കേന്ദ്രത്തിന്റെ ഭാരത് ടാക്സി; കുറഞ്ഞ ചിലവ്, കൂടുതൽ സുരക്ഷ! 5 സവിശേഷതകൾ
കേന്ദ്ര സർക്കാർ പിന്തുണയോടെ 'ഭാരത് ടാക്സി' നിരത്തുകളിൽ. ഡ്രൈവർമാർക്ക് കമ്മീഷനില്ല, യാത്രക്കാർക്ക് സർജ് ചാർജുമില്ല. ഭാരത് ടാക്സിയുടെ 5 പ്രധാന പ്രത്യേകതകൾ അറിയാം.

ഭാരത് ടാക്സി
സ്വകാര്യ ടാക്സി ആപ്പുകളുടെ കുത്തകയ്ക്ക് വെല്ലുവിളിയായി കേന്ദ്ര സർക്കാർ പിന്തുണയോടെ ആരംഭിച്ച സേവനമാണ് 'ഭാരത് ടാക്സി'. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി അമിത് ഷായാണ് പുതിയ സേവനം ഉദ്ഘാടനം ചെയ്തത്. ലാഭം മാത്രം ലക്ഷ്യമിടാതെ, ഒരു സഹകരണ മാതൃകയിലാണ് ഇത് പ്രവർത്തിക്കുന്നത്. ഇത് ഡ്രൈവർമാർക്കും യാത്രക്കാർക്കും ഒരുപോലെ ഗുണകരമാകും.
ഡ്രൈവർമാർക്ക് മുഴുവൻ ലാഭം
ഇതിൽ ഡ്രൈവർമാരെ 'സാരഥി' എന്നാണ് വിളിക്കുന്നത്. മറ്റ് ആപ്പുകളെപ്പോലെ ഓരോ യാത്രയ്ക്കും വലിയൊരു തുക കമ്മീഷനായി നൽകേണ്ടതില്ല. പകരം, ഡ്രൈവർമാർ ദിവസേന ഏകദേശം 30 രൂപ മാത്രം ആക്‌സസ് ഫീസായി നൽകിയാൽ മതി. ബാക്കി വരുമാനം മുഴുവൻ ഡ്രൈവർമാർക്ക് ലഭിക്കും. ഇത് ഡ്രൈവർമാരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന പ്രധാന നടപടിയാണ്.
'സർജ് ചാർജ്' ഇല്ല
തിരക്കേറിയ സമയങ്ങളിൽ സ്വകാര്യ ആപ്പുകൾ യാത്രാനിരക്ക് പലമടങ്ങ് വർദ്ധിപ്പിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഭാരത് ടാക്സിയിൽ ഈ 'സർജ് ചാർജ്' ഉണ്ടാകില്ല. ഏത് സമയത്തും, എത്ര തിരക്കുണ്ടെങ്കിലും നിരക്ക് സ്ഥിരമായിരിക്കും. ഇത് ദിവസവും ഓഫീസിൽ പോകുന്നവർക്കും അടിയന്തര ആവശ്യക്കാർക്കും വലിയ ആശ്വാസമാകും.
എയർപോർട്ട് യാത്രയും ഈസി പേയ്‌മെന്റും
വിമാനത്താവളങ്ങളിലേക്കുള്ള യാത്രകളിൽ അവസാന നിമിഷമുണ്ടാകുന്ന നിരക്ക് വർദ്ധനവ് ഒഴിവാക്കാൻ, ഭാരത് ടാക്സി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ടു. ഇതുവഴി എയർപോർട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് സ്ഥിരമായ നിരക്ക് ഉറപ്പാക്കുന്നു. യാത്രാക്കൂലി എളുപ്പത്തിൽ നൽകാൻ പേടിഎമ്മുമായും ധാരണയിലെത്തിയിട്ടുണ്ട്. ഇത് വഴി യുപിഐ ഉപയോഗിച്ച് എളുപ്പത്തിൽ പണമടയ്ക്കാം.
സുരക്ഷിത യാത്ര
യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭാരത് ടാക്സി പ്രത്യേക ശ്രദ്ധ നൽകുന്നു. ഇതിനായി ദില്ലി പൊലീസുമായി ചേർന്ന് 35 പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാർക്ക് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ ഉടൻ ബന്ധപ്പെടാം. ഡ്രൈവർമാരുടെ പശ്ചാത്തലം പൂർണ്ണമായി പരിശോധിച്ച ശേഷമാണ് നിയമിക്കുന്നത്. എസി, നോൺ-എസി, ഓട്ടോ, ബൈക്ക് ടാക്സി സൗകര്യങ്ങളെല്ലാം ഇതിൽ ലഭ്യമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

