്ചറുകളും ലോഞ്ച് വേളയില്‍ മാത്രമേ അറിയാനാകൂ.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News