ഗർഭാവസ്ഥയിൽ മലേറിയ ബാധിക്കുമ്പോൾ അണുക്കൾ മറുപിള്ളയിൽ (പ്ലാസന്റയിൽ) അടിഞ്ഞുകൂടുകയും ഭ്രൂണത്തിലേക്കുള്ള രക്തപ്രവാഹത്തെയും ഓക്സിജൻ ലഭ്യതയെയും തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
ഗർഭകാലം ഏറെ സന്തോഷകരമായ ഒരു അനുഭവമാണെങ്കിലും, ഈ കാലയളവിൽ അമ്മയ്ക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നവജാതശിശുവിനെ എത്രത്തോളം ബാധിക്കുന്നു എന്നത് വൈദ്യശാസ്ത്രം ഏറെ ഗൗരവത്തോടെ കാണുന്ന വിഷയമാണ്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഗർഭകാലത്തുണ്ടാകുന്ന മലേറിയ അണുബാധ.
അമ്മയെ ബാധിക്കുന്ന മലേറിയ കുഞ്ഞിന്റെ ഗർഭപാത്രത്തിലെ വളർച്ചയെ തടസ്സപ്പെടുത്തുക മാത്രമല്ല, ജനനശേഷം ആ കുഞ്ഞ് നേരിടേണ്ടി വരുന്ന ശാരീരികവും ആരോഗ്യപരവുമായ വെല്ലുവിളികൾക്ക് അടിത്തറയിടുകയും ചെയ്യുന്നു. പ്രത്യേകിച്ചും, ജനിച്ചയുടനെ കുഞ്ഞുങ്ങൾ പ്രകടിപ്പിക്കുന്ന പാലുകുടിക്കാനുള്ള മടിയും ശാരീരിക ബുദ്ധിമുട്ടുകളും ഇതിനോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
പ്ലാസന്റൽ മലേറിയയും ശിശുവിന്റെ ഭാരക്കുറവും
ഗർഭാവസ്ഥയിൽ മലേറിയ ബാധിക്കുമ്പോൾ അണുക്കൾ മറുപിള്ളയിൽ (പ്ലാസന്റയിൽ) അടിഞ്ഞുകൂടുകയും ഭ്രൂണത്തിലേക്കുള്ള രക്തപ്രവാഹത്തെയും ഓക്സിജൻ ലഭ്യതയെയും തടസ്സപ്പെടുത്തുകയും ചെയ്യുന്നു. പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇത് 'ഗർഭപാത്രത്തിലെ വളർച്ചാമുരടിപ്പ്' (IUGR - Intrauterine Growth Restriction) എന്ന അവസ്ഥയിലേക്ക് നയിക്കുന്നു എന്നതാണ്. ഈ അവസ്ഥയുടെ പ്രതിഫലമായി, കുഞ്ഞ് ജനിക്കുമ്പോൾ ആവശ്യത്തിന് തൂക്കമില്ലാതിരിക്കുകയും (Low Birth Weight), മാസം തികയാതെ പ്രസവിക്കാനും (Pre-term delivery) ശാരീരികമായി ദുർബലരായിരിക്കുകയും ചെയ്യുന്നു. ഇങ്ങനെ ജനിക്കുന്ന ശിശുക്കൾക്ക് മുലപ്പാൽ വലിച്ചുകുടിക്കാനുള്ള ശാരീരിക ശേഷി താരതമ്യേന കുറവായിരിക്കും.
മുലയൂട്ടലിലെ വെല്ലുവിളികളും ലക്ഷണങ്ങളും
ജനനശേഷം ശിശുക്കൾ നേരിടുന്ന പ്രധാന വെല്ലുവിളി മുലപ്പാൽ കുടിക്കുന്നതിലെ പ്രയാസമാണ്. മലേറിയ ബാധിച്ച അമ്മമാർക്കുണ്ടാകുന്ന വിളർച്ച (Anemia) കുഞ്ഞിന്റെ പ്രതിരോധശേഷിയെയും പേശികളുടെ ബലത്തെയും ദോഷകരമായി ബാധിക്കാം. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:
കുഞ്ഞിന് പാൽ വലിച്ചെടുക്കാൻ കഴിയാതെ വരിക.
തുടരെയുള്ള ക്ഷീണവും തളർച്ചയും (Lethargy) ഉറക്കം തൂങ്ങിയ അവസ്ഥയിലായിരിക്കുകയും പാലു കുടിക്കാൻ ഉന്മേഷം കാണിക്കാതിരിക്കുകയും ചെയ്യുക.
ശ്വസന തടസ്സങ്ങൾ തുടങ്ങി ഹൃദയമിടിപ്പിലും ശ്വസനത്തിലുമുണ്ടാകുന്ന വ്യതിയാനങ്ങൾ മുലയൂട്ടൽ പ്രക്രിയയെ സങ്കീർണ്ണമാക്കുന്നു.
നവജാതശിശുക്കളിലെ ഉപാപചയ (Metabolism) പ്രവർത്തനങ്ങളും മലേറിയയും
ഗർഭപാത്രത്തിൽ വെച്ച് തന്നെ പോഷണക്കുറവ് നേരിട്ട ശിശുക്കളിൽ ഹൈപ്പോഗ്ലൈസീമിയ (Hypoglycemia - രക്തത്തിൽ പഞ്ചസാരയുടെ അളവ് അപകടകരമായി കുറയുന്ന അവസ്ഥ) പോലുള്ള പ്രശ്നങ്ങൾ സാധാരണമാണ്. ശരിയായ രീതിയിൽ പാൽ കുടിക്കാൻ സാധിക്കാതെ വരുമ്പോൾ ഈ അവസ്ഥ കൂടുതൽ ഗുരുതരമാകുന്നു. ഇത് കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയെയും നാഡീവ്യൂഹത്തെയും ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.
പ്രതിരോധവും ചികിത്സാ രീതികളും
മലേറിയ ബാധിതരായ അമ്മമാർക്ക് ജനിക്കുന്ന ശിശുക്കൾക്ക് പ്രത്യേക ക്ലിനിക്കൽ പരിചരണം അത്യാവശ്യമാണ്. അതിനായി താഴെ പറയുന്ന പ്രതിരോധ രീതികൾ…
- ആദ്യകാല പരിശോധനയുടെ ഭാഗമായി കുഞ്ഞിന്റെ തൂക്കം, ജനനസമയത്തെ ശാരീരിക അവസ്ഥകൾ എന്നിവ ജനിച്ചയുടനെ കൃത്യമായി പരിശോധിക്കുക.
2. മുലപ്പാൽ നേരിട്ട് കുടിക്കാൻ പ്രയാസമുള്ള ശിശുക്കൾക്ക് പാൽ സുരക്ഷിതമായി ശേഖരിച്ച് (Expressed Breast Milk) പാലാടയിലോ സ്പൂണിലോ നൽകാവുന്നതാണ്.
3. കുഞ്ഞുങ്ങൾക്ക് ശരീരതാപം നിലനിർത്താൻ പ്രയാസമായതിനാൽ അമ്മയുടെ നെഞ്ചോട് ചേർത്തുപിടിക്കുന്ന കംഗാരു മദർ കെയർ (Kangaroo Mother Care) ശരീരത്തിന് ചൂട് നൽകാനും മുലയൂട്ടാനുള്ള താല്പര്യം വർധിപ്പിക്കാനും സഹായിക്കും.
അതുകൂടാതെ കുഞ്ഞിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവും (Blood Sugar), ഓക്സിജൻ നിലയും കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം. അതോടൊപ്പം തന്നെ മുലയൂട്ടുന്ന അമ്മമാരുടെ വിളർച്ച പരിഹരിക്കാനുള്ള കൃത്യമായ ചികിത്സ ഉറപ്പാക്കാനും ശ്രദ്ധ നൽകണം.
ജനനശേഷം മുലയൂട്ടലിൽ ബുദ്ധിമുട്ട് നേരിടുന്ന ശിശുക്കൾക്ക് കാലതാമസം കൂടാതെ വിദഗ്ധ ഡോക്ടറുടെ സേവനം തേടാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ഗർഭകാലത്തെ മലേറിയ നവജാതശിശുക്കളുടെ ആദ്യകാല ജീവിതത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നു. ഗർഭകാലത്തെ കൃത്യമായ പരിശോധനകളും മലേറിയ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളും വഴി ഈ വെല്ലുവിളികളെ നമുക്ക് അതിജീവിക്കാൻ സാധിക്കും.
ലേഖനം തയ്യാറാക്കിയത് :
ഡോ. ദീപ മാധവൻ
കൺസൾട്ടൻ്റ് - ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി
ആസ്റ്റർ മിംസ് കാസർകോട്


