ബിഹാറിലെ അവസാനത്തെ സജീവ ആയുധധാരിയായ മാവോയിസ്റ്റ് സുരേഷ് കോഡ എന്ന മുസ്‌തകീം പോലീസിന് മുന്നിൽ കീഴടങ്ങി. 25 വർഷമായി പോലീസ് തിരയുന്ന ഇയാൾക്കെതിരെ 60-ൽ അധികം കേസുകളുണ്ട്. ഇതോടെ സംസ്ഥാനത്തെ ഇടത് തീവ്രവാദ ഭീഷണിക്ക് അന്ത്യമായെന്ന് പ്രത്യേക ദൗത്യ സേന
പാറ്റ്ന: ബിഹാറിൽ അവസാനത്തെ സജീവ ആയുധധാരിയായ മാവോയിസ്റ്റും കീഴടങ്ങിയെന്ന് പ്രത്യേക ദൗത്യ സേന. മാർച്ച് അവസാനത്തോടെ രാജ്യത്ത് ആഭ്യന്തര ഇടത് തീവ്രവാദ ഭീഷണി പൂർണമായി അവസാനിപ്പിക്കുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം. ഈ തീയ്യതിക്ക് മുൻപേ തങ്ങൾ ലക്ഷ്യത്തിലെത്തിയെന്നാണ് ഇപ്പോൾ ബിഹാർ എസ്‌ടിഎഫ് വ്യക്തമാക്കിയിരിക്കുന്നത്. മുസ്‌തകീം എന്നറിയപ്പെട്ടിരുന്ന സുരേഷ് കോഡയാണ് ബീഹാർ പോലീസിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിനും മുൻഗർ ഡിഐജിക്കും മുന്നിൽ കീഴടങ്ങിയത്. 25 വർഷമായി പൊലീസിൻ്റെ നോട്ടപ്പുള്ളിയായിരുന്ന ഇയാൾക്കെതിരെ 60ലധികം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
മുൻഗർ, ലഖിസരായ് , ജാമുയി ജില്ലകളിലായാണ് മുസ്‌തകീം പ്രവർത്തിച്ചിരുന്നത്. ഇയാൾ കൂടെ കീഴടങ്ങിയതോടെ അവസാനത്തെ സജീവ മാവോയിസ്റ്റും ആയുധം താഴെ വെച്ചെന്ന് എസ്‌ടിഎഫ് പറയുന്നു. കഴിഞ്ഞ വർഷം ഡിസംബർ 28 ന് മൂന്ന് മാവോയിസ്റ്റ് കമാൻഡർമാർ ബിഹാറിൽ കീഴടങ്ങിയിരുന്നു. മാവോയിസ്റ്റ് സബ്-സോണൽ കമാൻഡർ ബഹാദൂർ കോഡ, സോണൽ കമാൻഡർ നാരായൺ കോഡ, ബിനോദ് കോഡ എന്ന ബിനോ കോഡ എന്നിവരാണ് കീഴടങ്ങിയത്. രണ്ട് ഇൻസാസ് റൈഫിളുകൾ, നാല് എസ്എൽആർ റൈഫിളുകൾ, 500 റൗണ്ട് വെടിയുണ്ടകൾ, 10 വാക്കി-ടോക്കികളും ഇവർ പൊലീസിന് കൈമാറിയിരുന്നു. ഇതിന് മുൻപ് ജൂലൈയിൽ വികാസ് എന്ന രോഹിത് കോഡയും കീഴടങ്ങിയിരുന്നു. ഇവരെല്ലാം മാവോയിസ്റ്റ് പ്രവർത്തനം അവസാനിപ്പിച്ചതാണ് സുരേഷ് കോഡയെയും സമ്മർദ്ദത്തിലാക്കിയത്.
കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകൽ, ബോംബേറ്, വാഹനങ്ങൾ കത്തിക്കൽ തുടങ്ങി നിരവധി കേസുകളിൽ സുരേഷ് കോഡ പ്രതിയാണ്. ഈ കേസുകളെല്ലാം കീഴടങ്ങൽ നയത്തിൻ്റെ ഭാഗമായി ഒഴിവാക്കും. കീഴടങ്ങിയപ്പോൾ രണ്ട് ഇൻസാസ് റൈഫിളുകളും ഒരു എകെ-47 തോക്കും ഒരു എകെ-56 തോക്കും 505 റൗണ്ട് വെടിയുണ്ടകളും (ഇൻസാസ്, എസ്എൽആർ, എകെ-47 വെടിയുണ്ടകൾ ഉൾപ്പെടെ), 10 മാഗസിനുകളും ഇയാൾ പൊലീസിന് കൈമാറി. സംസ്ഥാനത്തിൻ്റെ പുനരധിവാസ പദ്ധതി പ്രകാരം സുരേഷ് കോഡയ്ക്ക് ധനസഹായം ലഭിക്കും. മൂന്ന് ലക്ഷം രൂപ പുനരധിവാസ സഹായമായും പുറമെ അഞ്ച് ലക്ഷം രൂപ പ്രോത്സാഹന സഹായമായും ലഭിക്കും. 36 മാസത്തേക്ക് തൊഴിൽ പരിശീലന അലവൻസായി 3.6 ലക്ഷം രൂപയും ലഭിക്കും. കൈമാറിയ ആയുധങ്ങൾക്കും വെടിക്കോപ്പുകൾക്കും പകരമായി 71,515 രൂപ കൂടി നൽകും. ഇദ്ദേഹത്തിനും കുടുംബത്തിനും പുനരധിവാസ നയ പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള തുടർ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് എസ്ടിഎഫ് അറിയിച്ചു.


