ബാങ്കിലെ ജീവനക്കാരി ഉപഭോക്താവിനോട് തട്ടിക്കയറുകയും ജാതീയ പരാമർശം നടത്തുകയും ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ജീവനക്കാരിയുടെ മോശം പെരുമാറ്റത്തിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തം

കാൺപൂർ: ബാങ്ക് ജീവനക്കാരിയും ഉപഭോക്താവും തമ്മിലുണ്ടായ രൂക്ഷമായ തർക്കത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഉത്തർപ്രദേശിലെ കാൺപൂരിലെ എച്ച് ഡി എഫ് സി ബാങ്ക് ജീവനക്കാരിയുടെ മോശം പെരുമാറ്റത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. 

കാൺപൂരിലെ പൻകിയിലെ എച്ച് ഡി എഫ് സി ശാഖയിലാണ് സംഭവം നടന്നത്. ആസ്ത സിങ് എന്ന ജീവനക്കാരി ഉപഭോക്താവിനോട് തട്ടിക്കയറുന്നതും ഭീഷണിപ്പെടുത്തുന്നതുമാണ് വീഡിയോയിലുള്ളത്. തർക്കത്തിനിടെ ജീവനക്കാരി ജാതീയ പരാമർശവും നടത്തി- "ഞാൻ ഠാക്കൂർ ആണ്. എന്നോട് കളിക്കാൻ നിൽക്കണ്ട" എന്ന് ആസ്ത സിംഗ് വിളിച്ചുപറയുന്നത് വീഡിയോയിൽ കാണാം. തുടർന്ന് സഹപ്രവർത്തകർ പിടിച്ചുമാറ്റാൻ ശ്രമിച്ചിട്ടും ജീവനക്കാരി പിന്മാറിയില്ല. ലാപ്ടോപ്പ് എടുത്ത് ഉപഭോക്താവിനെ അടിക്കാനോങ്ങി. ബാങ്ക് ജീവനക്കാരി ഇത്രയും പ്രകോപിതയാവാൻ കാരണം എന്തെന്ന് വ്യക്തമല്ല.

വീഡിയോ പ്രചരിച്ചതോടെ ബാങ്ക് ജീവനക്കാരുടെ പ്രൊഫഷണലിസത്തെ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തി. തൊഴിലിടങ്ങളിൽ ഇത്തരം ജാതീയ അഹങ്കാരം അനുവദിക്കരുതെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രതികരണമുണ്ടായി. എച്ച് ഡി എഫ് സി ബാങ്കിനെ ടാഗ് ചെയ്ത്, ജീവനക്കാരിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു എന്നാൽ സംഭവത്തെക്കുറിച്ച് എച്ച് ഡി എഫ് സി ബാങ്ക് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Scroll to load tweet…