ചൈനീസ് വിപണിയിൽ വിവോ പുതിയ ബജറ്റ് 5ജി സ്മാർട്ട്ഫോണായ വിവോ വൈ500എസ് അവതരിപ്പിച്ചു. 7,200 എംഎഎച്ച് എന്ന കൂറ്റൻ ബാറ്ററിയാണ് ഈ ഫോണിന്റെ പ്രധാന ആകർഷണം. സ്നാപ്ഡ്രാഗൺ 4 ജെൻ 2 പ്രോസസർ, 6.75 ഇഞ്ച് 120 ഹെർട്സ് ഡിസ്‌പ്ലേ എന്നിവയാണ് മറ്റു പ്രധാന സവിശേഷതകൾ.

ചൈനീസ് സ്‍മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ അവരുടെ പുതിയ ബജറ്റ് 5ജി സ്‍മാർട്ട്ഫോൺ ആയ വിവോ വൈ500എസ് ഔദ്യോഗികമായി ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. വലിയ ബാറ്ററി ശേഷിയും ആധുനിക സവിശേഷതകളും ചേർത്ത്, ബജറ്റ് സെഗ്മെന്‍റിൽ ശ്രദ്ധ നേടുകയാണ് ഈ പുതിയ മോഡൽ. 7,200 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് ഈ ഫോണിന്‍റെ പ്രധാന ആകർഷണം. കൂടാതെ 6.75 ഇഞ്ച് 120 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റുള്ള ഡിസ്‌പ്ലേയും സ്‍നാപ്ഡ്രാഗൺ 4 ജെൻ 2 പ്രോസസറും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവോ വൈ500എസ്: സ്റ്റോറേജ് വെരിയന്‍റുകളും വിലയും

വിലയുടെ കാര്യത്തിൽ, ചൈനയിൽ വിവോ വൈ500എസ്-ന്‍റെ 8 ജിബി + 256 ജിബി വേരിയന്‍റിന് ഏകദേശം 1,800 യുവാന്‍ (ഏകദേശം 24,800 രൂപ) ആണ് വില. 12 ജിബി + 256 ജിബി, 8 ജിബി + 512 ജിബി മോഡലുകൾക്ക് 2,200 യുവാന്‍ (ഏകദേശം 30,400 രൂപ) ആണ് വില. ഗ്യാലക്‌സി സിൽവർ, ഒബ്‌സിഡിയൻ ബ്ലാക്ക്, ഫോണിക്‌സ് ഗോൾഡ് എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. ഇത് ഇപ്പോൾ ചൈനയിലെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിലൂടെ വിൽപ്പനയ്ക്ക് എത്തിത്തുടങ്ങി.

1570 x 720 പിക്‌സൽ റെസല്യൂഷനുള്ള എച്ച്‍ഡി എൽസിഡി സ്‌ക്രീനാണ് ഡിസ്‌പ്ലേ വിഭാഗത്തിൽ നൽകിയിരിക്കുന്നത്. സ്‍നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്‌സെറ്റും അഡ്രെനോ 613 ജിപിയുവും ഫോണിന്‍റെ പെർഫോമൻസ് നിയന്ത്രിക്കുന്നു. 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും ലഭ്യമാണ്. ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയ ഒറിജിൻഒഎസ് 6-ൽ ഈസ്‍മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നു.

വിവോ വൈ500എസ്: ക്യാമറ സവിശേഷതകള്‍

ക്യാമറ വിഭാഗത്തിൽ, പിൻവശത്ത് 50-മെഗാപിക്‌സൽ പ്രൈമറി സെൻസറും മുൻവശത്ത് 8-മെഗാപിക്‌സൽ സെൽഫി ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. കണക്‌ടിവിറ്റിക്ക് 5ജി, 4ജി LTE, വൈ-ഫൈ, ബ്ലൂടൂത്ത് 4.2, എൻഎഫ്‍സി, യുഎസ്‍ബി ടൈപ്പ് -സി എന്നിവ പിന്തുണയ്ക്കുന്നു. കൂടാതെ ഇൻഫ്രാറെഡ് റിമോട്ട്, ഫിംഗർപ്രിന്‍റ് സെൻസർ, ഫേസ് അൺലോക്ക് തുടങ്ങിയ സുരക്ഷാ സവിശേഷതകളും ഉണ്ട്.

7200 എംഎഎച്ച് വലിയ ബാറ്ററി 44 വാട്‌സ് ഫാസ്റ്റ് ചാർജിംഗ്, റിവേഴ്‌സ് ചാർജിംഗ് എന്നിവയും പിന്തുണയ്ക്കുന്നു. ഡ്യുവൽ സ്റ്റീരിയോ സ്‌പീക്കറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോൺ 219 ഗ്രാം ഭാരവും 8.39 എംഎം കനം (ഗോൾഡ് വേരിയന്‍റിന് 8.49 എംഎം) ഉള്ള രൂപകൽപ്പനയിലാണ് എത്തുന്നത്. വിവോ വൈ500 സീരീസിലെ പുതിയ അപ്‌ഡേറ്റായി ഈ മോഡൽ ബജറ്റ് 5ജി വിപണിയിൽ ശക്തമായ മത്സരം സൃഷ്‍ടിക്കും എന്നാണ് പ്രതീക്ഷ.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News