11 മാസം കൊണ്ട് 22 കിലോ ഭാരം കുറച്ച ആലപ്പുഴ സനാദനപുരം സ്വദേശി അനിർ കുമാർ തന്റെ വെയ്റ്റ് ലോസ് യാത്ര ഏഷ്യാനെറ്റ് ന്യൂസ് ഓൺലെെനിനൊപ്പം പങ്കുവയ്ക്കുന്നു.

അമിതവണ്ണം വിവിധ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ശരീരഭാരം കൂട്ടാൻ എളുപ്പമാണ്. കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് പലരും പറയുന്നത്. ഭക്ഷണക്രമം മാത്രമല്ല ജീവിതശെെലിയിലെ മറ്റ് ചില മാറ്റങ്ങൾ ഭാരം കൂട്ടുന്നതിന് ഇടയാക്കുന്നുണ്ട്. 11 മാസം കൊണ്ട് 22 കിലോ ഭാരം കുറച്ച ആലപ്പുഴ സനാദനപുരം സ്വദേശി അനിർ കുമാർ തന്റെ വെയ്റ്റ് ലോസ് യാത്ര ഏഷ്യാനെറ്റ് ന്യൂസ് ഓൺലെെനിനൊപ്പം പങ്കുവയ്ക്കുന്നു.

അന്ന് 108 കിലോ, ഇന്ന് 86 കിലോ

തുടക്കത്തിൽ 108 കിലോ ഭാരം ഉണ്ടായിരുന്നു. ഒരു ദിവസം പെട്ടെന്നാണ് തലക്കറക്കം വന്ന് ഹോസ്പിറ്റലിൽ പോകുന്നത്. അപ്പോൾ ബിപി കൂടിയ നിലയിലായിരുന്നു. ഭാരം കുറയ്ക്കണമെന്ന് ഡോക്ടർ അന്ന് പറഞ്ഞതോടെയാണ് വണ്ണം കുറയ്ക്കാൻ തീരുമാനിച്ചത്. 

ആദ്യത്തെ മാസം നടത്തം പതിവായിക്കിയിരുന്നു. രണ്ടര മൂന്നര കിലോ മീറ്റർ വരെ അന്ന് നടന്നു. പക്ഷേ വലുതായി അന്ന് ഭാരം കുറഞ്ഞില്ല. പിന്നീട് ജിമ്മിൽ പോകാൻ തീരുമാനിച്ചു. അങ്ങനെ ആദ്യത്തെ നാല് മാസം കൊണ്ട് 10 കിലോ വരെ പെട്ടെന്ന് കുറഞ്ഞു. അത് കഴിഞ്ഞ് വളരെ പതുക്കെയാണ് ഭാരം കുറച്ചത്. 

ഐഡിയൽ വെയ്റ്റ് എത്താൻ ഇനിയും 10 കിലോ കുറയ്ക്കാനുണ്ട്. ഇപ്പോഴും ഡയറ്റും വ്യായാമവും അത് പോലെ തന്നെ പോകുന്നുണ്ട്. വണ്ണം ഉണ്ടായിരുന്നപ്പോൾ കിതപ്പ്, നടക്കാനുള്ള ബുദ്ധിമുട്ട്, ബിപി കൂടുക തുടങ്ങിയ പ്രശ്നങ്ങൾ പതിവായി തന്നെ അലട്ടിയിരുന്നുവെന്ന് അനിൽ കുമാർ പറയുന്നു.

പൊറോട്ട, ബേക്കറി പലഹാരങ്ങൾ ഒഴിവാക്കി

രാത്രിയിലെ ഭക്ഷണമൊക്കെ പണ്ടൊക്കെ രാത്രി 11 മണിക്കാണ് കഴിച്ചിരുന്നത്. അത് ഇപ്പോൾ നേരത്തെയാക്കി. രാത്രി 7.30 മുമ്പ് തന്നെ അത്താഴം കഴിക്കും. മുമ്പ് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമായിരുന്നു പൊറോട്ട. ഭാരം കുറയ്ക്കാൻ തീരുമാനിച്ചപ്പോൾ പൊറോട്ടയാണ് ആദ്യം ഒഴിവാക്കിയത്. അത് പോലെ സ്വീറ്റ്സും ഒഴിവാക്കി. ബിരിയാണി പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കി. എന്നാൽ ചായ, കാപ്പി ഒഴിവാക്കിയിരുന്നില്ല. ദിവസവും രണ്ട് ചായ കുടിച്ചിരുന്നു. മധുരം വളരെ കുറച്ച് ചേർത്ത് തന്നെ ചായ കുടിക്കും. ബ്രേക്ക് ഫാസ്റ്റിന് ദിവസവും മൂന്ന് വേവിച്ച മുട്ട കഴിച്ചിരുന്നു. ബ്രേക്ക് ഫാസ്റ്റ് 7.30 നും 8.30 നും ഇടയ്ക്ക് തന്നെ കഴിക്കാറാണ് പതിവ്. ബ്രേക്ക് ഫാസ്റ്റിന് ഇഡ്ഡ്ലി, ദോശ , ചപ്പാത്തി പോലുള്ളവയിൽ ഏതായാലും മൂന്നെണ്ണം മാത്രം കഴിക്കും. കറി വളരെ കുറച്ചും. ഉച്ചയ്ക്ക് ഒരു ബൗളിൽ ചോറും വെജിറ്റബിൾസും ചിക്കൻ കഴിക്കും. ചിക്കൻ 150 ഗ്രാം ആണ് കഴിച്ചിരുന്നത്. ചിക്കൻ ഗ്രിൽഡ് അല്ലെങ്കിൽ കറി അല്ലെങ്കിൽ രൂപത്തിൽ കഴിച്ചിരുന്നു. രാത്രിയിൽ അത്താഴം 7.30 മുമ്പ് തന്നെ കഴിക്കും. രാത്രിയിൽ സാലഡ് പതിവാക്കിയിരുന്നു. ചപ്പാത്തി ആണെങ്കിൽ 2 എണ്ണം അല്ലെങ്കിൽ റൊട്ടി ആണെങ്കിൽ 1 എണ്ണം കൂടെ ചിക്കൻ കറിയോ ​ഗ്രീൽഡ് രൂപത്തിലോ കഴിക്കാറാണ് പതിവ്. അത്താഴം എപ്പോഴും മാക്സിമം നേരത്തെ എടുക്കുകയാണ് വേണ്ടത്.

ആത്മവിശ്വാസവും എനർജി ലെവലും കൂടി

ദിവസവും രാവിലെ 5.30 ന് അഞ്ച് കിലോ മീറ്റർ വരെ നടക്കും. ബ്രേക്ക് ഫാസ്റ്റ് കഴിച്ച ശേഷം ജിമ്മിൽ പോകാറാണ് പതിവ്. ഭാരം കുറച്ചപ്പോൾ ഇഷ്ടമുള്ള ഡ്രെസ് ധരിക്കാൻ പറ്റുന്നുണ്ട്. കൂടാതെ, ആത്മവിശ്വാസം കൂടുകയും എനർജി ലെവർ കൂടുകയും വർക്കൗട്ട് ചെയ്യുമ്പോൾ സ്ട്രെസ് കുറയ്ക്കാൻ സാധിക്കുമെന്ന് അനിൽ കുമാർ പറയുന്നു.

ഹെൽത്തി ഡയറ്റ് പ്ലാൻ തന്നെ ഫോളോ ചെയ്യണം

ജിമ്മിൽ പോയി തന്നെ വണ്ണം കുറയ്ക്കുകയാണ് ഏറ്റവും നല്ല രീതി. യൂട്യൂബ് നോക്കിയോ അല്ലെങ്കിൽ വീട്ടിലിരുന്ന് വ്യായാമം ചെയ്തോ വണ്ണം കുറയ്ക്കുന്നത് അത്ര നല്ല രീതിയല്ല. ഹെൽത്തി ഡയറ്റ് പ്ലാൻ എടുത്ത് തന്നെ ഭാരം കുറയ്ക്കുകയാണ് വേണ്ടത്. വീട്ടിലുള്ള ഭക്ഷണം കഴിച്ച് തന്നെ ശരീരഭാരം കുറയ്ക്കുന്നതാണ് ആരോഗ്യകരം. അത് പോലെ ദിവസവും വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കേണ്ടതും പ്രധാനമാണ്. നന്നായി വെള്ളം കുടിക്കേണ്ടതും പ്രധാനമാണെന്ന് അനിൽ കുമാർ പറയുന്നു.