പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു. പി മാർക്ക്, മാട്രിസ് തുടങ്ങിയ ഏജൻസികളുടെ സർവേകൾ പ്രകാരം മമത ബാനർജിയുടെ തുടർഭരണത്തിന് അവസാനമായേക്കും. പി മാർക്ക് സർവേയിൽ ബിജെപിക്ക് 150-175 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം.
കൊൽക്കത്ത : ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ അട്ടിമറിച്ച് ബിജെപി നയിക്കുന്ന എൻഡിഎ അധികാരം പിടിച്ചെടുക്കുമെന്ന് വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ പ്രവചനങ്ങൾ. തെരഞ്ഞെടുപ്പ് കാലത്തടക്കം ഏറെ രാഷ്ട്രീയ കോളിളക്കങ്ങൾക്കും കോടതി നടപടികൾക്കും വേദിയായ പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തുടർച്ചയായ ഭരണം അവസാനിപ്പിച്ച് എൻഡിഎ സഖ്യം വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് സൂചനകൾ. മാധ്യമ ചർച്ചകളിലും ദേശീയ രാഷ്ട്രീയത്തിലും വലിയ ശ്രദ്ധ നേടിയ സംസ്ഥാനത്ത് പ്രമുഖ ഏജൻസികളായ പി മാർക്ക് (P-MARQ), മാട്രിസ്, പോൾ ഡയറി എന്നിവരുടെ എക്സിറ്റ് പോളുകൾ ഭരണ മാറ്റമാണ് പ്രവചിക്കുന്നത്.
ഇതിൽ പി മാർക്ക് പുറത്തുവിട്ട പ്രവചന കണക്കുകൾ പ്രകാരം 294 അംഗ നിയമസഭയിൽ ബിജെപിക്ക് 150 മുതൽ 175 വരെ സീറ്റുകൾ ലഭിച്ചേക്കും. കേവല ഭൂരിപക്ഷത്തിന് 148 സീറ്റുകൾ വേണ്ട സംസ്ഥാനത്താണ് ബിജെപിക്ക് ഇത്രയും വലിയ വിജയം ഈ സർവേ പ്രവചിക്കുന്നത്. അതേസമയം ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് ഇത്തവണ 118 മുതൽ 138 വരെ സീറ്റുകൾ മാത്രമേ ലഭിക്കാനിടയുള്ളൂ എന്നും സർവേ സൂചിപ്പിക്കുന്നു.
മാട്രിസ് - മാട്രിസ് പ്രവചന കണക്കുകൾ പ്രകാരം ബിജെപിക്ക് 146 മുതൽ 161 വരെ സീറ്റുകളും ടിഎംസിക്ക് 125 മുതൽ 140 വരെ സീറ്റുകളും ലഭിച്ചേക്കും.6 മുതൽ 10 വരെ സീറ്റുകൾ മറ്റുപാർട്ടികൾക്കും ലഭിക്കുമെന്നാണ് പ്രവചനം. പോൾ ഡയറി 142 മുതൽ 171 വരെ സീറ്റുകൾ ബിജെപിക്ക് പ്രവചിക്കുമ്പോൾ, 99 മുതൽ 127 വരെ സീറ്റുകൾ ടിഎംസിക്ക് പ്രവചിക്കുന്നു. 1 സീറ്റാണ് മറ്റുള്ളവർക്ക് പ്രവചിക്കുന്നത്.


