പഞ്ചാബിലെ തരൺ തരണിൽ നടന്ന വിവാഹത്തിൽ കോടികൾ വർഷിച്ചെന്ന വാർത്ത വൈറലായതിനെ തുടർന്ന് വിശദീകരണവുമായി വരന്റെ കുടുംബം. പ്രചരിക്കുന്ന കണക്കുകൾ തെറ്റാണെന്നും ആഘോഷത്തിന്റെ ഭാഗമായി ഏകദേശം രണ്ട് ലക്ഷം രൂപ മാത്രമാണ് ഉപയോഗിച്ചതെന്നും കുടുംബം വ്യക്തമാക്കി.
അമൃത്സര്: പഞ്ചാബിലെ തരൺ തരണിൽ നടന്ന ഒരു വിവാഹ ചടങ്ങിനിടെ വധുവിനും അതിഥികൾക്കും മേൽ കോടിക്കണക്കിന് രൂപ വർഷിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് വരന്റെ കുടുംബം. ഫെബ്രുവരി 14ന് നടന്ന വിവാഹ ആഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വലിയ വിവാദങ്ങൾക്ക് തുടക്കമായത്. വിവാഹ വേദിയിൽ നോട്ടുകൾ വായുവിൽ പറത്തുന്നതും നിലത്താകെ കറൻസി നോട്ടുകൾ നിറയുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇത് ഏകദേശം 8.5 കോടി രൂപയുടെ പ്രകടനമാണെന്നും പണം ധൂർത്തടിച്ചുള്ള 'ഗ്രാൻഡ് ക്യാഷ് പാർട്ടി' ആണിതെന്നുമായിരുന്നു പ്രധാന ആക്ഷേപം.
എന്നാൽ, പ്രചരിക്കുന്ന കണക്കുകൾ തെറ്റാണെന്നും ആഘോഷത്തിന്റെ ഭാഗമായി ചെറിയ തുക മാത്രമാണ് ഉപയോഗിച്ചതെന്നും വരന്റെ സഹോദരനായ സിക്കന്ദർ സിംഗ് വ്യക്തമാക്കി. ഓസ്ട്രേലിയയിൽ ട്രക്ക് ബിസിനസ് നടത്തുന്ന സഹോദരന്റെ വിവാഹത്തിന് ഏകദേശം രണ്ട് ലക്ഷം രൂപ മാത്രമാണ് ഇത്തരത്തിൽ വർഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ വഴി വസ്തുതകൾ വളച്ചൊടിച്ച് കോടിക്കണക്കിന് രൂപയുടെ കണക്കുകൾ പുറത്തുവിടുന്നത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാഹ ചടങ്ങ് നിയന്ത്രിച്ചിരുന്ന ഇവന്റ് മാനേജരും ഡിജെ സംഘവും കുടുംബത്തിന്റെ വാദത്തെ ശരിവെച്ചു. ഡോളർ നോട്ടുകൾ ഉൾപ്പെടെ ഏകദേശം നാല് ലക്ഷത്തോളം രൂപ മാത്രമാണ് അവിടെ വിതറിയതെന്നും എട്ട് കോടിയെന്ന കണക്ക് എവിടെ നിന്ന് വന്നുവെന്ന് അറിയില്ലെന്നും അവർ പ്രതികരിച്ചു. വിശദീകരണങ്ങൾ പുറത്തുവന്നിട്ടും വീഡിയോയ്ക്ക് താഴെ രൂക്ഷ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പഞ്ചാബി വിവാഹങ്ങളിലെ പരമ്പരാഗത രീതിയായി ഇതിനെ ചിലർ കാണുമ്പോൾ, ആഡംബരത്തിന്റെ അതിപ്രസരമാണിതെന്ന് വിമർശിക്കുന്നവരും കുറവല്ല.


