രാജ്യം വിട്ട വ്യവസായി വിജയ് മല്യയോട് ഇന്ത്യയിലേക്ക് എപ്പോൾ തിരികെ വരാനാണ് ഉദ്ദേശിക്കുന്നതെന്ന് ബോംബെ ഹൈക്കോടതി. കോടതിയുടെ അധികാര പരിധിയിൽ വരാതെ ഫ്യൂജിറ്റീവ് ഇക്കണോമിക് ഓഫ്‌ഫെന്‍ഡേഴ്‌സ് ആക്ട് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കാനാവില്ലെന്നും ബെഞ്ച്. 

മുംബൈ: രാജ്യം വിട്ട വ്യവസായി വിജയ് മല്യയോട് സുപ്രധാന ചോദ്യവുമായി ബോംബെ ഹൈക്കോടതി. ഇന്ത്യയിലേക്ക് എപ്പോൾ തിരിച്ചു വരാനാണ് ഉദ്ദേശിക്കുന്നതെന്നും കോടതിയുടെ അധികാര പരിധിയില്‍ എത്താതെ ഫ്യൂജിറ്റീവ് ഇക്കണോമിക് ഓഫ്‌ഫെന്‍ഡേഴ്‌സ് ആക്ട് (FEO Act) ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. തനിക്കെതിരെ ഫ്യൂജിറ്റീവ് ഇക്കണോമിക് ഓഫ്‌ഫെന്‍ഡര്‍ എന്ന് പ്രഖ്യാപിച്ച ഉത്തരവ് ചോദ്യം ചെയ്തും 2018ലെ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തും രണ്ട് ഹര്‍ജികളാണ് വിജയ് മല്യ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖറും ജസ്റ്റിസ് ഗൗതം അങ്കാഡും ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

രാജ്യം വിട്ട് 2016 മുതല്‍ വിജയ് മല്യ യു.കെയിലാണ് കഴിയുന്നത്. കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക തട്ടിപ്പ് കേസുകളിൽ വിചാരണ നേരിടുന്ന വിജയ് മല്യ കോടതിയുടെ അധികാര പരിധിയില്‍ കീഴടങ്ങാതെ നിയമത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് ബെഞ്ച് മല്യയുടെ അഭിഭാഷകനായ അമിത് ദേശായിയോട് പറഞ്ഞു. രാജ്യത്തിന് പുറത്തിരിക്കെ നിയമത്തിന്റെ സാധുത ചോദ്യം ചെയ്യാന്‍ നാടുവിട്ടവ‌‍‍‍‌ർക്ക് അനുമതി നല്‍കരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. രാജ്യത്തിന് പുറത്തിരുന്ന് അഭിഭാഷകര്‍ വഴി ഹര്‍ജികള്‍ നല്‍കി നിയമം ദുരുപയോഗം ചെയ്യുന്നത് തടയാനാണ് എഫ്ഇഒ ആക്ട് കൊണ്ടുവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മല്യയെ ഇന്ത്യയിലേക്ക് കൈമാറാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്നും തുഷാര്‍ മേത്ത അറിയിച്ചു.

രണ്ട് ഹ‌‍‍‌ർജികളും ഒരുമിച്ച് പരിഗണിക്കാനാകില്ലെന്നും ഏത് ഹര്‍ജിയാണ് മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും ഏതാണ് പിൻവലിക്കേണ്ടതെന്നും വിജയ് മല്യ കോടതിയെ ബോധിപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. വിജയ് മല്യയുടെ 14,000 കോടി രൂപയുടെ സ്വത്തുവകകൾ പിടിച്ചെടുത്തതിലൂടെ 6,000 കോടി രൂപയുടെ സാമ്പത്തിക ബാധ്യത തീ‍‌ർന്നുവെന്ന് അഭിഭാഷകൻ വാദിച്ചു. എന്നാൽ, കോടതിയുടെ അധികാര പരിധിയില്‍ കീഴടങ്ങാതെ ക്രിമിനല്‍ ബാധ്യത എങ്ങനെ അവസാനിപ്പിക്കാനാകുമെന്ന ചോദ്യമാണ് ബെഞ്ച് ഉയര്‍ത്തിയത്. നിലവിൽ, കേസ് തുടര്‍വിചാരണയ്ക്കായി ഫെബ്രുവരി 12ലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ ഇതിന് മുൻപ് തന്നെ ഏത് കേസുമായി മുന്നോട്ട് പോകണമെന്ന് വിജയ് മല്യ കോടതിയെ അറിയിക്കണമെന്നും കോടതി നി‌‍‍‌ർദേശിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള പ്രത്യേക കോടതിയാണ് 2019 ജനുവരിയില്‍ വിജയ് മല്യയെ ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫെൻഡറായി പ്രഖ്യാപിച്ചത്. പല വായ്പകളുടെയും തിരിച്ചടവ് വീഴ്ചവരുത്തിയെന്നാരോപണത്തെ തുടര്‍ന്ന് 2016 മാര്‍ച്ചിലാണ് മല്യ ഇന്ത്യ വിട്ടത്.