സ്വകാര്യ മാധ്യമ സ്ഥാപനം ഭാരത് സംവാദ് എന്ന പേരിൽ നടത്തിയ ലൈവ് ഷോയ്ക്കിടെയാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്

ദില്ലി: വലത് മാറി, കാലിൽ തട്ടി വലിച്ചിടാൻ ശ്രമിച്ച് ബാബാ രാംദേവ്. വിട്ടുകൊടുക്കാതെ യോഗാചാര്യനെ മലർത്തിയടിച്ച് മാധ്യമ പ്രവർത്തകൻ. ലൈവ് ചർച്ചയ്ക്കിടെ മാധ്യമ പ്രവർത്തകന് നേരെ ഗുസ്തി പിടിക്കാനെത്തിയ യോഗാചാര്യൻ ബാബാ രാംദേവിന്റെ വീഡിയോ വൈറലാവുന്നു. സ്വകാര്യ മാധ്യമ സ്ഥാപനം ഭാരത് സംവാദ് എന്ന പേരിൽ നടത്തിയ ലൈവ് ഷോയ്ക്കിടെയാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. പരിപാടിക്കിടെയാണ് ചടങ്ങിൽ സന്നിഹിതനായിരുന്ന മാധ്യമപ്രവർത്തകനെ രാംദേവ് ഗുസ്തിക്കായി വേദിയിലേക്ക് ക്ഷണിച്ചത്. മധ്യപ്രദേശിലെ ഇന്ദോറിൽനിന്നുള്ള ജയദീപ് കർണിക് എന്ന മാധ്യമപ്രവർത്തകനാണ് രാംദേവിനെ നേരിട്ടത്. ലൈവ് ഗുസ്തി പിടുത്തത്തിന്റെ 18 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ജയദീപ് കർണികിന് ഗുസ്തി പരിചയമുള്ള വിവരം അറിയാതെയാണ് ബാബാ രാംദേവ് ഗുസ്തി പിടിക്കാൻ ശ്രമിച്ചത്. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറില്ലാതെ കാലിൽ തട്ടിയിടാനുള്ള ശ്രമം അടക്കം പരാജയപ്പെടുത്തി. 

Scroll to load tweet…

ബാബാ രാംദേവിനെ മറിച്ചിടുന്ന മാധ്യമ പ്രവർത്തകനെയും വിട്ടുനൽകിയതാണ് എന്ന് പ്രതികരിക്കുന്ന ബാബാ രാംദേവിനെയുമാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. തമാശയ്ക്ക് വേണ്ടി ചെയ്തതാണെന്നാണ് പ്രവർത്തി വൈറലായതോടെ യോഗാ ഗുരുവിന്റെ പ്രതികരണം. മത്സരത്തിനിടയിൽ ഒരു ഘട്ടത്തിൽ ജയദീപിനെ തറയിൽ വീഴ്ത്താൻ രാംദേവിന് സാധിച്ചെങ്കിലും ഉടൻ തന്നെ ജയദീപ് മേൽക്കൈ തിരിച്ചുപിടിക്കുകയും ശക്തമായി തിരിച്ചടിക്കുകയും ചെയ്തതോടെ ബാബാ രാംദേവ് പിന്മാറുന്ന രംഗവും വീഡിയോയിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം