- Home
- Yatra
- Destinations (Yatra)
- ഒരു വീക്കെൻഡ് ട്രിപ്പ് പ്ലാൻ ചെയ്താലോ? ഇതാ കേരളത്തിലെ മികച്ച 10 ടൂറിസ്റ്റ് സ്പോട്ടുകൾ
ഒരു വീക്കെൻഡ് ട്രിപ്പ് പ്ലാൻ ചെയ്താലോ? ഇതാ കേരളത്തിലെ മികച്ച 10 ടൂറിസ്റ്റ് സ്പോട്ടുകൾ
ഓണാവധി കഴിഞ്ഞെങ്കിലും സഞ്ചാരികളെ സംബന്ധിച്ചിടത്തോളം അവധികള്‍ അങ്ങനെ കഴിഞ്ഞിട്ടില്ല. ഒക്ടോബര്‍ 3 വെള്ളിയാഴ്ച ഒരു ദിവസം മാത്രം അവധി എടുത്താൽ വീണ്ടും വാരാന്ത്യമായി. കേരളത്തിലെ മികച്ച 10 വാരാന്ത്യ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ ഏതൊക്കെയാണെന്ന് നോക്കാം.

മൂന്നാര്‍
മൂന്നാറിന് പ്രത്യേകിച്ച് ആമുഖങ്ങളുടെ ആവശ്യമില്ല. നീണ്ട വാരാന്ത്യങ്ങളിൽ യാത്ര പ്ലാൻ ചെയ്യാവുന്ന ഏറ്റവും മനോഹരമായ ഡെസ്റ്റിനേഷനുകളിൽ ഒന്ന് മൂന്നാറാണ്. തേയിലത്തോട്ടങ്ങളുടെ ഭംഗിയും പച്ച പുതച്ച താഴ്വാരങ്ങളും കോട മൂടിയ മലനിരകളും വെള്ളച്ചാട്ടങ്ങളുമെല്ലാം മൂന്നാറിനെ സ്പെഷ്യലാക്കുന്നു. മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുപുളഞ്ഞു പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍ എന്നിങ്ങനെ മൂന്നാര്‍ ഇന്ന് ഏറെ ജനകീയമായ വിനോദ സഞ്ചാര കേന്ദ്രമാണ്.
വയനാട്
പച്ചപ്പും തണുപ്പും കോടമഞ്ഞുമെല്ലാം ഇഷ്ടപ്പെടുന്നവര്‍ ഉറപ്പായും സന്ദര്‍ശിച്ചിരിക്കേണ്ട മറ്റൊരിടമാണ് വയനാട്. മലബാര്‍ ഭാഗത്തുള്ളവര്‍ക്ക് വളരെ എളുപ്പത്തിൽ വയനാട്ടിലെത്താം. എടക്കൽ കേവ്, ചെമ്പ്ര പീക്ക്, ബാണാസുര സാഗര്‍ ഡാം, പൂക്കോട് തടാകം, കാരാപ്പുഴ ഡാം തുടങ്ങി നിരവധി സ്പോട്ടുകളാണ് വയനാട്ടിലുള്ളത്. ഈ വാരാന്ത്യത്തിൽ താമരശേരി ചുരം കയറി വയനാടിന്റെ കാഴ്ചകളിലേയ്ക്ക് പോകാം. ഇതുപോലെയുള്ള സമയങ്ങളിൽ ചുരത്തിൽ വൻ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന കാര്യം മറക്കാതിരിക്കുക.
തേക്കടി
നീണ്ട അവധിക്കാലം ലഭിച്ചു കഴിഞ്ഞാൽ ഇടുക്കിയിലേയ്ക്കുള്ള യാത്രകളായിരിക്കും സഞ്ചാരികളുടെ പ്രഥമ പരിഗണന. നിങ്ങളും അത്തരത്തിലൊരു യാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ ധൈര്യമായി തേക്കടയിലേയ്ക്ക് പോകാം. പാണ്ടിക്കുഴിയും കുരിശുമലയും ചെല്ലാര്‍ കോവിലും ഗ്രാമ്പിയും അബ്രഹാമിന്റെ സുഗന്ധ വ്യഞ്ജന തോട്ടവുമെല്ലാം അധികമാരും സന്ദര്‍ശിക്കാത്ത ഇടങ്ങളാണ്. തേക്കടി എന്നു കേൾക്കുമ്പോൾത്തന്നെ ആനക്കൂട്ടങ്ങൾ, അംബരചുംബികളായ മലനിരകൾ, സുഗന്ധവ്യഞ്ജന തോട്ടങ്ങൾ എന്നിവയാണ് സന്ദർശകരുടെ മനസ്സിൽ ഓടിയെത്തുന്നത്. തേക്കടിയിലെ പെരിയാർ വനങ്ങൾ ഇന്ത്യയിലെ ഏറ്റവും മികച്ച വന്യജീവി സങ്കേതങ്ങളിലൊന്നാണ്.
അതിരപ്പിള്ളി
‘ഇന്ത്യയുടെ നയാഗ്ര’ എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം വാരാന്ത്യ യാത്രകൾക്ക് അനുയോജ്യമായ സ്പോട്ടാണ്. പച്ചപ്പും മൂടൽമഞ്ഞും നിറഞ്ഞ ഇരമ്പുന്ന വെള്ളച്ചാട്ടത്തിന് മുന്നിൽ നിൽക്കുമ്പോൾ ഒരു സിനിമാറ്റിക് എക്സ്പീരിയൻസ് തന്നെയാണ് ലഭിക്കുക. എൺപതടി ഉയരത്തിൽ നിന്നു പാറക്കെട്ടിലേക്കു വീണു ചിതറുന്ന വെള്ളച്ചാട്ടിത്തിന്റെ ദൃശ്യങ്ങൾ സഞ്ചാരികളുടെ മനംമയക്കും. ഷോളയാർ വനമേഖലയുടെ കവാടം കൂടിയാണ് അതിരപ്പിള്ളി. അതിരപ്പിള്ളിയിൽ നിന്നും ഏകദേശം 5 കിലോമീറ്റർ അകലെയാണ് വിഖ്യാതമായ വാഴച്ചാൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
വാഗമൺ
സമുദ്രനിരപ്പില്‍ നിന്ന് 1,100 മീറ്റര്‍ ഉയരത്തില്‍ തലയുയര്‍ത്തി നിൽക്കുന്ന അതിമനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ് വാഗമൺ. 3 ദിവസം മികച്ച രീതിയിൽ ചെലവഴിക്കാൻ ആവശ്യമായതെല്ലാം വാഗമണ്ണിലുണ്ട്. ട്രക്കിംഗ്, ബോട്ടിംഗ്, ക്യാമ്പിംഗ്, ഓഫ് റോഡ് സഫാരികൾ എന്നിവയെല്ലാം ആസ്വദിച്ച് തേയിലത്തോട്ടങ്ങളുടെയും വെള്ളച്ചാട്ടങ്ങളുടെയും പൈൻ ഫോറസ്റ്റുകളുടെയും മനോഹാരിത കണ്ട് കുടുംബത്തിനൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ വാഗമൺ എക്സ്പ്ലോര്‍ ചെയ്യാം. കോട്ടയത്തു നിന്നും 64 കി.മീറ്റര്‍ അകലെയായാണ് വാഗമൺ സ്ഥിതി ചെയ്യുന്നത്.
ആലപ്പുഴ
കേരളത്തിന്‍റെ ഗ്രാമീണ ഭംഗി ആസ്വദിക്കാൻ താത്പ്പര്യമുള്ളവര്‍ക്ക് കിഴക്കിന്റെ വെനീസായ ആലപ്പുഴ മികച്ച ഓപ്ഷനാണ്. സഞ്ചാരികൾക്ക് ഹോട്ടലിന് പകരം ഹൗസ് ബോട്ട് ബുക്ക് ചെയ്യാം. വാരാന്ത്യ അവധിക്കാലം മികച്ച രീതിയിൽ ആസ്വദിക്കാൻ കഴിയുന്ന സ്ഥലങ്ങളിൽ ഒന്നാണിത്. ആലപ്പുഴയിലെ കായലുകളുടെ ഭംഗി വാക്കുകൾക്ക് അതീതമാണ്. തുറമുഖം, കടല്‍പ്പാലം, തലങ്ങും വിലങ്ങും ഉള്ള തോടുകള്‍, അവയ്ക്ക് കുറുകേയുള്ള പാലങ്ങള്‍, റോഡുകള്‍, നീണ്ട കടല്‍ത്തീരം, പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതി എന്നിവയാൽ സമ്പന്നമാണ് ആലപ്പുഴ.
കുമരകം
അവിസ്മരണീയമായ കാഴ്ചകളുടെ പറുദീസയാണ് കുമരകം. കണ്ടല്‍ കാടുകളുടെയും മരതകപച്ച വിരിച്ച നെൽപ്പാടങ്ങളുടെയും, കേരനിരകളുടെയും ഇടയിലൂടെയുള്ള മനം മയക്കുന്ന ജലപാതകൾ. നാടന്‍ വള്ളങ്ങളിലോ വഞ്ചികളിലോ ചെറുതോണികളോ ഈ ജലപാതകളിലൂടെയുള്ള യാത്ര ഒന്ന് ആലോചിച്ച് നോക്കൂ. കേരളത്തിൻറെ പ്രകൃതിഭംഗി എന്താണെന്ന് അറിയാൻ കുമരകത്തേയ്ക്ക് പോകാം. താമസത്തിന് ഇവിടെ ധാരാളം റിസോര്‍ട്ടുകൾ ലഭ്യമാണ്. ബോട്ടിംഗ്, മീന്‍ പിടുത്തം, നീന്തല്‍, യോഗ, ധ്യാനം എന്നിവയും കുമരകം വാഗ്ദാനം ചെയ്യുന്നു.
ബേക്കൽ കോട്ട
ചരിത്രാന്വേഷികൾക്ക് മികച്ച സമയം ആസ്വദിക്കാൻ കഴിയുന്ന സ്ഥലങ്ങളിൽ ഒന്നാണ് ബേക്കൽ കോട്ട. അറബിക്കടലിലേക്ക് ഉയർന്നുനിൽക്കുന്ന ഈ ഐതിഹാസിക കോട്ടയ്ക്ക് നൂറ്റാണ്ടുകളുടെ കഥകൾ പറയാനുണ്ട്. ഫോട്ടോഗ്രാഫർമാര്‍ക്ക് കാഴ്ചകളുടെ ഒരു പറുദീസ തന്നെ ബേക്കൽ കാത്തുവെച്ചിട്ടുണ്ട്. ഇവിടെ എത്തിയാൽ കടൽക്കാറ്റിൽ മുഴുകി, യുദ്ധങ്ങളുടെയും വ്യാപാരത്തിന്റെയും മറന്നുപോയ കഥകൾ വീണ്ടെടുക്കാം. ബേക്കലിന്റെ ശാന്തവും തിരക്കില്ലാത്തതുമായ ബീച്ചുകളും സന്ദര്‍ശിക്കാം.
പൊന്മുടി
തിരുവനന്തപുരം ജില്ലയിലെ അതിമനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ് പൊന്മുടി. പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന പ്രകൃതി, തണുത്ത കാലാവസ്ഥ, മലനിരകളുടെയും താഴ്വാരങ്ങളുടെയും അതിശയിപ്പിക്കുന്ന കാലാവസ്ഥ എന്നിവയാണ് പൊന്മുടിയുടെ സവിശേഷത. 22 ഹെയര്‍പിന്നുകൾ താണ്ടി വേണം പൊന്മുടിയിലെത്താൻ. അതിനാൽ തന്നെ ഒരു റോഡ് ട്രിപ്പ് ആഗ്രഹിക്കുന്നവര്‍ക്ക് പൊന്മുടി മികച്ച ഓപ്ഷനാണ്. പൊന്മുടിയ്ക്ക് സമീപം താമസ സൗകര്യങ്ങളും ലഭ്യമാണ്. പൊന്മുടിയ്ക്ക് സമീപമുള്ള കല്ലാര്‍ മീൻമുട്ടി വെള്ളച്ചാട്ടവും സന്ദര്‍ശിക്കാം. വരയാട് മൊട്ട ട്രക്കിംഗ് ആസ്വദിക്കാനും അവസരമുണ്ട്.
കോവളം
കേരളത്തിലെ ബീച്ച് പ്രേമികൾ ഒരിക്കലും മിസ്സാക്കാൻ പാടില്ലത്ത സ്പോട്ടാണ് കോവളം. ലൈറ്റ് ഹൗസുകളും കഫേകളും സ്പാകളുമെല്ലാം കോവളത്തിന്റെ സവിശേഷതകളാണ്. കോവളത്തെ സൂര്യാസ്തമയം കാണാൻ നിരവധി ആളുകളാണ് എത്താറുള്ളത്. നീണ്ട വാരാന്ത്യ യാത്രകൾ പ്ലാൻ ചെയ്യുന്നവരുടെ ബക്കറ്റ് ലിസ്റ്റിൽ തിരുവനന്തപുരമുണ്ടെങ്കിൽ ആദ്യമെത്തേണ്ടത് കോവളത്താണ്. ഇവിടെ എത്തുന്നവര്‍ക്ക് വിഴിഞ്ഞം, ആഴിമല തുടങ്ങിയവയും സന്ദര്‍ശിക്കാം. കോവളത്ത് ധാരാളം ബജറ്റ് ഫ്രണ്ട്ലി താമസ സൗകര്യങ്ങളും ലഭ്യമാണ്.

