ഈ അഞ്ച് പഴങ്ങള്‍ കഴിച്ചാല്‍ ആരോഗ്യം സുരക്ഷിതം; ഗുണങ്ങള്‍ അറിയാം
പഴങ്ങളും പച്ചക്കറികളും ആരോഗ്യത്തിന് വളരെ ഗുണകരമാണെന്ന് എല്ലാവര്‍ക്കും അറിയുമായിരിക്കും. എന്നാല്‍ കൃത്യമായ പഴങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ പലര്‍ക്കും സംശയം കാണും. മികച്ച ആരോഗ്യത്തിന് ഉചിതമായ അഞ്ച് പഴങ്ങളെ പരിചയപ്പെടാം.

1. വാഴപ്പഴം
അവശ്യ പോഷകങ്ങളാൽ സമ്പുഷ്‌ടമാണ് വാഴപ്പഴം. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യം, പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തിന് സഹായകരമാകുന്ന മഗ്നീഷ്യം, ദഹന പ്രക്രിയയ്‌ക്ക് ഗുണകരമാകുന്ന നാരുകൾ, തലച്ചോറിന്‍റെ ആരോഗ്യത്തിനുള്ള വിറ്റാമിൻ ബി6 എന്നിവ വാഴപ്പഴത്തില്‍ ഉൾപ്പെടുന്നു. നേരിട്ടോ സ്‌മൂത്തിയായോ വാഴപ്പഴം കഴിക്കാവുന്നതാണ്.
2. ആപ്പിള്‍
നല്ല ആരോഗ്യത്തിന് ദിവസവും ഓരോ ആപ്പിള്‍ കഴിക്കുക എന്ന് നമ്മള്‍ സ്‌കൂളില്‍ പഠിച്ചുകാണും. ഫൈറ്റോകെമിക്കലുകളാല്‍ സമ്പുഷ്‌ടമായ ആപ്പിളില്‍ ധാരാളം ഫൈബറും ആന്‍റിഓക്‌സിഡന്‍റുകളും അടങ്ങിയിരിക്കുന്നു.
3. ബെറി
പോഷകങ്ങളുടെയും ആന്‍റിഓക്‌സിഡന്‍റുകളുടെയും കലവറയാണ് ബെറികള്‍. ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്ബെറി തുടങ്ങി വിവിധതരം ബെറികള്‍ വിപണിയില്‍ ലഭ്യമാണ്. ബ്ലൂബെറി ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കുറയ്‌ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ശരീരത്തിലെ ഫാറ്റ് പുറംതള്ളാന്‍ ബ്ലൂബെറിക്ക് കഴിവുണ്ട്. ബെറി പഴങ്ങള്‍ക്ക് അർബുദ സാധ്യതയെ പ്രതിരോധിക്കാനുള്ള കഴിവും ഉണ്ടെന്നാണും ചില പഠനങ്ങള്‍ അവകാശപ്പെടുന്നു.
4. കിവി പഴം
നമ്മുടെ നാട്ടില്‍ സമീപ വര്‍ഷങ്ങളില്‍ വലിയ പ്രചാരം ലഭിച്ച പഴങ്ങളിലൊന്നാണ് കിവി. നാരുകള്‍ ധാരാളമായി കിവിയില്‍ അടങ്ങിയിരിക്കുന്നു. ദിവസവും രണ്ട് മുതല്‍ മൂന്ന് വരെ കിവി പഴങ്ങള്‍ കഴിക്കുന്നവര്‍ക്ക് മലബന്ധം കുറയ്‌ക്കുമെന്ന് കിംഗ്‌സ് കോളേജ് ലണ്ടന്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
5. അവക്കാഡോ
ഹൃദയാരോഗ്യത്തിന് ഏറ്റവും ഗുണമുള്ള പഴങ്ങളിലൊന്നായാണ് അവക്കാഡോയെ കണക്കാക്കുന്നത്. പൊട്ടാസ്യം അവക്കാഡോയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ശരീര ഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അവക്കാഡോ ഗുണകരം. വിറ്റാമിന്‍ എ, സി, ഇ എന്നിവയാല്‍ സമ്പന്നം കൂടിയാണ് അവക്കാഡോ. എന്നാല്‍ ധാരാളം ഫാറ്റ് അടങ്ങിയിരിക്കുന്നു എന്നതിനാല്‍ അമിതമായി അവക്കാഡോ കഴിക്കാന്‍ പാടില്ല. ദിവസം ഒന്നര അവക്കാഡോ വരെ കഴിക്കാവുന്നതാണ്.

